ലവ് ബൈറ്റ് – 5 10

 

പെട്ടെന്ന്, അത്രയും നേരം അനങ്ങാതിരുന്ന അവളുടെ ഒരു കൈ ആ പൊതിക്ക് നേരെ നീണ്ടു വന്നു. അത് എന്റെ കയ്യിൽ നിന്നും വാങ്ങുമ്പോൾ, ആ വിരലുകൾ എന്റെ കണ്ണിൽ പെട്ടു. മാസങ്ങളായി വെട്ടാത്ത, വളഞ്ഞു കൂർത്ത, കറുത്ത നഖങ്ങൾ! ആ നഖങ്ങൾ എന്റെ വിരലുകളിൽ ഉരസിയതും ഒരു മിന്നലേറ്റതുപോലെ ഞാൻ കൈ പിന്നിലേക്ക് വലിച്ചു. ആ സ്പർശനത്തിൽ ജീവനില്ലാത്ത ഏതോ തണുത്ത മരക്കഷ്ണം കൊണ്ടതുപോലെയാണ് എനിക്ക് തോന്നിയത്.

 

പൊതി കയ്യിൽ കിട്ടിയതും, അവൾ വളരെ പതുക്കെ… ഒരു യന്ത്രം പോലെ ആ തല മുകളിലേക്ക് ഉയർത്താൻ തുടങ്ങി. എന്റെ നെഞ്ചിടിപ്പ് അതിന്റെ പാരമ്യത്തിലെത്തി. എനിക്കെന്തോ വല്ലാത്തൊരു ഭയം തോന്നി. കാലുകൾ വിറയ്ക്കുന്നതുപോലെ. ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല, വേഗം എഴുന്നേറ്റ് ഓടിയാലോ എന്ന് ഞാൻ ചിന്തിച്ചു. ആ മുഖം കാണാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

 

കറക്റ്റ് ആ സമയത്താണ് എനിക്ക് ജീവൻ തിരിച്ചുനൽകിക്കൊണ്ട് പിന്നിൽ നിന്നും ഗിരിയേട്ടന്റെ വിളി വന്നത്.

 

“എടാ അഭി… നീയെന്താ അവിടെ കുറ്റി അടിച്ചു നിൽക്കുന്നേ? വേഗം വാടാ!”

 

ഹാവൂ! സമാധാനമായി! ദൈവത്തെ വിളിച്ച്, ഒരു നിമിഷം പോലും ഞാൻ പിന്നെ അവിടെ നിന്നില്ല.

അവളെയൊന്ന് നോക്കുകപോലും ചെയ്യാതെ ഞാൻ വേഗം തിരിഞ്ഞു നടന്നു. അപ്പോഴും എന്റെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല.

 

ഗിരിയേട്ടന്റെ ബൈക്കിന് പിന്നിൽ കയറി ഇരുന്നതും വണ്ടി മുന്നോട്ട് കുതിച്ചു. പോകുന്ന വഴിക്ക്, എന്ത് തോന്നിയിട്ടാണെന്നറിയില്ല ഞാൻ പുറകോട്ട് ഒന്നു തിരിഞ്ഞു നോക്കി.

 

ആ കാഴ്ച കണ്ട് എന്റെ ചോര ശരിക്കും മരവിച്ചുപോയി!

 

അവൾ ആ ഇരുട്ടിൽ നിലത്തുനിന്നും എഴുന്നേറ്റ് നിൽക്കുകയായിരുന്നു! കയ്യിൽ ഞാൻ കൊടുത്ത ആ പൊതിയുമുണ്ട്. അവിടെ നിന്നുകൊണ്ട്, ഇരുട്ടിലേക്ക് മറയുന്ന ഞങ്ങളെ തന്നെ അവൾ നോക്കി നിൽക്കുകയാണ്. പക്ഷെ, അപ്പോഴും എനിക്ക് അവളുടെ മുഖം കാണാൻ പറ്റിയില്ല.

കാരണം, ആ തണുത്ത കാറ്റിൽ പാറിക്കളിക്കുന്ന ആ നീണ്ട മുടിയിഴകൾ അവളുടെ മുഖത്തെ പൂർണ്ണമായും മറച്ചിട്ടുണ്ടായിരുന്നു…

 

 

 

മുറ്റത്തെ ലൈറ്റുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഏകദേശം ഇരുട്ടിലായിരുന്നു. കുറച്ചുപേർ ഇപ്പോഴും ഓരോ ഇടത്ത് ചുറ്റിപറ്റിയുണ്ട് എന്നിരുന്നാലും ബാക്കിയുള്ളവർ എല്ലാവരും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും എന്ന് കരുതി ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കാൽ വെച്ചതും…

 

ദേ നിൽക്കുന്നു സാക്ഷാൽ ഭദ്രകാളി! എന്റെ ചേച്ചി!

 

ഞങ്ങളെ കാത്ത് വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു കക്ഷി. ഞങ്ങളെ കണ്ടതും അവൾ മുറ്റത്തേക്ക് ചാടിയിറങ്ങി. പിന്നെ നടന്നത് പതിവ് കാഴ്ചകൾ തന്നെ. യാതൊരു മുഖവുരയുമില്ലാതെ ഗിരിയേട്ടന്റെ പുറത്ത് രണ്ടും മൂന്നും ഇടി വീണു!

 

“പാതിരാത്രിക്ക് ഇവനെയും കൂട്ടി എങ്ങോട്ടാ ഡാ പോയത്? നാളെ ഇവന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ?” എന്ന് ചോദിച്ചായിരുന്നു തല്ല്. ആ വലിയ മനുഷ്യൻ ഒരക്ഷരം മിണ്ടാതെ ആ അടി മുഴുവൻ കൊണ്ടുനിന്നു.

 

നിനക്ക് ഞാൻ വച്ചിട്ടുണ്ടാടാ എന്നപോലെ എന്നെ നോക്കി പേടിപ്പിക്കാനും അവൻ മറന്നില്ല….

 

“അടി നിർത്തഡി ചേച്ചി…” ഞാൻ വേഗം ഇടയിൽ കയറി ഗിരിയേട്ടനെ രക്ഷിച്ചു.

 

എന്നിട്ട് കടയിൽ നടന്ന കാര്യങ്ങളൊക്കെ ഒട്ടും കുറയ്ക്കാതെ ഞാൻ അവളോട് പറഞ്ഞു. അജു വിളിച്ചതും, കട പൊളിച്ചിട്ടതും, ചോര കണ്ടതും, സിസിടിവി കൃത്യസമയത്ത് പോയതുമൊക്കെ കേട്ടപ്പോൾ അവളുടെ മുഖത്തെ ദേഷ്യം മാറി ചെറിയൊരു പേടിയും അമ്പരപ്പും വന്നു.

 

“അതൊക്കെ നാളെ രാവിലെ പോലീസിനെ വിളിച്ചോ അല്ലെങ്കിൽ അച്ഛനെയോ ഏട്ടനെയോ കൂട്ടി പോയോ അന്വേഷിക്കാം. ഈ പാതിരാത്രിക്ക് ഇതാണോ നിങ്ങളുടെ പണി?”

 

അവൾ ഗിരിയേട്ടനെ നോക്കി ഒന്ന് ശാസിച്ചിട്ട് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു.

എന്റെ വലത്തെ ചെവിക്ക് കയറി ഒറ്റ പിടി!

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *