❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

പ്രതീക്ഷ ഒട്ടും തെറ്റിയില്ല,…ബേക്കറിയിൽ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യിൽ നിന്ന് ഉമ്മ വാങ്ങാൻ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക് പെണ്ണ് ചാടി കേറി കെട്ടിപിടിച്ചു,… അവിടം കൊണ്ടു നിർത്തിയില്ല കവിളിൽ അമർത്തി ഒരുമ്മ കൂടി തന്നിട്ടാണ് പെണ്ണ് അടങ്ങിയത്,.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്, വായപൊത്തി ചിരിക്കുന്നും ഉണ്ട്…
അമ്മൂസിന് പിന്നെ ഒരു നാണവും ഇല്ല, നേരെ എന്നെ പിടിച്ചിരുത്തി, കഥ തുടങ്ങി. എന്റെ അമ്മൂസിനില്ലാത്ത നാണം എനിക്കും ഇല്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളെയും കേട്ടു ഞാനും ഇരുന്നു.

“കൈ നീട്ടിയെ ഏട്ടാ….”

മുഖം വിടർത്തി പെണ്ണ്,… എന്നോട് പറഞ്ഞു.

“എന്തിനാ…അമ്മു….”

“കൈ നീട്ട്…ന്നിട്ട് പറയാം…”

ഞാൻ കൈ നീട്ടിയതും അമ്മു ഒരു കെട്ട് നോട്ട് എടുത്ത് എന്റെ കയ്യിലേക്ക് വച്ചു.

“എന്റെ ഫസ്റ്റ് സാലറി ആഹ്….. ഇന്ന് ഇതെന്റെ കയ്യിൽ കിട്ടിയപ്പോ മുതൽ ഞാൻ കൊതിക്കുവാ…ഏട്ടന്റെ കയ്യിൽ വെച്ചു തരാൻ….”

അവളുടെ കണ്ണിൽ വല്ലാത്ത തിളക്കം…

“ആദ്യം എന്തേലും ഏട്ടന് വാങ്ങിതന്നാലോ ന്നാ ആലോചിച്ചേ… പക്ഷെ എന്തു വാങ്ങണോന്ന് ഒത്തിരി ആലോചിച്ചിട്ടും കിട്ടിയില്ല…. പിന്നെ ഏട്ടന്റെ കയ്യിൽ തരാം എന്ന് വെച്ചു… ഇതു മുഴുവൻ എടുത്തോ…എന്നിട്ട് ഏട്ടന് ഇഷ്ടമുള്ളത് വാങ്ങിച്ചോ….”

അമ്മുവിന്റെ സ്വരത്തിൽ സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ നിറഞ്ഞു എന്തു പറയണം എന്ന് പോലും അറിയാത്ത അവസ്‌ഥ ആണ്…

“നാളെ അമ്മൂസ് നേരത്തെ വരുവോ…”

അവളുടെ എക്സയ്റ്മെന്റ് കണ്ടുകൊണ്ടു ഞാൻ ചോദിച്ചു.

“നാളെ സെക്കന്റ് സാറ്റർഡേ അല്ലെ…എനിക്ക് ലീവാ…. നമുക്ക് കറങ്ങാൻ പോവാ…”

മുൻപിൽ ഞാൻ കുടിച്ചുകൊണ്ടിരുന്ന ലൈം സ്ട്രോയിലൂടെ ഊറ്റി കുടിച്ചു അവൾ പറഞ്ഞു.

“ഒത്തിരി ആയല്ലേ പോയിട്ട് നാളെ പോവാ അമ്മു…”

കണ്ണുകൾ വീണ്ടും വിടർന്നു…

“പിടയുന്നൊരെന്റെ ജീവനിൽ…

കിനാവ് തന്ന കണ്മണി…

നീയില്ലായെങ്കിലെന്നിലെ പ്രകാശമില്ലിനി…

മിഴിനീര്‌ പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി

നീയെന്നൊരാ പ്രതീക്ഷയിൽ

എരിഞ്ഞ പൊൻതിരി…”

സ്പീക്കറിലൂടെ സൂരജ് സന്തോഷും മധുവന്തി നാരായൺ ഉം പാടിക്കൊണ്ടിരുന്നു…

മുറ്റത്തെ ചെടികളിൽ മിന്നാമിന്നി പറന്നിറങ്ങുന്നതും ഇരുട്ടിൽ വാനിലെ അമ്പിളിയെയും ഒക്കെ നോക്കി കോലായിൽ ഇരിപ്പാണ് ഞാൻ, അമ്മൂസ് അവളുടെ സ്ഥിരം കസേരയായ എന്റെ മടിയിലും…

“അമ്മൂസെ…”

“ഉം…”

“അമ്മൂസെ…!!!”

