ലവ് ബൈറ്റ് – 5 10

 

തിരിച്ച് വീട്ടിലേക്കുള്ള ആ യാത്രയിലും ഞാനും ഗിരിയേട്ടനും ഇതിനെക്കുറിച്ച് തന്നെയായിരുന്നു സംസാരിച്ചത്. എന്താണ് ആ അകത്തേക്ക് കയറിയത്, എന്തിനാണ് ഈ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്, ആ സിസിടിവി എങ്ങനെ കൃത്യസമയത്ത് ഓഫ് ആയി… അങ്ങനെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ.

 

ഞങ്ങളുടെ സംസാരം നിന്നത് ടൗണിൽ കുറച്ചുമാറി ഒരറ്റത്ത് കത്തിനിൽക്കുന്ന ഒരു തട്ടുകടയുടെ മുന്നിൽ എത്തിയപ്പോഴാണ്.

 

“ഗിരിയേട്ടാ, വണ്ടി ഒന്നിവിടെ നിർത്താമോ?”

 

ഞാൻ ചോദിച്ചു.

 

വണ്ടി സൈഡാക്കിയ ശേഷം ഗിരിയേട്ടൻ എന്നെ നോക്കി. “എന്താടാ… നിനക്ക് വിശക്കുന്നുണ്ടോ?”

“ഇല്ല…” എന്ന് പറഞ്ഞ് ഞാൻ വേഗം ബൈക്കിൽ നിന്നിറങ്ങി ആ തട്ടുകടയിലേക്ക് നടന്നു. നല്ല ചൂട് പുട്ടും ബീഫ് റോസ്റ്റും അവിടെ തയ്യാറായിരുന്നു. ഞാൻ വേഗം ഒരു പൊതി പുട്ടും ബീഫും പാർസൽ വാങ്ങി.

 

അത് വാങ്ങാൻ ഒരു കാരണമുണ്ടായിരുന്നു. ഞങ്ങൾ കടയിലേക്ക് പോകുന്ന വഴിക്ക് ഈ ഭാഗത്ത് വെച്ച് ഞാൻ ആ കാഴ്ച കണ്ടിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അധികം വീഴാത്ത ഒരു കോണിൽ, റോഡരികിൽ കിടന്നിരുന്ന എന്തോ ഒന്ന് പെറുക്കിയെടുത്ത് തിന്നുന്ന ഒരു രൂപം. പാതിരാത്രിയിലെ ആ തണുപ്പിൽ, വിശപ്പ് സഹിക്കാൻ വയ്യാതെ നിലത്തുനിന്ന് പെറുക്കി തിന്നുന്ന ആ കാഴ്ച കണ്ടപ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു സങ്കടം തോന്നിയിരുന്നു. കടയിലെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞാൽ തിരിച്ചു വരുമ്പോൾ അവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്കണം എന്ന് ഞാൻ അപ്പോഴേ തീരുമാനിച്ചതാണ്.

 

പുട്ടും ബീഫും വാങ്ങിയ ആ കവറും പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. കുറച്ചു മാറി, സ്ട്രീറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആ രൂപം ഇപ്പോഴും ഇരിപ്പുണ്ട്. ദൂരെ നിന്നു നോക്കിയപ്പോൾ അതൊരു സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമായിരുന്നില്ല.

 

എന്നാൽ കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായത് അതും അത്ര പ്രായം തോന്നിക്കുന്നുമില്ല…. അവൾ നിലത്ത് കുത്തിയിരുന്ന് തറയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. മുഖം ഒട്ടും കാണുന്നില്ല.

 

ഓരോ ചുവടും മുന്നോട്ട് വെക്കുംതോറും എന്റെ നെഞ്ചിടിപ്പ് പതിയെ കൂടാൻ തുടങ്ങി. ‘ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല’ എന്നൊരു തോന്നൽ എവിടെ നിന്നോ എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. ആ തണുത്ത കാറ്റിലും എന്റെ ശരീരം ചെറുതായി വിയർക്കുന്നതുപോലെ.

 

കാരണം അവളുടെ രൂപം അങ്ങനെയായിരുന്നു.

 

അടുത്തേക്ക് ചെല്ലുംതോറും വല്ലാത്തൊരു ഭയം തോന്നിപ്പിക്കുന്ന വേഷവും പ്രകൃതവും. മാസങ്ങളായി എണ്ണയോ വെള്ളമോ കാണാത്ത, ജട പിടിച്ച് പാറിക്കിടക്കുന്ന കറുത്ത മുടി മുഖത്തേക്ക് മുഴുവനായി വീണുകിടക്കുന്നുണ്ട്. ദേഹത്തുള്ള വസ്ത്രം എന്ന് പറയാൻ പറ്റാത്തത്ര കീറിപ്പറിഞ്ഞ, ചെളിയും അഴുക്കും പുരണ്ട എന്തോ ഒന്ന്. പാതിരാത്രിയിലെ ആ തണുപ്പിലും കാറ്റിലും അവർ യാതൊരു അനക്കവുമില്ലാതെ ഒരു കരിങ്കല്ല് പോലെ ഇരിക്കുകയാണ്. ചുറ്റും വല്ലാത്തൊരു ദുർഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു… പഴകിയ മാംസത്തിന്റെയും അഴുക്കിന്റെയും മറ്റെന്തൊക്കെയോ ചേർന്ന ഒരു മനംമറിക്കുന്ന മണം.

 

എന്റെ കാലുകൾ അറിയാതെ പുറകോട്ട് വലിക്കുന്നതുപോലെ… എങ്കിലും ഞാൻ ആ പൊതിയുമായി അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു.

 

ഞാൻ മെല്ലെ ആ പൊതി അവൾക്ക് നേരെ നീട്ടി.

 

“ഇന്നാ… ഇത് കഴിച്ചോ…”

 

ഞാൻ പതുക്കെ പറഞ്ഞു.

 

പക്ഷേ അവൾ അതൊന്നും കേട്ട ഭാവമേ കാണിച്ചില്ല. ആ പൊതി വാങ്ങാൻ തയ്യാറാവാതെ, നിലത്തേക്ക് തന്നെ നോക്കി യാതൊരു അനക്കവുമില്ലാതെ അങ്ങനെ തന്നെ ഇരുന്നു.

 

ഞാൻ ഒന്നുകൂടി മുന്നോട്ടാഞ്ഞ്, ആ കുമ്പിട്ടിരിക്കുന്ന മുഖത്തിന് നേരെ പൊതി ഒന്നുകൂടി നീട്ടി. “ഇന്നാ…”

 

അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. ആ പാറിക്കിടക്കുന്ന മുടികൾക്കിടയിലൂടെ, അവളുടെ വായിൽ നിന്നും ഉമിനീർ ഒരു പൈപ്പ് തുറന്നുവിട്ടത് പോലെ നിലത്തേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. ആ മങ്ങിയ വെളിച്ചത്തിൽ അതിനൊരു ചെറിയ ചുവപ്പ് നിറമുള്ളതുപോലെ… ചോരയാണോ അത്? എനിക്കെന്തോ വല്ലാത്തൊരു അറപ്പും പേടിയും തോന്നി. ഒരുപക്ഷേ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം കാരണം എനിക്ക് വെറുതെ തോന്നിയതുമാവാം എന്ന് ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *