ലവ് ബൈറ്റ് – 3 29

 

തലയുർത്തി മുകളിലേക്ക് നോക്കി.

രണ്ട് നിലയുടെ ഉയരത്തിലാണ് ഹാളിന്റെ സീലിംഗ്. അതിന്റെ ഒത്ത നടുക്കായി തൂങ്ങി നിൽക്കുന്ന ഭീമാകാരമായ ഒരു ചില്ലുവിളക്ക്.

 

ആയിരം നക്ഷത്രങ്ങൾ ഒരുമിച്ച് കത്തിനിൽക്കുന്നത് പോലെ അത് പ്രകാശിക്കുന്നുണ്ട്. അതിന്റെ വെളിച്ചം തറയിലെ മാർബിളിൽ തട്ടി പ്രതിഫലിക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗി.

 

ഹാളിന്റെ വലതുവശത്ത്, രാജകൊട്ടാരങ്ങളിലെ സിംഹാസനം പോലെ തോന്നിക്കുന്ന വലിയ സോഫകൾ.

തേക്ക് കൊണ്ടാണോ അതോ റോസ് വുഡ് ആണോ എന്നറിയില്ല, കൊത്തുപണികൾ ചെയ്ത ആ ഇരിപ്പിടങ്ങൾ കണ്ടാൽ തന്നെ ഇരിക്കാൻ ഒരു മടി തോന്നും.

 

ചുവരുകളിൽ വലിയ പെയിന്റിംഗുകൾ. എല്ലാം പ്രശസ്തരായ ആരുടെയൊക്കെയോ വരകളാണെന്ന് തോന്നുന്നു. ഓരോന്നും കോടികൾ വിലമതിക്കുന്നതാവാം.

ഏറ്റവും ആകർഷിച്ചത് നടുക്കുള്ള ആ ഗോവണിപ്പടിയായിരുന്നു….

 

രണ്ട് വശത്തുനിന്നും വളർന്നു വന്ന് ഒന്നായി ചേരുന്ന, സിനിമകളിലൊക്കെ കാണുന്ന തരം വലിയൊരു സ്റ്റെയർകേസ്. അതിന്റെ കൈവരികൾ സ്വർണ്ണ നിറത്തിലാണ്.

ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും പണത്തിന്റെ ഗന്ധമുണ്ടായിരുന്നു. പക്ഷേ, അത് അരോചകമായിരുന്നില്ല. മറിച്ച്, വളരെ ഒതുക്കത്തോടെ, ഒരു രാജകീയ പ്രൗഢിയോടെയാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്.

 

ഞാൻ കണ്ണെടുക്കാതെ ആ കാഴ്ചകൾ കണ്ട് അങ്ങനെ നിന്നുപോയി. എന്റെ വീടിന്റെ മൊത്തം വലുപ്പം കാണും, ഇവരുടെ ഈ ഹാളിന് മാത്രം!

 

“എല്ലാവരും ഇരിക്കൂ…”

 

ലക്ഷ്മി മാഡം ഞങ്ങളെ ആ രാജകീയമായ സോഫയിലേക്ക് ക്ഷണിച്ചു.

 

ഞാൻ ഭയഭക്തിയോടെ അതിൽ ഇരുന്നു. ഹോ! മേഘത്തിന്റെ മുകളിൽ ഇരിക്കുന്നത് പോലെ… അത്രയ്ക്ക് സോഫ്റ്റ്! ശരീരം അതിലേക്ക് താഴ്ന്നുപോകുന്നത് പോലെ തോന്നി.

 

എന്റെ കണ്ണുകൾ പക്ഷേ ആഡംബരങ്ങളിലല്ല ഉടക്കിയത്. അത് അലഞ്ഞുതിരിയുകയായിരുന്നു… ആ മുഖത്തിന് വേണ്ടി.

 

അനു!

 

ഹാളിലെങ്ങും അവളെ കണ്ടില്ല. വിശാലമായ ആ ഗോവണിപ്പടിയിലേക്കും മുകളിലെ ഇടനാഴികളിലേക്കും ഞാൻ ഒളികണ്ണെറിഞ്ഞു.

ഇല്ല… അവിടെയൊന്നും അവളില്ല.

 

‘ഓ… പെണ്ണുകാണാൻ വന്നതുകൊണ്ട് നാണം വന്ന് മുറിയിൽ ഒളിച്ചിരിക്കുവാണോ?’

 

എന്റെ മനസ്സ് മന്ത്രിച്ചു.

സ്വാഭാവികം. എന്നെ കാണുമ്പോൾ മുഖം ചുവക്കുമെന്ന് പേടിച്ചാവും. ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.

 

അനുവിനെ നാണത്തിൽ പൊതിഞ്ഞ ആ മുഖം മനസ്സിൽ കണ്ടതും, എന്റെ ചുണ്ടിലൊരു നേരിയ പുഞ്ചിരി വിരിഞ്ഞു. അറിയാതെ ഒരു നാണം എന്നെയും പൊതിഞ്ഞു.

 

പക്ഷേ എന്റെയീ കള്ളത്തരം കൈയ്യോടെ പൊക്കിയ ഒരാളുണ്ടായിരുന്നു അവിടെ.

 

ഏട്ടത്തി!

 

ഞാൻ ആരും കാണാതെ ചുറ്റും നോക്കുന്നതും, അവളെ കാണാതെ ചിരിക്കുന്നതും ഒക്കെ ഏട്ടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏട്ടത്തി എന്നെ നോക്കി കണ്ണിറുക്കി, വായ പൊത്തി കളിയാക്കി ചിരിച്ചു.

“ആളെ കാണാത്തതിന്റെ വിഷമത്തിലാണോടാ…” എന്നൊരു ഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

 

ഞാൻ ചമ്മലോടെ മുഖം താഴ്ത്തി. അപ്പോഴാണ് സ്റ്റെയർകേസിന് മുകളിൽ നിന്നും ഒരു അനക്കം കേട്ടത്…

.

ഞാൻ ആകാംഷയോടെ തലയുർത്തി നോക്കി.

 

അനു!

 

എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.

 

ദേവലോകത്തു നിന്നും ഒരു അപ്സരസ് ഇറങ്ങി വരുന്നത് പോലെ… പക്ഷെ, പരമ്പരാഗത വേഷത്തിലല്ല.

കടും നീല നിറത്തിലുള്ള ഒരു സ്കിൻ ഫിറ്റ് ജീൻസും, അതിന് മാച്ച് ചെയ്യുന്ന ക്രീം നിറത്തിലുള്ള ഒരു സ്റ്റൈലിഷ് ടോപ്പുമായിരുന്നു അവളുടെ വേഷം. കഴുത്തിൽ നേർത്തൊരു പ്ലാറ്റിനം ചെയ്ൻ മാത്രം. മുടി തോളിലേക്ക് അഴിച്ചിട്ടിരിക്കുന്നു.

ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ആഡംബരത്തിന്റെ ഒരു പ്രത്യേക തിളക്കം ആ മുഖത്തുണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ശരീരത്തോട് ചേർന്നുനിൽക്കുന്ന ആ ഭംഗി…

 

അവൾ പടികൾ ഓരോന്നായി ഇറങ്ങി വരുന്നു. ഓരോ ചുവടുവെപ്പിലും ഒരുാത്മവിശ്വാസം തുടിക്കുന്നത് കാണാം.

Updated: February 22, 2026 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *