ലവ് ബൈറ്റ് – 5 10

 

ഗിരിയേട്ടൻ എന്നെ സുഖിപ്പിക്കാൻ തുടങ്ങി.

 

“നിന്റെ പെണ്ണിനെ കണ്ടു ഞാൻ… എജ്ജാതി ലുക്കാടാ! നല്ല ഒന്നാന്തരം സൗന്ദര്യം… എന്റെ പൊന്നോ, നിങ്ങൾ തമ്മിൽ നല്ല കിടിലൻ ചേർച്ചയുണ്ട്. ഒരു രാജകുമാരനും രാജകുമാരിയും പോലെ!”

 

ഗിരിയേട്ടന്റെ ആ പുകഴ്ത്തൽ കേട്ടപ്പോൾ എന്റെ ഉള്ളിലെ നാണക്കാരൻ വീണ്ടും തലപൊക്കി. എന്റെ തങ്കക്കുടത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോൾ ആർക്കായാലും ഒന്ന് അഹങ്കരിക്കാൻ തോന്നില്ലേ? ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

 

“ഇനിയിപ്പോ നിന്റെ കല്യാണം കഴിഞ്ഞാൽ, അടുത്തതായി നിന്റെ ചേച്ചിയുടെ കല്യാണം കൂടി അങ്ങ് നടത്തണ്ടേ?” ഗിരിയേട്ടൻ വളരെ ലാഘവത്തോടെ ചോദിച്ചു.

 

“അതിന് ആദ്യം നിങ്ങൾ രണ്ടും കൂടി ഒരു തീരുമാനത്തിൽ എത്തണ്ടേ?”

 

ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,

 

അതുകേട്ട് ബൈക്കിന്റെ മിററിലൂടെ ഗിരിയേട്ടൻ എന്നെയൊന്ന് നോക്കി ചിരിച്ചു. കാറ്റിന്റെ ഇരമ്പലിനിടയിലും പുള്ളിയുടെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

“അതവളോട് നേരിട്ട് പറയാൻ വേണ്ടിയിട്ടാടാ ഞാനിന്ന് അവളെ അന്വേഷിച്ചത്…”

 

അത്കേട്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി. ഇത്രയും കാലത്തെ ഇവരുടെ ഒളിച്ചുകളി അവസാനിക്കാൻ പോവുകയാണല്ലോ.

“അടിപൊളി! എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും. ചെന്ന് ധൈര്യമായിട്ട് കാര്യം പറ…” ഞാൻ പുള്ളിയുടെ തോളിൽ തട്ടി ആവേശം കൊടുത്തു.

അങ്ങനെ ചേച്ചിയുടെ കാര്യവും എന്റെ കല്യാണവിശേഷങ്ങളും ഒക്കെ പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ നാട്ടിൻപുറത്തെ കവലയും കടന്ന് ടൗണിലേക്ക് പ്രവേശിച്ചു.

 

പാതിരാത്രിയിലെ ടൗണിന് വല്ലാത്തൊരു ഭംഗിയുണ്ട്, ഒപ്പം ചെറിയൊരു ഭീകരതയും.

 

പകൽ സമയത്ത് വണ്ടികളുടെയും ആളുകളുടെയും തിരക്കുകൊണ്ട് ശ്വാസം മുട്ടുന്ന ആ വലിയ റോഡുകൾ ഇപ്പോൾ തികച്ചും വിജനമാണ്. മഞ്ഞ വെളിച്ചം വിതറുന്ന തെരുവുവിളക്കുകൾ നിരത്തിയിട്ട ടാർ റോഡിൽ പ്രതിഫലിച്ചു കിടക്കുന്നു.

 

റോഡിനിരുവശത്തുമുള്ള വലിയ കടകളുടെയെല്ലാം ഷട്ടറുകൾ അടഞ്ഞുകിടക്കുകയാണ്. എങ്കിലും പല കടകളുടെയും മുകളിലെ വലിയ നിയോൺ ബോർഡുകൾ ഇരുട്ടിൽ പല വർണ്ണങ്ങളിൽ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും ചീറിപ്പായുന്ന ഒന്നോ രണ്ടോ ആഡംബര കാറുകളോ ദൂരെയെവിടെയോ കുരയ്ക്കുന്ന തെരുവുനായ്ക്കളോ മാത്രമാണ് ആ നിശബ്ദതയെ കീറിമുറിക്കുന്നത്.

 

നഗരത്തിലെ രാത്രികളിലെ ആ തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ, കടയിലെ ചോരയെക്കുറിച്ചോർത്താണോ എന്തോ, ഉള്ളിലെ പേടി ഒന്നുകൂടി കൂടുന്നതുപോലെ എനിക്ക് തോന്നി.

 

മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലേക്കുള്ള ആ വലിയ സ്ട്രീറ്റിലാണ് എന്റെ കട. ഞങ്ങൾ അങ്ങോട്ട് തിരിഞ്ഞു. ദൂരെ നിന്നുതന്നെ ഞാൻ ആ കാഴ്ച കണ്ടു.

 

പകുതി ഉയർത്തിവെച്ച ഞങ്ങളുടെ കടയുടെ ഷട്ടറിനു മുന്നിലായി, തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, പേടിച്ചുവിറച്ച് ചുറ്റും നോക്കി നിൽക്കുന്ന അജു. ഞങ്ങളുടെ ബൈക്കിന്റെ വെളിച്ചം കണ്ടതും അവന് ശരിക്കും ജീവൻ തിരിച്ചു കിട്ടിയതുപോലെയായി. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഗിരിയേട്ടൻ നേരെ വന്ന് കടയ്ക്ക് മുന്നിലായി വണ്ടി ബ്രേക്കിട്ടു നിർത്തി…

 

 

വണ്ടിയിൽ നിന്നിറങ്ങി ഞാൻ വേഗം കടയുടെ അടുത്തേക്ക് ചെന്നു.

 

ശേഷം ഞങ്ങൾ പകുതി ഉയർത്തിവെച്ച ഷട്ടറിന്റെ അടുത്തേക്ക് നടന്നു. താഴെ കിടക്കുന്ന പൂട്ടുകളിലേക്ക് ഞാൻ നോക്കി. എങ്ങനെയാണ് ആ വലിയ പൂട്ടുകൾ പൊട്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല.

 

ഇരുമ്പുകമ്പി വെച്ച് അടിച്ചൊടിച്ചതോ വെട്ടിപ്പൊളിച്ചതോ പോലെയല്ല അത് കിടക്കുന്നത്. യാതൊരു ശബ്ദവുമുണ്ടാക്കാതെ, എന്നാൽ വളരെ വിചിത്രമായ രീതിയിൽ ആരോ അത് തകർത്തിരിക്കുകയാണ്!

ഗിരിയേട്ടൻ പകുതി തുറന്നു കിടന്നിരുന്ന ആ ഇരുമ്പ് ഷട്ടറിൽ പിടിച്ച് ഒറ്റവലിക്ക് മുകളിലേക്ക് ഉയർത്തി. പാതിരാത്രിയിലെ ആ നിശബ്ദതയിൽ ഷട്ടർ വലിയുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാളി.

Updated: March 12, 2026 — 9:56 pm

Leave a Reply

Your email address will not be published. Required fields are marked *