എനിക്കുറപ്പായിരുന്നു ഞാൻ വലിച്ചുതലയിൽ വച്ച ഏറ്റവും അഴകൊത്ത പ്രശ്‌നം അവളായിരുന്നു.
ഞാൻ ഊണ് അവൾക്കു കൊടുത്തു തിരിച്ചുനടന്നു. അവളതു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു, ഉള്ളിത്തിയ്യൽ ലീക്ക് ആവോ ദൈവമേ.
അവളുടെ ഈ നിഷ്ക്കളങ്ക ചിരിയിൽ ആരും വീണു പോകും.
: ഇന്ന് ഇന്റർവ്യൂ ഉണ്ടോ? (അവൾ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു.)
: ആ, 6 മണിക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും. (ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു)
: ഞാൻ എന്തായാലും കാണും.
***********************
അന്ന് ഒരു കൊച്ചുകുട്ടിയുടെ ഇന്റർവ്യൂ ആയിരുന്നു. ഈയിടക്ക് വന്നിട്ടുള്ള ഒരു ചൈൽഡ് ആർട്ടിസ്റ്, അവന്റെ ആദ്യത്തെ ഇന്റർവ്യൂ ആണ്. അവനു ഇത്തരം കാര്യങ്ങൾ ഒരു പേടിയുണ്ടെന്നു എനിക്ക് അവന്റെ ആസ്വസ്ഥമായ, മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു, ഞാൻ ഒരിക്കലും സാധാരണ ഇന്റർവ്യൂ പോലെ ചെയ്യാറില്ല, അവരുടെ സ്നേഹിതൻ പോലെയാണ് പെരുമാറാറ്. ചെറിയ കുട്ടിയുടെ സ്നേഹിതൻ പോലെ ഞാനും ചെറുതാവേണ്ടി വന്നു, ആ ഇന്റർവ്യൂ മുഴുവനാക്കാൻ. അതവന് ഇഷ്ടമായി, അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ഞാൻ അവനു കൂട്ടുകാരനായി കൂടെയിരുന്നു, അവന്റെ അച്ഛനും അമ്മയും, അതിനു ശേഷം വന്നു ഒരുപാടു ഇഷ്ടമായി ഇന്റർവ്യൂ എന്ന് പറയുക വരെ ഉണ്ടായി. ഞാൻ കുറച്ചുനാൾ ലീവെടുത്തതിനാൽ എനിക്കൊരു പണിതരാം എന്ന് വിചാരിച്ചു വച്ചതായിരുന്നു ആ പയ്യനെ, പക്ഷെ അത് സാധാരണയിലും നന്നായി വന്നതിൽ പ്രൊഡ്യൂസർ വരെ പകച്ചുപോയി. എഡിറ്റിംഗിന് ഫുട്ടേജ് വിട്ടു, ഞാൻ വൈകീട്ടത്തെ വെള്ളമടിയിൽ നിന്നുംവരെ പിൻവാങ്ങി വീട്ടിലേക്കോടി. എന്റെ സന്തോഷങ്ങൾ ഈ കുറച്ചു ദിവസങ്ങളിൽ ആകെ മാറിമറഞ്ഞിരിക്കുന്നു.
വറുത്ത അരിപ്പൊടിയിൽ തേങ്ങചേർത്ത്, ജീരകവും, ചതച്ച ചുവന്നുള്ളിയുമിട്ട്, നാളികേരവെള്ളമൊഴിച്ചു ഞെരടികുഴച്ചു. ഓട്ടകുത്തിയ കണ്ണൻചിരട്ടയിൽ, നാളികേരം മുകളിലിട്ടു, പുട്ടുനിറച്ച്, കുക്കറിൽ നിന്നും ആവികയറ്റി വേകിച്ചെടുത്തു.
നല്ല കുത്തുപൊടി മുളകും, മസാലയും ഇട്ടു ഉള്ളിമൂപ്പിച്ചു കടലക്കറിയും വച്ചു, മണം കേട്ട് എനിക്ക് തന്നെ കൊതിയാവുന്നു.
