“എന്താടാ നീ ഈ പറയുന്നേ? എന്ത് പറ്റി?” എന്റെ ശബ്ദം അറിയാതെ ഉയർന്നു.
“എനിക്കറിയില്ല ഏട്ടാ…” അവൻ കരയുന്നതുപോലെ പറഞ്ഞു. “പുറത്തുനിന്ന് നോക്കുമ്പോൾ വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു. എനിക്ക് സംശയം തോന്നി ഞാൻ അകത്ത് കയറി നോക്കിയപ്പോൾ… ആകെ അലങ്കോലമാണ് ചേട്ടാ! സാധനങ്ങളും ഡ്രസ്സുകളും ഒക്കെ വലിച്ചു വാരി നിലത്തിട്ടിരിക്കുവാ… പോരാത്തതിന്…”
അവൻ ഒന്ന് നിർത്തി. അവന്റെ ശ്വാസം വേഗത്തിലാവുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു.
“പോരാത്തതിന്… നിലത്ത് ചിലയിടത്തൊക്കെ ചോരത്തുള്ളികളുമുണ്ട് ! എന്താ ഇവിടെ നടന്നതെന്ന് എനിക്കൊരു പിടുത്തവുമില്ല… എനിക്ക് ആകെ പേടിയാവുന്നു.”
ചോരയോ? എന്റെ കടയിലോ? എന്റെ തല പുകയാൻ തുടങ്ങി.
“നീ അപ്പൊ സിസിടിവി ഒന്നും നോക്കിയില്ലേ… ”
“നോക്കി പക്ഷെ അതിൽ സിഗ്നൽ കട്ടായ ഗ്രൈൻസ് (grain’s )അല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല ”
അജു അത് പറഞ്ഞ് കഴിഞ്ഞതും കുറച്ചു നേരത്തേക്ക് മൗനമായിരുന്നു….ശേഷം അവൻ വീണ്ടും സംസാരിച്ചു തുടങ്ങി….
“ഇന്ന് ചോദിക്കാൻ പാടില്ലെന്നറിയാം… ഏട്ടന് ഇപ്പൊ ഇങ്ങോട്ടൊന്ന് വരാൻ പറ്റുമോ? ഞാൻ കിരണേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല…” അജു ദയനീയമായി ചോദിച്ചു.
കിരണിനെ വിളിച്ചിട്ട് കിട്ടാത്തതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം അവനും എന്റെ ഏട്ടനും പിന്നെ വേറെ കുറേ എണ്ണങ്ങളും കൂടി ടെറസിന്റെ മുകളിൽ നേരത്തെ തന്നെ ‘രാത്രി സേവ’ തുടങ്ങിയിട്ടുണ്ട്. കുപ്പി പൊട്ടിച്ച് ഇപ്പോൾ തന്നെ എല്ലാവരും ഓഫ് ആയിട്ടുണ്ടാവും. അവന്മാരെ ഇപ്പോൾ വിളിച്ചിട്ട് ഒരു കാര്യവുമില്ല.
മൈര്! രാത്രിയും ആയിപ്പോയി… ഇനി ഞാനെന്ത് ചെയ്യും? ഈ ചെക്കന് അറിയില്ലല്ലോ എനിക്ക് രാത്രി ഇരുട്ടത്ത് പുറത്തിറങ്ങാൻ വല്ലാത്ത പേടിയാണെന്ന്! എന്റെ കടയാണെങ്കിലും ഈ പാതിരാത്രി ചോരയും തല്ലിപ്പൊളിക്കലും ഒക്കെ കേൾക്കുമ്പോൾ ആർക്കായാലും ഒന്ന് കിളി പോവില്ലേ?
പക്ഷേ, മുതലാളിയല്ലേ… അതിന്റെ ഒരു പക്വത ഞാൻ കാണിക്കണമല്ലോ….. അവസാനം എന്ത് ധൈര്യത്തിലാണെന്ന് എനിക്കറിയില്ല, ഞാൻ അവനോട് പറഞ്ഞു:
“നീ പേടിക്കാതെ അവിടെ നിൽക്ക്… ഞാൻ ഇപ്പൊ വരാം.”
“ശരി ഏട്ടാ…”
ആ ചെറ്റ അപ്പോൾ തന്നെ ഓക്കെ പറഞ്ഞ് ഫോൺ വെക്കുകയും ചെയ്തു! അവന് അത് കേൾക്കാൻവേണ്ടി കാത്ത് നിൽക്കുകയായിരുന്നു…..
ഫോൺ കട്ട് ആയതും ഞാൻ ചുറ്റും നോക്കി. എന്റെ ഈശ്വരാ, ഞാനിപ്പോൾ എന്ത് പൊട്ടത്തരമാണ് പറഞ്ഞത്? കല്യാണത്തലേന്ന് രാത്രി, അതും പുര നിറയെ ആളുള്ള സമയത്ത്, കല്യാണച്ചെക്കൻ വീട്ടീന്ന് ആരോടും പറയാതെ പുറത്തിറങ്ങിയാൽ വീട്ടുകാർ എന്റെ കാല് രണ്ടും തല്ലിയൊടിക്കും! അതും രാത്രിയെ പേടിയുള്ള ഞാൻ…,അതിൽ യാതൊരു സംശയവുമില്ല.
ഇനിയിപ്പോൾ കടയിൽ പോകാതിരിക്കാനും പറ്റില്ല. അജു അവിടെ ഒറ്റയ്ക്ക് പേടിച്ച് നിൽക്കുകയാണ്. ആരുമറിയാതെ എനിക്ക് പുറത്തിറങ്ങണം… അതിന് എനിക്കൊരു കൂട്ടിനെ തപ്പണം! ഈ പാതിരാത്രിക്ക്, ഇരുട്ടിനെ പേടിയുള്ള ഞാൻ ആരെ കൂട്ടുവിളിക്കും?
എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിലൂടെ ഒരാളെ തിരയാൻ തുടങ്ങി.
അങ്ങനെ ആൾക്കൂട്ടത്തിനിടയിലൂടെ കണ്ണോടിക്കുമ്പോഴാണ് എനിക്കൊരു പിടിവള്ളി കിട്ടിയത്.
സത്യം, ഉഷാന്റിയുടെയും ദിവാകരൻ അങ്കിളിന്റെയും കൂടെ ഗേറ്റുകടന്ന് വരുന്ന ആ അവതാരത്തെ ഞാൻ കണ്ടു… നമ്മുടെ സ്വന്തം ഗിരിയേട്ടൻ!
ആരാണീ ഗിരിയേട്ടൻ എന്നല്ലേ? ഞങ്ങളുടെ നാട്ടിലെ സർട്ടിഫൈഡ് ‘മാതൃക പുരുഷോത്തമൻ’! വെറുതെ പറയുന്നതല്ല, ചേച്ചിയുടെയും ഏട്ടന്റെയുമൊക്കെ കൂടെ പഠിച്ചതാണ്. അച്ഛനും അമ്മയും രണ്ട് കോളേജുകളിലെ പ്രിൻസിപ്പൽമാർ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ് ആയി . ഞങ്ങളുടെ വീടിന്റെ അപ്പുറത്ത് മൂന്നാമത്തെ വീടാണ് കക്ഷിയുടേത്. നാട്ടിലെ പാർട്ടിയിലെ മെയിൻ ആളായതുകൊണ്ട് നല്ല പിടിപാടും കാര്യങ്ങളുമൊക്കെയുണ്ട്. മിക്കവാറും ഭാവിയിൽ നാട് ഭരിക്കേണ്ട ഒരു മുതലാണെന്നാണ് സംസാരം.
