“ഇതുപോലെ കുറേ വാഴകൾ എവിടുന്നോ ഇറങ്ങി വരും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ! വെറുതെ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടണ്ട എന്ന് പറഞ്ഞേക്ക് അവനോട്… ഇനിയും എന്നെ ചൊടിപ്പിക്കാൻ നിന്നാൽ പച്ചക്ക് ഞാൻ കടിച്ചു കീറും കോപ്പ്!”
ആ വാഴ പ്രയോഗവും കടിച്ചു കീറും എന്നുള്ള ഭീഷണിയും ഫോണിന്റെ അപ്പുറത്തുള്ള ഡോക്ടർക്കല്ല, കൃത്യമായി എന്റെ നെഞ്ചിലേക്കുള്ള അമ്പാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല. ആ ചുണ്ടുകൾക്കിടയിലൂടെ കൂർത്ത പല്ലുകൾ വീണ്ടും പുറത്തേക്ക് വരുന്നതിന് മുൻപ് അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല, വാതിൽ തുറന്ന് നേരെ താഴേക്ക് പോയി!
താഴേക്ക് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നതും അവിടെയുള്ള എല്ലാവരുടെയും മുഖത്ത് എന്നെ നോക്കി വലിയൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഏട്ടനും ഏട്ടത്തിയുമൊക്കെയുണ്ട്.
അവരുടെയൊക്കെ വിചാരം ഇന്നലെ രാത്രി റൂമിൽ ഞാൻ ഭയങ്കര റൊമാൻസിലും സല്ലാപത്തിലുമായിരുന്നെന്നാണ്. അവിടെ നടന്നത് ഒരു ലോകമഹായുദ്ധവും, അതിനുമപ്പുറം ഒരു മെഗാ രക്തദാന ക്യാമ്പുമാണെന്ന് ഈ പാവങ്ങൾക്കറിയില്ലല്ലോ!
ഞാൻ ആ കള്ളച്ചിരികളൊന്നും മൈൻഡ് ചെയ്യാതെ വളരെ ഗമയിൽ നേരെ ഡൈനിങ് ടേബിളിലേക്ക് പോയി ഇരുന്നു.
“എന്താടാ… നിന്റെ പൊണ്ടാട്ടി എവിടെ? അവൾ ഇതുവരെ എഴുന്നേറ്റില്ലേ?”
എന്റെ ഇരിപ്പ് കണ്ട് ഏട്ടൻ വീണ്ടും ആ കള്ളച്ചിരിയോടെ ചോദിച്ചു.
“അവൾ കുളിക്കാൻ പോയി…”
ഞാൻ വളരെ കൂളായി, ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒപ്പിച്ചു.
എന്റെ നോട്ടം ടേബിളിൽ മൂടിവെച്ചിരുന്ന പാത്രങ്ങളിലേക്കായിരുന്നു. അത് തുറന്നതും നല്ല ചൂട് അപ്പവും, കിടിലൻ മുട്ടക്കറിയും! ആവി പറക്കുന്ന ആ അപ്പവും കറിയും കണ്ടതും എന്റെ വയറ്റിൽ വലിയൊരു വിശപ്പ് ആളിക്കത്തി. ഞാൻ വേഗം ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് നാലഞ്ചു അപ്പവും കുറേ മുട്ടക്കറിയും വാരിയിട്ടു. പിന്നെ യാതൊരു മയവുമില്ലാതെ, ദിവസങ്ങളായി പട്ടിണി കിടന്ന ഒരുവനെപ്പോലെ ഞാൻ അതൊക്കെ വലിച്ചുവാരി അകത്താക്കാൻ തുടങ്ങി!
എന്റെ ഈ ഭീകരമായ തീറ്റ കണ്ട് ഏട്ടനും ഏട്ടത്തിയുമൊക്കെ വായും പൊളിച്ച് നിൽപ്പുണ്ടായിരുന്നു. ‘ഇവന് ഇത്രമാത്രം വിശക്കാൻ ഇന്നലെ രാത്രി ഇവൻ എന്ത് പണിയാടാ എടുത്തത്’ എന്നൊരു നോട്ടമായിരുന്നു ഏട്ടന്റെ മുഖത്ത്.
അവർക്കറിയില്ലല്ലോ എന്റെ ശരിക്കുള്ള അവസ്ഥ!
ഇന്നലെ രാത്രി എന്റെ ഈ കൊച്ചു ശരീരത്തിൽ നിന്നും ആ യക്ഷി എത്ര ലിറ്റർ ചോരയാണ് വലിച്ചുകുടിച്ചതെന്ന് എനിക്ക് മാത്രമല്ലേ അറിയൂ!
പോരാത്തതിന് അവളുടെ ഇന്നത്തെ ആ വെല്ലുവിളിയും കോലവും ഒക്കെ കണ്ടിട്ട് ഇനിയും അവൾ എന്നെ വെറുതെ വിടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. എന്തായാലും നല്ലത് പോലെ കഴിച്ച് ഈ ശരീരം ഒന്ന് പുഷ്ടിപ്പെടുത്തട്ടെ. ഈ അപ്പവും മുട്ടയും ഒക്കെ കഴിച്ച് പുതിയ ചോര ഉണ്ടാക്കിയിട്ട് വേണമല്ലോ ഇന്ന് രാത്രി വീണ്ടും എന്റെ പൊണ്ടാട്ടിക്ക് ഊറ്റിക്കുടിക്കാൻ കൊടുക്കാൻ!
ശരിക്കും ഞാൻ വെറുമൊരു ഭർത്താവല്ല, അവൾക്ക് ചോര സപ്ലൈ ചെയ്യുന്ന ഒരു വെറും ബ്ലഡ് ബാങ്ക് ആണ്… ഒരു ജ്യൂസ് മെഷീൻ! ഇതൊക്കെ ആലോചിച്ചുകൊണ്ട്, എന്റെ സങ്കടങ്ങൾ മുഴുവൻ ഞാൻ ആ മുട്ടക്കറിയിൽ തീർത്തു!
കഴിച്ച് കഴിഞ്ഞ് ഞാൻ പതുക്കെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. അവിടെ ടിവിക്ക് മുന്നിലുള്ള വലിയ സോഫയിൽ എന്റെ കുടുംബത്തിലുള്ള കുറച്ച് തലതെറിച്ച സന്താനങ്ങൾ എല്ലാം കൂടി വലിയൊരു സമ്മേളനം നടത്തുന്നുണ്ടായിരുന്നു.
കാർട്ടൂൺ വെക്കാനും പാട്ട് വെക്കാനുമൊക്കെയുള്ള അവരുടെ വലിയൊരു തല്ലുപിടുത്തമായിരുന്നു അവിടെ. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ, അവരുടെ നടുക്കായി ഒരു വലിയ കുട്ടിയെപ്പോലെ ചെന്ന് ഇടിച്ചുകയറി ഇരുന്നു. റിമോട്ടിന് വേണ്ടി അവരുമായി മല്ലിട്ട്, ഞാനും ആ കൂട്ടത്തിൽ വലിയൊരു പോരാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