“എന്താടാ ഏട്ടാ…”

“നമുക്ക് കല്യാണ ഡ്രെസ്സ് ഒക്കെ ഇട്ടിട്ട് ഒന്നൂടെ ഫോട്ടോ എടുക്കണം അമ്പലത്തിൽ വെച്ചിട്ട്…”

“അതെന്തിനാ…”

കണ്ണു മിഴിച്ചു പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് പൊങ്ങി.

“നീ അതിൽ കുഴപ്പൊന്നുമില്ല, കരഞ്ഞിട്ടിത്തിരി കണ്മഷി പടർന്ന് കലിപ്പിച്ചിട്ടുള്ള നോട്ടം ഉണ്ടെന്നേ ഉള്ളൂ… …എന്റെ കാര്യം അങ്ങനെയൊന്നുമല്ല…. ഇടി കൊണ്ടു കരിഞ്ഞ കണ്ണും നീലച്ചു കിടക്കുന്ന മോന്തേം… ഒരുമാതിരി കള്ളവെടിക്കിടയിൽ ഓടിച്ചിട്ടു പിടിച്ചു കെട്ടിച്ച പോലെ..…”
(എന്റെ കല്യാണ ഫോട്ടോയിലെ ലുക്ക് കാണാൻ cid മൂസയിലെ വില്ലനെ പിടിച്ചു കൊണ്ട് വന്നു കമ്മീഷണറിന്റെ കൂടെ നിർത്തി ഫോട്ടോ എടുക്കുന്ന സീൻ ആലോചിച്ചാൽ മതി… ആഹ് തീവ്രവാദിയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ…)

“അയിനെന്താ… നല്ല രസല്ലേ…വേറെ ആർക്കുണ്ട് ഇതുപോലത്തെ കല്യാണ ഫോട്ടോ…”

കുരുപ്പ് ഇരുന്ന് ചിരിക്കുവാണ്…

“ദേ ഞാൻ താഴെക്ക് തള്ളി ഇടൂട്ടോ അമ്മു…എന്റെ മടിയിൽ ഇരിക്കേം വേണം…”

“അച്ചോടാ…എന്റെ പൊന്നൂസിന് വിഷമായോ…പോട്ടേട്ടൊ…”

എന്നെ ഒന്ന് കൊഞ്ചിച്ചു അമ്മൂസ് ഒരുമ്മയും തന്നു.

“നമുക്ക് വേറെ ഫോട്ടോ എടുക്കാം അമ്മൂസെ….പ്ലീസ്…. അതെവിടേലും ഒന്ന് ഫ്രെയിം ചെയ്ത് വെക്കാൻ പറ്റുവോ….പോട്ടെ നമ്മുക്ക് ഉണ്ടാവുന്ന പിള്ളേരെ കാണിക്കാൻ പറ്റുവോ…”

ഞാൻ പറഞ്ഞു തീർത്തതും പെണ്ണ് ചൂഴ്ന്നു എന്നെയൊന്നു നോക്കി…

“അയിന് നമുക്കിപ്പോ പിള്ളേരില്ലല്ലോ…”

എന്റെ താടിയിൽ പിടിച്ചു അമ്മു പറഞ്ഞു..

“ഉണ്ടാവൂല്ലോ… അപ്പോഴത്തെ കാര്യാ പറഞ്ഞത്…”

“ആം…എങ്കി ഓകെ….നമുക്കിപ്പോ പിള്ളേരൊന്നും വേണ്ട….നമ്മൾ രണ്ടുപേരൂടെ കുറെ അടിച്ചുപൊളിച്ചിട്ട് മതി ഒരു വാവ…”

“അതൊക്കെ ഓകെ…ഇപ്പൊ ഇതു പറ ഫോട്ടോ എടുക്കാം…”

“എടുക്കാട ഏട്ടാ….”

