ഇരുട്ടിലേക്ക് കണ്ണുംനട്ട് ലക്ഷ്മി അങ്ങനെ കിടന്നു. ആ മുറിക്കുള്ളിൽ വീണ്ടും നിശബ്ദത തളംകെട്ടി നിന്നു.
അവസാനം ലക്ഷ്മി വാ തുറന്നു. പക്ഷേ, അനു ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല ആ അധരങ്ങളിൽ നിന്നും പുറത്തുവന്നത്. മറിച്ച് തീർത്തും അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു.
“നീ ഇന്ന് ആ കുട്ടിയെ വേദനിപ്പിച്ചോ?”
ലക്ഷ്മിയുടെ ശബ്ദത്തിൽ ഒരു അമ്മയുടെ ശാസനയും ഗൗരവവുമുണ്ടായിരുന്നു.
ആ ചോദ്യം കേട്ടതും അനു ഒന്ന് ഞെട്ടി. അവളുടെ ശരീരമൊന്ന് പിടയുന്നത് ലക്ഷ്മി അറിഞ്ഞു. താൻ ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ അനു വല്ലാതെ പരുങ്ങി.
അല്പനേരത്തെ മൗനത്തിന് ശേഷം, കുറുമ്പ് കാണിച്ച് അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടുമെന്ന് ഉറപ്പായ ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ലക്ഷ്മിയുടെ നെഞ്ചിലേക്ക് കൂടുതൽ മുഖം ഒളിപ്പിച്ചു.
“സോ… സോറി അമ്മേ… ഞാൻ… ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല…”
അനുവിന്റെ ശബ്ദം വിറച്ചു. അവളുടെ വാക്കുകളിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞുനിന്നിരുന്നു.
ലക്ഷ്മി അവളുടെ പുറത്ത് പതുക്കെ തടവി.
അനു ശ്വാസം ആഞ്ഞുവലിച്ചു
“എനിക്കറിയില്ല അമ്മ … അവന്റെ ഒപ്പം നിൽക്കുമ്പോൾ… എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല. അവന്റെ ശരീരത്തിൽ നിന്നൊഴുകുന്ന ആ രക്തത്തിന്റെ ഗന്ധം… അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
അവൾ മുഖമുയർത്തി ലക്ഷ്മിയെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായാവസ്ഥയുണ്ടായിരുന്നു.
“മറ്റാരുടെയും ചോരയ്ക്ക് ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവന്റെ രക്തത്തിനുണ്ട് അമ്മ. ആ ഗന്ധം എന്നെ വല്ലാതെ മാടിവിളിക്കുന്നതുപോലെ തോന്നുകയാ… എന്റെ സിരകളിൽ അത് തീ കോരിയിടുകയാണ്. അവന്റെ അടുത്തേക്ക് ചെല്ലുന്തോറും എന്നിലെ ദാഹം ഇരട്ടിക്കുകയാണ്.”
അവൾ വീണ്ടും ലക്ഷ്മിയുടെ മാറിലേക്ക് ചാഞ്ഞു.
“ഞാൻ എന്നേ ന്യായികരിക്കുവാൻ ശ്രമിക്കുകയല്ല പക്ഷേ, ആ രക്തത്തിന്റെ മണം അടിക്കുമ്പോൾ എന്റെ ബോധം മറയുന്നതുപോലെയാ… എനിക്ക് എന്നെ പിടിച്ചുനിർത്താൻ കഴിയുന്നില്ല അമ്മ…ഞാൻ കണ്ടതിൽ വച്ച് രുചിച്ചതിൽ വച്ച് ഏറ്റവും ശുദ്ധമായത് അവന്റേതാണ് ”
തന്റെ ഈ അവസ്ഥയിൽ സ്വയം വെറുക്കുന്ന ഒരു പാവം പെൺകുട്ടിയുടെ തേങ്ങൽ ആ വാക്കുകളിലുണ്ടായിരുന്നു. ഒരു നിമിഷത്തെ ആവേശത്തിൽ ആ പാവം പയ്യനെ താൻ എന്ത് ചെയ്യുമെന്ന ഭയം അനുവിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ലക്ഷ്മി ഒന്നും മിണ്ടാതെ മകളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ അമർത്തി ചുംബിച്ചു.
“നിനക്കവനെ ഇഷ്ടമാണോ അനു?”
ആ ചോദ്യം കേട്ടതും അനു ഒന്ന് പിടഞ്ഞു.
എന്താണ് പറയേണ്ടതെന്നറിയാതെ അവൾ വല്ലാതെ പരുങ്ങി.
“എനിക്ക്… എനിക്കുറക്കം വരുന്നു അമ്മ …”
എന്ന് വിക്കി വിക്കി പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം പൂഴ്ത്തി കണ്ണുകളടച്ചു കിടന്നു.
ലക്ഷ്മിയുടെ ചുണ്ടുകളിൽ അപ്പോൾ വലിയൊരു പുഞ്ചിരി വിടരുകയായിരുന്നു. ആരും ഒന്നു സംസാരിക്കാൻ പോലും ഭയക്കുന്ന, മുഖത്ത് നോക്കാൻ പോലും മറ്റുള്ളവർക്ക് പേടിയുള്ള തന്റെ ദേഷ്യക്കാരിയായ മകളുടെ ഈ മാറ്റം ആ അമ്മയെ അത്ഭുതപ്പെടുത്തി. അവളുടെ ഈ നാണവും ഒളിച്ചോട്ടവും കണ്ടപ്പോൾ താനെടുത്ത തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് ലക്ഷ്മിക്ക് ഉറപ്പാവുകയായിരുന്നു.
വാത്സല്യത്തോടെ അവർ മകളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.
എന്നാൽ പുറമെ കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുകയായിരുന്നെങ്കിലും, അനുവിന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് വീശുകയായിരുന്നു.
അമ്മ ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരം അവളുടെ മനസ്സ് പരതാൻ തുടങ്ങി. ശരിക്കും തനിക്ക് അവനെ ഇഷ്ടമാണോ? തന്നെക്കാൾ പ്രായത്തിന് ഇളയതായ, ഒരു അനിയനെപ്പോലെ കാണേണ്ടവനെ തനിക്ക് പ്രണയിക്കാൻ കഴിയുമോ?