വട്ടിയ വാഴയിലയിൽ ഇതൊക്കെ ശ്രദ്ധിച്ചു പൊതിഞ്ഞെടുത്തു, ഞാൻ പടിക്കെട്ടുകൾ ഇടവിട്ട ചിലതിൽ മാത്രം ചവിട്ടി ചാടിയിറങ്ങി. എന്റെ തിടുക്കം കണ്ടു മിനിമോൾ, അവളുടെ ഫ്രണ്ട്ഗ്രിൽ പല്ലുകൾ കാട്ടി ചിരിച്ചു.
എങ്ങനെ എത്തിയെന്നും, എപ്പോൾ എത്തിയെന്നും ചോദിച്ചാൽ എനിക്കറിയില്ല, ഞാൻ ആ ആജാനുബാഹു മതിലിനു മുന്നിൽ എത്തിനിന്നു. കയറിക്കഴിഞ്ഞിട്ടാണ് പുട്ടിന്റെ കാര്യം ഓർമ്മ വന്നത്, ഇറങ്ങിപോയി അതെടുത്തു, വീണ്ടും വലിഞ്ഞു കയറി, ആരോടും പരാതിയില്ല യാതൊരുവിധ തളർച്ചയും ഇല്ല.
മതിലിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കിയത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. ഈ മരം കോച്ചുന്ന തണുപ്പത്ത്, ഈക്കണ്ട വഴിയുംതാണ്ടി, ഇതിലൊക്കെ അള്ളിപ്പിടിച്ചുകയറി ഞാൻ വരുമെന്ന്, സ്വപ്നജീവികല്ലാത്ത ആരെങ്കിലും വിശ്വസിക്കുമോ?!! അത്ഭുതമെന്തെന്നാൽ ഞാൻ ഇതൊക്കെ കടന്നിവിടെ വന്നു, അവൾ ഈ നിലാവിൽ എന്നെ കാത്തിരിക്കുകയും ചെയ്തു. ഞങ്ങളുടെ ലോകം ഏതോ പഴംപാട്ടിൽ ഇണചേർത്തെഴുതിയ വരികളായിരുന്നോ?!!
ഞാൻ വന്നപ്പോൾ തൊട്ട്കാണിച്ചു കൂട്ടുന്നതെല്ലാം കണ്ടു ഒരു ചെറിയചിരിയാ മുഖത്തുണ്ട്. ഞാൻ ബദ്ധപ്പെട്ടു കയറുന്നതു അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഒരു മരകഷണത്താൽ മാത്രം വേർതിരിക്കപ്പെട്ട, ജാലകത്തിന്റെ ഒരുഭാഗത്തു അവളും മറ്റതിൽ ഞാനും, കാലുകൾ പുറത്തേക്കിട്ടു ആരോ കടിച്ചുബാക്കി വച്ചിരിക്കുന്ന ചന്ദ്രക്കലയും നോക്കിയിരുന്നു. താളത്തിൽ ഇളകിയാടുന്ന അവളുടെ കാലുകൾ നിലാവിൽ ചിത്രംവരച്ചു.
അവളി ലോകത്തൊന്നും അല്ലായിരുന്നു, ചൂട് പുട്ടിൽ, എരിവുള്ള കടലക്കറിയും കൂട്ടി ഇടയ്ക്കു തുരുതുരെ ഏരു വിളിച്ചു അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു. പാവം വായിക്കു രുചിയായി ഭക്ഷണം കഴിച്ചിട്ട് എത്രനാളായി, എവിടെ ചെന്ന്, എന്തൊക്കെ കഴിച്ചാലും, മലയാളിക്ക് മനസ്സ് നിറയാ, മ്മ്ടെ നടൻഭക്ഷണം കഴിക്കുമ്പോൾ തന്നെയാണ്. ഞങ്ങളുടെ കൈകൾ തമ്മിൽ ഒരു വിരൽ ദൂരം മാത്രമേ അകലം ഉണ്ടായിരുന്നുള്ളു, അതൊന്നെത്തിപിടിക്കാൻ, അതെന്തൊരു ദൂരം ആണ്, അതിലും എളുപ്പത്തിൽ നമുക്ക് സഹാറമരുഭൂമി തലങ്ങനെ മുറിച്ചുകടക്കാം.
: കുമുദം പറഞ്ഞു, മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്നു. (ഞാൻ നിശബ്ദതയെ കീറി മുറിച്ചു)