***********************************

പിറ്റേന്ന് ഫുൾ കറക്കം ആയിരുന്നു… ബീച്ചിലും പാർക്കിലും, അമ്മൂസിനെയും കൊണ്ടു ചുറ്റി, ബൈക്കു ഇല്ലാത്തതുകൊണ്ട് ഫുൾ ബസിൽ ആയിരുന്നു,… പക്ഷെ അതും ഒരു രസമാണ്… അപ്പുറോം ഇപ്പുറോം ഇരിക്കുന്ന സിംഗിൾ തെണ്ടികളെ കൊതിപ്പിച്ചു അവളോടൊപ്പം കൊഞ്ചി ഇരിക്കുമ്പോൾ അവന്മാരുടെ മുഖം ഒക്കെ ഒന്നു കാണണം,.. അമ്മു വരുന്നതിന് മുന്നേ ആഹ് ഇരുന്നത് മുഴുവൻ ഞാൻ ആയിരുന്നു എന്ന് മാത്രം…

ഉച്ചക്ക് ഫുഡ് കഴിച്ചപ്പോഴും എന്തേലും വാങ്ങിച്ചപ്പോഴും എല്ലാം എന്റെ പൈസയാണ് കൊടുത്തത് അമ്മുവിന് അതിൽ ഒരു പിണക്കം ഉണ്ടായിരുന്നെങ്കിലും ഞാൻ മാറ്റിയെടുത്തു,.. പിന്നെ നേരെ ചെന്നിറങ്ങിയത് ഒരു വലിയ ടെക്‌സ്റ്റൈൽസ് നു മുന്പിലാണ്,…

അകത്തു കയറി നേരെ മെൻസ് സെക്ഷനിൽ ചെന്നു ഒരു കസവു മുണ്ടും നല്ല ഒരു ഷർട്ടും എടുത്തു മുന്നിലിട്ടു,…

“ഇതു വേണ്ട ഏട്ടാ….ഇത് ഇട്ടാൽ പ്രായം തോന്നിക്കും…”

അമ്മു ചുണ്ടു മലർത്തി പറഞ്ഞു.

“അമ്മൂസെ അച്ഛന്റെ സൈസ് എത്രയാ…”

ഞാൻ ചോദിച്ചതും പെണ്ണിന്റെ മുഖം മാറി…
“എന്റെ അച്ഛന്റെയോ…?”

അവളുടെ മുഖത്തു സംശയം നിറഞ്ഞു…

“പിന്നെ എന്റേയോ…”

ഞാൻ ചിരിയോടെ പറഞ്ഞതു കേട്ട അമ്മൂസ് ആകെ പരുങ്ങളിലായി…

“ഹാ…പറ അമ്മു…”

ഞാൻ തട്ടി വിളിച്ചപ്പോൾ പെണ്ണ് പെട്ടെന്ന് പറ്റിയ ഒരു ഷർട്ട്‌ എടുത്തു.

പെണ്ണിനേം വലിച്ചോണ്ടു ആഹ് കട മുഴുവൻ കറങ്ങി, അവളുടെ അമ്മയ്ക്ക് സാരിയും മുത്തശ്ശിക്ക് മുണ്ടും നേര്യതും അനിയത്തിക്ക് ധാവണിയും എടുത്തു…

“ഏട്ടനൊന്നും എടുക്കുന്നില്ലേ…”

ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്റെ കൈ ചുറ്റി അമ്മു ചോദിച്ചു.

“എനിക്ക് നീ ഇല്ലെടി പെണ്ണെ…”

ചിരിയോടെ ചുണ്ടു കൂർപ്പിച്ചു അമ്മു എന്നെ നോക്കി…

ഒരു ഊബെർ വിളിച്ചു കാറിൽ കയറി… റൂട്ട് മാറി പോകുന്നതും, എങ്ങോട്ടാണെന്നു മനസിലായതും അമ്മൂന്റെ മുഖം മാറി. ഒന്നും മിണ്ടാതെ എന്റെ കൈ ചുറ്റി പിടിച്ചു ഇരുന്നതെ ഉള്ളൂ,.. എങ്കിലും കവറിലെ അവളുടെ മുറുകുന്ന പിടുത്തത്തിൽ നിന്നും അവൾ അനുഭവിക്കുന്ന പേടിയും പിരിമുറുക്കവും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു… അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി,… പകൽ വെളിച്ചത്തിൽ ആദ്യമായിട്ടാ ഞാൻ അമ്മൂന്റെ വീട് കാണുന്നെ,.. അവസാനം കണ്ട അന്ന് മഹാസംഭവം ആയിരുന്നല്ലോ… ഇരു നിലയിൽ വെള്ള പെയിന്റ് ഒക്കെ അടിച്ചു അത്യവശ്യം നല്ലൊരു വീടാണ്…

Leave a Reply

Your email address will not be published. Required fields are marked *