“ഗിരിയേട്ടൻ… എന്തൂട്ടാ ഗിരിയേട്ടന്റെ സെറ്റപ്പ്?”
എന്റെ ആ ഒറ്റ ചോദ്യം കേട്ടതും ഗിരിയേട്ടൻ മാത്രമല്ല, കൂടെ നിന്നിരുന്ന ആ രണ്ട് പ്രിൻസിപ്പൽമാരും ശരിക്കും ഒന്ന് ഞെട്ടി!
പെട്ടെന്ന് ഈ ‘സെറ്റപ്പ്’ എന്ന വാക്ക് കേട്ടതും ഉഷാന്റിയും ദിവാകരൻ അങ്കിളും എന്തോ കൊടുംപാതകം കേട്ടതുപോലെ തങ്ങളുടെ ഗുണസമ്പന്നനായ മകനെ വല്ലാതെ സംശയത്തോടെ അടിമുടി നോക്കി. “ഇവനീ ഏത് സെറ്റപ്പിന്റെ കാര്യമാ ഈ ചോദിക്കുന്നത്?” എന്നൊരു ചോദ്യം അവരുടെ ആ നോട്ടത്തിൽ വ്യക്തമായിരുന്നു.
അച്ഛന്റെയും അമ്മയുടെയും ആ തീപ്പൊരി നോട്ടം കണ്ടതും ഗിരിയേട്ടന്റെ കിളി പോയി.
ഇവനിവിടെ നിർത്തുകയാണെങ്കിൽ അച്ഛനമ്മമാരുടെ മുന്നിൽ തന്റെ ഇമേജ് മൊത്തത്തിൽ ഡാമേജ് ആകും എന്ന് മനസ്സിലാക്കിയ പുള്ളിക്ക് വെപ്രാളമായി.
“എടാ നീ ഒന്നിങ്ങോട്ട് വന്നേ…” എന്ന് പറഞ്ഞുകൊണ്ട് പുള്ളി വേഗം എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിൽ നിന്നും കുറച്ചു മാറ്റി അല്പം ഇരുട്ടുള്ള ഒരു വശത്തേക്ക് എന്നെ വലിച്ചുകൊണ്ടുപോയി.
ആൾക്കൂട്ടത്തിൽ നിന്നും അല്പം മാറി ഇരുട്ടുള്ള ഭാഗത്തെത്തിയതും ഗിരിയേട്ടൻ എന്റെ കൈ വിട്ടു.
“എടാ…” ഗിരിയേട്ടൻ വലിയൊരു ഇടിവീരനാണെങ്കിലും ആ വിളിയിൽ വല്ലാത്തൊരു ദയനീയതയുണ്ടായിരുന്നു.
“നീയെന്തിനാടാ എന്നെ കാണുമ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ‘എന്തൂട്ടാ ഗിരിയേട്ടന്റെ സെറ്റപ്പ്… കുറ്റപ്പ്’ എന്നൊക്കെ ചോദിച്ച് നാണംകെടുത്തുന്നത്?”
ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു, “അതൊക്കെ ഒരു ഫൺ അല്ലെ ഗിരിയേട്ടാ…”
“ഫൺ… നിന്റെയൊരു ഫൺ! നിന്റെ ആഹ്… മ്മ്മ്… എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട.”
പല്ലിറുമ്മിക്കൊണ്ട് ഗിരിയേട്ടൻ എന്റെ തോളിൽ ചെറുതായിട്ടൊന്ന് ഇടിച്ചു.
എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് പുള്ളി പതുക്കെ ചോദിച്ചു,
“നിന്റെ ചേച്ചി എവിടെ? കണ്ടില്ലല്ലോ…”
“അവൾ ഉള്ളിലുണ്ട്”
“എന്നാ വാ, അവളുടെ അടുത്തേക്ക് പോവാം,”
“അല്ല, ഇന്ന് തല്ലുകൊള്ളാൻ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ ?”
അതുകേട്ടതും ഗിരിയേട്ടന്റെ മുഖത്ത് നാണം കലർന്ന ഒരു കള്ളച്ചിരി വിരിഞ്ഞു. ആ ചിരി കണ്ടതും എനിക്ക് വെറുതെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് കയറി ആ പിരിച്ച് വെച്ച മീശയിലൊന്ന് പിടിച്ചു വലിച്ചു!
“ആഹ്… വിടെടാ ചെക്കാ …”
ഗിരിയേട്ടൻ വേദനയൊതുക്കി ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. എന്നെ ഒന്ന് തുറപ്പിച്ചു നോക്കിയിട്ട് പുള്ളി പറഞ്ഞു,
” നീയും നിന്റെ ആ ചേച്ചിയും ഒക്കെ കണക്കാ… മനുഷ്യനെ മെനക്കെടുത്താനായിട്ട്….”
ഗിരിയേട്ടന്റെ ആ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചെങ്കിലും പെട്ടെന്ന് തന്നെ എന്റെ മുഖത്തെ കളിചിരികൾ മാഞ്ഞു. ഞാൻ ഗൗരവത്തിലേക്ക് വന്നു. അജു വിളിച്ചതും കടയിൽ നടന്ന കാര്യങ്ങളും ഞാൻ വേഗം ഗിരിയേട്ടനോട് പറഞ്ഞു.
ചോരയുടെ കാര്യം കേട്ടപ്പോൾ പുള്ളി ആദ്യം ഒന്നു മടിച്ചു നിന്നു. നാളെ കല്യാണം വെച്ചുകൊണ്ട് ഇന്ന് രാത്രി വല്ല പ്രശ്നത്തിനും പോയാൽ സീനാകുമെന്ന് കരുതിയാകണം. എങ്കിലും എന്നെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ എന്ന് കരുതി, കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി സമ്മതിച്ചു.
“എന്നാ വാ, പോയി നോക്കാം.”
ഇനിയിപ്പോൾ ഇവിടെ നിന്നിട്ട് കാര്യമില്ല. ഞങ്ങൾ ആരുമറിയാതെ പതുക്കെ ഗേറ്റ് കടന്ന് പുറത്തിറങ്ങി നേരെ നടന്നുപോയത് ഗിരിയേട്ടന്റെ വീട്ടിലേക്കാണ്. അവിടെ നിർത്തിയിട്ടിരുന്ന പുള്ളിയുടെ ബൈക്കുമെടുത്ത് ഞങ്ങൾ കട ലക്ഷ്യമാക്കി തിരിച്ചു.
രാത്രിയിലെ തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ വണ്ടിയൊടിക്കുന്ന ഗിരിയേട്ടൻ സംസാരം തുടങ്ങി….
“എന്തായാലും നിന്റെ ജീവിതം ഫുൾ മാറി സെറ്റപ്പായി ലെടാ…”
