ലവ് ബൈറ്റ് – 3 29

 

ഒരു വശത്ത് വലിയൊരു ഡ്രെസ്സിംഗ് ടേബിൾ. അതിൽ നിരത്തി വെച്ചിരിക്കുന്ന വിലകൂടിയ പെർഫ്യൂമുകളും മേക്കപ്പ് സാധനങ്ങളും. അലസമായി ഇട്ടിരിക്കുന്ന ഒരൊറ്റ സാധനം പോലും അവിടെയില്ല. എല്ലാം കൃത്യമായി അടുക്കി വെച്ചിരിക്കുന്നു.

ചുവരുകൾക്ക് ക്രീം നിറമാണ്. ലൈറ്റിംഗ് ഒക്കെ വളരെ ഒതുങ്ങിയ രീതിയിൽ, കണ്ണിൽ കുത്താത്ത മഞ്ഞ വെളിച്ചം…

ആ മുറിക്ക് പോലും അനുവിന്റെ അതേ സ്വഭാവമാണ്. വൃത്തിയും, വെടിപ്പും, ഒപ്പം വല്ലാത്തൊരു ഗാംഭീര്യവും.

ഞാൻ ആ മുറിയുടെ ഒത്ത നടുവിൽ, കൈയ്യും കെട്ടി അന്തംവിട്ടു നിന്നു…..

 

ആ വലിയ മുറിയുടെ നടുവിൽ, എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരു പ്രതിമ പോലെ നിന്നു. കൈകൾ എവിടെ വെക്കണം, എങ്ങോട്ട് നോക്കണം എന്നൊന്നും ഒരു പിടിയുമില്ല.

 

അനു എന്റെ പരവേശമൊക്കെ കണ്ട് വാതിൽക്കൽ തന്നെ നിൽക്കുകയാണ്.

പെട്ടെന്ന് അവൾ കട്ടിലിലേക്ക് ചൂണ്ടി.

 

“അഭി അവിടെ ഇരുന്നോളൂ…….”

 

പതുങ്ങിയ ശബ്ദത്തിലായിരുന്നു അവളത് പറഞ്ഞത്…

 

ഞാൻ നടന്നുചെന്ന്, ആ വലിയ ബെഡിന്റെ ഒരറ്റത്ത്, ബെഡ്ഷീറ്റ് ചുളിയാതിരിക്കാൻ ശ്രദ്ധിച്ച് പതുക്കെ ഇരുന്നു.

 

അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

 

ഒരു നിമിഷത്തിനു ശേഷം , അവൾ എന്റെ അടുത്തേക്ക് നടന്നുതുടങ്ങി. ഞാൻ വിചാരിച്ചു അവൾ ഡ്രസ്സിംഗ് ടേബിളിന്റെ മുന്നിലുള്ള ചെയറിലോ മറ്റോ ഇരിക്കുമെന്ന്.

 

പക്ഷേ…

അവൾ നേരെ വന്നിരുന്നത് എന്റെ അടുത്തായിരുന്നു…..

അതും, ഒട്ടും ഗ്യാപ്പിടാതെ, എന്റെ തൊട്ടടുത്ത്!

 

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവളുടെ തോളുകൾ എന്റെ തോളിൽ മുട്ടാതിരുന്നത് കഷ്ടിച്ച് ഒരു നൂൽപ്പാലത്തിനാണ്.

 

ആ മുറിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എസി ഫുൾ സ്പീഡിലാണ്. എന്നിട്ടും, എന്റെ നെറ്റിയിലും കഴുത്തിലും വിയർപ്പുതുള്ളികൾ പൊടിയാൻ തുടങ്ങി. ആ തണുപ്പിലും എന്റെ ശരീരം ചൂട് കൊണ്ട് വിറയ്ക്കുകയായിരുന്നു.

അവളുടെ ശരീരത്തിൽ നിന്നുള്ള ആ സുഗന്ധം… അത് എന്നെ മത്തുപിടിപ്പിക്കുന്നത് പോലെ.

 

ഞാൻ അനങ്ങാതെ, ശ്വാസം പോലും വിടാതെ ഇരിക്കുമ്പോൾ, അനു പതിയെ മുഖം തിരിച്ച് എന്റെ മുഖത്തേക്ക് നോക്കി.

വെറുതെ ഒരു നോട്ടമല്ല.

കണ്ണെടുക്കാതെ, വളരെ സൂക്ഷിച്ചുള്ള നോട്ടം.

 

എന്റെ നെറ്റിയിലെ വിയർപ്പിലും, വിറയ്ക്കുന്ന ചുണ്ടുകളിലും, കണ്ണുകളിലും അവളുടെ നോട്ടം തങ്ങിനിന്നു.

 

അവളുടെ കണ്ണുകളിൽ വിചിത്രമായൊരു തിളക്കം ഞാൻ കണ്ടു.

ഏതോ വലിയൊരു നിധി കയ്യിൽ കിട്ടിയ കുട്ടിയെപ്പോലെ… അല്ലെങ്കിൽ, ഏറെ നാളായി കൊതിച്ചിരുന്ന ഇഷ്ടഭക്ഷണം മുന്നിൽ കണ്ടത് പോലെ…

അവളുടെ തൊണ്ടയിലെ മാംസപേശികൾ ചലിക്കുന്നത് ഞാൻ കണ്ടു.

 

അവൾ ഉമിനീർ ഇറക്കുകയാണ്!

എന്നെ നോക്കി, വല്ലാത്തൊരു കൊതിയോടെ… ആർത്തി പൂണ്ടതുപോലെ അവൾ ഉമിനീർ ഇറക്കി.

 

ആ നോട്ടം കണ്ടതും എന്റെ ഉള്ളിലെ സകല ധൈര്യവും ചോർന്നുപോയി.

ഇവൾ എന്നെ പച്ചയ്ക്ക് തിന്നുമോ?

 

എന്റെ മനസ്സ് അപായമണി മുഴക്കാൻ തുടങ്ങി.

തൊണ്ട വറ്റി വരണ്ടു. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച്, വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

 

“ഞാൻ… ഞാൻ ഒരു കാര്യം പറയട്ടെ?”

 

അവൾ വീണ്ടും എന്റെ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി, കുറച്ചുകൂടി അടുത്തേക്ക്… എന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്ന ദൂരത്തിലേക്ക് നീങ്ങി.

 

ശേഷം തൊണ്ടയിൽ നിന്ന് കനത്ത ഒരു മൂളൽ…

 

“മ്മ്…”

 

ആ ഒരൊറ്റ മൂളൽ! അതിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. അധികാരമാണോ, പ്രണയമാണോ… ഒന്നും പിടി കിട്ടുന്നില്ല.

ആ ശബ്ദം കേട്ടപ്പോൾ ഓടിപ്പോകാൻ നിന്ന എന്റെ മനസ്സ് വീണ്ടും ഒന്ന് ചാഞ്ചാടി.

 

കാലുകൾ തറയിൽ ഉറച്ചുപോയത് പോലെ.

പക്ഷേ, ടെൻഷൻ തലച്ചോറിലേക്ക് ഇരച്ചുകയറി. ഇനി ഇവിടെ ഇരുന്നാൽ ഞാൻ ബോധംകെട്ടു വീഴും.

 

പിന്നെ ഒന്നും നോക്കിയില്ല. ഉള്ളിൽ വന്നത് അതേപടി, ഒരു നിയന്ത്രണവുമില്ലാതെ പുറത്തേക്ക് ചാടി.

Updated: February 22, 2026 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *