ടിക്കറ്റ് എടുത്തു ബാഗ്ലൂരേക്ക് .വാട്സാപ്പിൽ ആഫ്രിൻ ഇടയ്ക്കിടെ മെസ്സേജ് അയച്ചു. പുതിയ പ്ലാനും ഇൻവെസ്റ്റ്മെന്‍റ് എല്ലാം പറഞ്ഞു. കുറേ കഴിഞ്ഞപ്പോ ഒരു തോന്നൽ. എന്റെ കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കണ മെന്ന്. പറഞ്ഞു.വീട്ടിൽ നിന്നും വിട്ടു നിൽക്കാണെന്ന് ചുരുക്കി അറിയിച്ചു.അവന് ഓൺലൈനിൽ ഇല്ല. ബസ്സിന്റെ മൂലയിൽ ഇരുന്ന് ഉറങ്ങി.
വണ്ടിയുടെ ബെഹളത്തിനിടയിൽ നിന്ന് എങ്ങനെക്കൊയോ തലപൊക്കി. ബസ്സ് നിരങ്ങി കൊണ്ട് നീങ്ങുകയാണ്.ഹോണടിച്ചു ചെവിപൊളിക്കുന്ന ബാക്കി വണ്ടികൾ ചുറ്റും.ബ്ലോക്കാണ്. തല പൊളിയുന്ന പോലെ തോന്നി ചെന്നിയിൽ അമർത്തി തിരുമ്മി.
ഫോൺ എടുത്തു.ആഫ്രിന്റെ കാൾ ഒന്നും കണ്ടില്ല.വാട്സാപ്പിലെ അവസാനം അയച്ച മെസ്സേജ് നോക്കി.റീഡ് ചെയ്തിട്ടുണ്ട്. റിപ്ലൈയില്ല.എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞതാണ്.
മനസ്സിൽ ചെറിയ പേടിയുമുണ്ട്. ഒറ്റക്ക് ഒന്നും വരാത്തതാണ്. ആരേയും അറിയാതെ ഈ വല്ല്യ നഗരത്തിലെന്ത് ചെയ്യാനാണ്.ബസ്സ് നിർത്തി ആളുകൾ ഇറങ്ങി.. കൂടെ ഞാനും. കയ്യിൽ ആകെയുള്ളത് ഒരു ബാഗാണ്. അതിൽ രണ്ടു ഷർട്ട് ഒരു ജീൻസും, രണ്ടു ഷണ്ടിയും മാത്രം.. പേഴ്സിൽ കാർഡ് ഉണ്ട് , ഒരു രണ്ടായിരവും.
ബസ്സിറങ്ങി.സൈഡിൽ കണ്ട കടയുടെ ചുമരിൽ ചാരി. ഫോൺ എടുത്തു ആഫ്രിനെ വിളിച്ചു. സ്വിച്ച് ഓഫ് ആണ്.. നെഞ്ചിൽ തിരയിളക്കം കൂടി. വിളി നീണ്ടു..അഞ്ച്,പത്തു,പതിനഞ്ചു. നിരത്തിലെ വണ്ടികൾ കൂടിയതല്ലാതെ ആഫ്രിൻ ഫോണെടുത്തില്ല.വണ്ടിയുടെ എണ്ണത്തിന് അനുസരിച്ചു സമയവും നീണ്ടു.രണ്ടു മണിക്കൂർ. വീണ്ടും തകർന്നു… കരച്ചിൽ പിടിച്ചു നിർത്തി. കൂർപ്പിച്ചു നോക്കി ചുറ്റും പോവുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിട്ടു
ഫോൺ മൂളി.ഒരു നോട്ടിഫിക്കേഷൻ.. “സോറി ” എന്ന് പറഞ്ഞു ആഫ്രിന്റെ മെസ്സേജ് വാട്സാപ്പിൽ. നായിന്റെ മോന്‍. എന്റെ അവസ്ഥ പറഞ്ഞപ്പോ കാലു മാറി. ഒന്നുമില്ലാത്തവനാണല്ലോ ഞാൻ.എടുക്കാൻ അഞ്ചു പൈസ കാണില്ല എന്ന് മനസ്സിലായി കാണും. അവനെയും കുറ്റം പറയാൻ പറ്റില്ല .
