അകത്തെ മുറിയിൽ അനുവും ലക്ഷ്മിയും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അനുവിന്റെ ശ്വാസം മുറുകുന്നത് ലക്ഷ്മി അറിഞ്ഞു.
അതൊരു താക്കീതെന്നോണം ആ മുറിയിലെ നിശബ്ദതയെ കീറിമുറിച്ചു. അനു മെല്ലെ എഴുന്നേറ്റിരുന്നു, അവളുടെ ഉള്ളിലെ ദാഹം സിരകളെ വലിഞ്ഞു മുറുക്കുകയാണ്.
ലക്ഷ്മി ഒന്നും പറഞ്ഞില്ല. അവൾക്ക് ഈ നിമിഷങ്ങൾ പരിചിതമാണ്. അവൾ എഴുന്നേറ്റിരുന്ന് തന്റെ കഴുത്തിലെ മുടി വശത്തേക്ക് മാറ്റി അനുവിനായി ചായ്ഞ്ഞു കൊടുത്തു. അനുവിന്റെ കണ്ണുകളിൽ ഒരുതരം നിസ്സഹായാവസ്ഥ നിഴലിച്ചെങ്കിലും അവളുടെ ശരീരം മറ്റൊരു ഭാഷയാണ് സംസാരിച്ചത്.
അനു ലക്ഷ്മിയുടെ കഴുത്തിന് അടുത്തേക്ക് മുഖം താഴ്ത്തി. ആ നിമിഷം, അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും കൂർത്ത രണ്ട് ദംഷ്ട്രകൾ സാവധാനം പുറത്തേക്ക് നീണ്ടു വന്നു. നിലാവെളിച്ചത്തിൽ അവ ഒരു വെള്ളിനൂൽ പോലെ തിളങ്ങി. അനു വിറയ്ക്കുന്ന കൈകൾ കൊണ്ട് ലക്ഷ്മിയുടെ തോളിൽ പിടുത്തമിട്ടു.
തൊട്ടടുത്ത നിമിഷം, ആ കൂർത്ത പല്ലുകൾ ലക്ഷ്മിയുടെ കഴുത്തിലെ മൃദുവായ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി.
“മ്മ്…”
ലക്ഷ്മി തന്റെ പല്ലുകൾ അമർത്തിപ്പിടിച്ചു. ചെറിയൊരു വേദനയുണ്ടെങ്കിലും അവൾ അനുവിനെ തള്ളിമാറ്റിയില്ല. പകരം, അവൾ തന്റെ പ്രിയപ്പെട്ട മകളുടെ തലയിൽ വാത്സല്യത്തിൽ തലോടിക്കൊണ്ടിരുന്നു.
അനുവിന്റെ ദംഷ്ട്രകൾ ആഴത്തിൽ ഇറങ്ങിയതോടെ ലക്ഷ്മിയുടെ ശരീരത്തിലെ ചൂടുള്ള രക്തം അവളുടെ നാവിലേക്ക് പടർന്നു.
ഓരോ തവണയും ചോര തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ആ ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു.
അനു അത് ആസ്വദിച്ചല്ല, മറിച്ച് തന്റെ നിലനിൽപ്പിന്റെ ഭാഗമെന്നോണം ഗൗരവത്തോടെയാണ് ചെയ്തത്. ചോര ഉള്ളിലേക്ക് ചെല്ലുന്തോറും അവളുടെ സിരകളിലെ ആ പഴയ നീറ്റൽ മാറി ഒരു കുളിർമ്മ പടരാൻ തുടങ്ങി. ലക്ഷ്മിയുടെ വിരലുകൾ അനുവിന്റെ മുടിയിഴകളിൽ കോർത്തു പിടിച്ചിരുന്നു. ആ വേദനയേക്കാൾ വലുതാണ് തനിക്ക് അവളോടുള്ള സ്നേഹമെന്ന് ലക്ഷ്മിയുടെ ആ തലോടൽ പറയുന്നുണ്ടായിരുന്നു.
മതിയായെന്ന് തോന്നിയപ്പോൾ അനു മെല്ലെ തന്റെ ദംഷ്ട്രകൾ പിൻവലിച്ചു. അവ അവളുടെ ചുണ്ടുകൾക്കുള്ളിലേക്ക് തന്നെ മറഞ്ഞു. ലക്ഷ്മിയുടെ കഴുത്തിലെ മുറിപ്പാടിൽ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന രക്തത്തുള്ളികൾ അനു നാവുകൊണ്ട് ഒപ്പിയെടുത്തു.
ദാഹം ശമിച്ചതോടെ അനുവിന്റെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നു. അവൾ കുറ്റബോധത്തോടെ ലക്ഷ്മിയെ നോക്കി. പക്ഷേ ലക്ഷ്മി അവളെ ചേർത്തുപിടിച്ച് തന്റെ മാറിലേക്ക് ചായ്ച്ചു. അനു ലക്ഷ്മിയുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു.
“സാരമില്ലെടാ…” ലക്ഷ്മി അവളുടെ കാതിൽ മന്ത്രിച്ചു.
ആ വലിയ തറവാടിന്റെ ഇരുളിൽ, ചോരയുടെ ഗന്ധവും സ്നേഹത്തിന്റെ ചൂടും പങ്കുവെച്ച് അവർ രണ്ടുപേരും പരസ്പരം പുണർന്നു കിടക്കുകയാണ്…. പുറത്ത് ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞതോടെ ആ മുറി പൂർണ്ണമായും ഇരുട്ടിലായി.
ഇരുട്ടിൽ തന്റെ അമ്മയായ ലക്ഷ്മിയുടെ മാറിലേക്ക് മുഖം ചേർത്തു കിടക്കുമ്പോഴും അനുവിന്റെ ഉള്ളിൽ പല ചോദ്യങ്ങളും തിളച്ചു മറിയുന്നുണ്ടായിരുന്നു.
അമ്മയുടെ നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം ആ വിരലുകൾ അനുവിന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു.
“അമ്മേ…”
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അനു മെല്ലെ വിളിച്ചു.
“മ്മ്മ്…”
ലക്ഷ്മി മൂളി. ഒരു കുഞ്ഞിനെയെന്നപോലെ അവൾ മകളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു.
“എന്തിനാ അമ്മേ അവനെ എന്റെ തലയിൽ കെട്ടിവെക്കുന്നത്?”
അനുവിന്റെ സ്വരത്തിൽ നേരിയ പരിഭവമുണ്ടായിരുന്നു.
“എനിക്കവനെ നേരത്തെ അറിയാമെന്ന് എന്തിനാ അമ്മ അവരോട് കള്ളം പറഞ്ഞത്?”
തന്റെ മകളുടെ സംശയങ്ങൾക്ക് ലക്ഷ്മി പെട്ടെന്ന് മറുപടി പറഞ്ഞില്ല. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആ അമ്മയ്ക്ക് കുറച്ചു സമയം വേണ്ടി വന്നു.