നിന്ന ചുമരിനോട് തന്നെ ചേർന്ന് നിലത്തു തന്നെയിരുന്നു. എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്. വിഷമം വരുമ്പോ ആ മുഖം ആണ് മുന്നിൽ.. ചെറിയമ്മയുടെ.എന്നെ ആശ്വസിപ്പിക്കുന്ന, കെട്ടിപ്പിടിക്കുന്ന ആ പെണ്ണിനെ ” സാരല്ലടാ കൊരങ്ങാ ” എന്നാ വാക്കിനു മധുരമായിരുന്നു .മാറി പോയി എല്ലാരും.. ഞാനും മാറേണ്ട സമയം ആയി കാണും.
ഫോൺ കോണ്ടാക്ടിസൂലെ ഒന്ന് വിരലോടിച്ചു.അറിയുന്ന ആരേലും ണ്ടോന്ന്. അവസാനം ഒരു പേര് അജിൻ. കുറച്ചു നാൾ മുന്നേ ഒരു സ്റ്റാറ്റസ് കണ്ടിരുന്നു. ബാംഗ്ലൂർ മറ്റൊ ഉണ്ടെന്ന്. കോളേജിൽ ഉള്ളത് മുതലേ ഒരേ ക്ലാസ്സിൽ.. ചെറിയ ഒരു ഉടക്ക് ണ്ടായിരുന്നു അവനുമായി.. എന്നാലും ഈ സമയം.. എന്ത് ചെയ്യും എന്നറിയാതെ,പ്രതീക്ഷയില്ലാതെ.. ഒട്ടും ഇല്ലാ എന്നാലും ഒന്ന് വിളിച്ചു നോക്കി.
“ഹലോ…” പതിയ വന്ന ശബ്‌ദം. ബാക്ഗ്രൗണ്ടിൽ ഡ്രംസിന്റെയും,. ഗിറ്റാറിന്റെയും മുഴക്കം..
“ഡാ അജിനെ ഞാനാ..അഭി “.. ഞാൻ പതിയെ പറഞ്ഞു നോക്കി..ഒരു നിമിഷം അനക്കമില്ല.പിന്നെ അത് കട്ട് ആയി.. നാശം.!! അവനും കൈ വിട്ടു.
വിശക്കുന്നുണ്ട്, കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നൽ.അടുത്തുള്ള ഓടയിൽ നിന്ന് കാറ്റിന്റെ താളത്തിൽ അടിച്ചു വരുന്ന ദുർഗന്ധം.ഓക്കാനം വന്നു ഒഴിഞ്ഞ മൂലയിലേക്ക് ഓടി.മൂക്കിലൂടെയും വായിലൂടെയും നേർത്ത വെള്ളം മാത്രം പോയി. ഒരു തരം തളർച്ചപോലെ… സൈഡിലെ ചുമരിൽ ചാരി അവിടെ തന്നെ ഇരുന്നു.ദാഹിക്കുന്നുണ്ട്…മൂക്ക് ചീറ്റി,ചുണ്ട് തുടച്ചു…പെട്ടന്ന് ബാഗ് ഓർമ വന്നു നേരത്തെ ഇരുന്ന സൈഡിൽ ഓക്കാനം വന്നപ്പോ വെച്ചു പോയയതാണ്.. പേഴ്സ് അതിൽ.
എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി.. എന്നാലും ഓടി സൈഡിൽ ബാഗുണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ടു.. സിപ് തുറന്ന് പേഴ്‌സ് തിരഞ്ഞു.. കണ്ണിൽ ഇരുട്ട് കേറി.. ഇല്ലാ..ചുറ്റും നോക്കി ആരെയാണ് തിരയാ ആരെ നോക്കാൻ.. ഉള്ളതും പോയി.
ഇനി ഒന്നും കയ്യിലില്ല.കരച്ചിൽ വന്നു. ദേഷ്യം വന്നു നിന്ന് അലറി. ചുമരിൽ ചാരി നിലത്തിരുന്നു.ചുറ്റും ആളുകൾ നിന്നു തിരിഞ്ഞു നോക്കി .കുറച്ചു നേരം. പ്രാന്തൻ ആണെന്ന് തോന്നി കാണും.. പിന്നെ അവരുടെ വഴിക്ക് അവര് പോയി.. ഞാൻ കൺ പൊത്തി നിന്നു.ഇത്രക്ക് നിസ്സഹായന്‍ ആയ സമയമില്ല. സ്വയം പഴിച്ചു.
