അവൻ ഞങ്ങളുടെ തൊട്ടുമുന്നിൽ വന്ന് നിന്നിട്ട്, വളരെ പ്രതീക്ഷയോടെ ചോദിച്ചു:
“ഹലോ… എന്നെ മനസ്സിലായോ?”
ഇതേത് മൈരൻ? ഞാൻ അവനെ അടിമുടി ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കിരണും ആലോചനയിലായി. അവനെ കണ്ടിട്ട് എനിക്കെവിടെയോ ഒരു പരിചയം തോന്നുന്നുണ്ടെങ്കിലും പെട്ടെന്ന് ആളെ പിടികിട്ടിയില്ല. ഞങ്ങൾക്ക് മനസ്സിലായില്ല എന്ന് അവന് മനസിലായപ്പോൾ, ചെറിയൊരു ചമ്മലോടെ അവൻ തന്നെ സ്വയം പരിചയപ്പെടുത്തി:
“ഞാനാണ് സുമന നാരായണൻ… നമ്മൾ പ്ലസ്ടുവിൽ ഒരേ ബാച്ചിൽ ഉണ്ടായിരുന്നില്ലേ?”
സുമന നാരായണൻ! പെട്ടെന്നാണ് എനിക്ക് ആളെ ഓർമ്മ വന്നത്. പേര് പോലെ തന്നെ ഒരു അറു മൊണ്ണ…..
സ്പോർട്സിലോ കലാപരിപാടികളിലോ ഒന്നും യാതൊരു താല്പര്യവുമില്ലാതെ, എപ്പോ നോക്കിയാലും എന്തെങ്കിലും ഒക്കെ വലിയ പുസ്തകങ്ങൾ വായിച്ചിരിക്കുന്ന ഒരു പഠിപ്പിസ്റ്റ്!
ഞങ്ങളെപ്പോലുള്ള ബാക്ക്ബെഞ്ചേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, പഠിക്കാൻ മാത്രം അറിയാവുന്ന ഒരു പുസ്തകം വിഴുങ്ങി..!
“അമ്പട കേമാ സുമനകുട്ടാ! ഇത് നീയായിരുന്നോ? ആകെ മാറിപ്പോയല്ലോടാ, പെട്ടെന്ന് കണ്ടപ്പോ മനസ്സിലായില്ല.”
വലിയ സന്തോഷമൊന്നും ഇല്ലെങ്കിലും പഴയൊരു ക്ലാസ്സ്മേറ്റ് അല്ലെ, ഞങ്ങൾ ഒരുവിധം ചിരിച്ചുകൊണ്ട് അവനെ സ്വീകരിച്ചു.
“അതെ, കുറെ കാലമായല്ലോ കണ്ടിട്ട്.”
എന്ന് പറഞ്ഞ് അവൻ യാതൊരു മടിയുമില്ലാതെ ഞങ്ങളുടെ തൊട്ടടുത്തുള്ള ബെഞ്ചിലേക്ക് വന്നിരുന്നു.
പോരാത്തതിന്, “ചേട്ടാ… എനിക്കൊരു ചായ കൂടി” എന്ന് പറഞ്ഞ് ഞങ്ങളുടെ കണക്കിൽ ഒരെണ്ണം ഓർഡർ ചെയ്യുകയും ചെയ്തു!
ഞാനും കിരണും പരസ്പരം ഒന്ന് നോക്കി. ഇതൊരു വലിയ ശല്യമായല്ലോ എന്ന് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു. കിരണും അവനെ കണ്ടതിന്റെ കലിപ്പിലായിരുന്നു.
എന്തായാലും വന്നിരുന്ന് പോയില്ലേ, ഞങ്ങൾ ഒരു മര്യാദയ്ക്ക് വേണ്ടി അവനോട് വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി.
“എന്തൊക്കെയുണ്ട് സുമനാ വിശേഷം? നീയിപ്പോ എന്തുചെയ്യുവാ? വലിയ സയന്റിസ്റ്റ് വല്ലതും ആയോ?”
കിരൺ അല്പം പരിഹാസത്തോടെ ചോദിച്ചു.
“ഏയ് ഇല്ലെടാ… ഞാനിപ്പോ എഴുത്തും റിസർച്ചും ഒക്കെയായിട്ട് ഇങ്ങനെ പോവുകയാ…”
വലിയ ഗൗരവത്തിൽ, കയ്യിലിരുന്ന ആ കട്ടിയുള്ള ബുക്കുകൾ നിറച്ച സഞ്ചി ബാഗ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ടവൻ പറഞ്ഞു….
ചായ കുടിക്കുന്നതിനിടയിലും ഞങ്ങളുടെ സംസാരം തുടർന്നു. പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോൾ അവൻ വെറുമൊരു മൊണ്ണയായിരുന്നു. പക്ഷേ ഇപ്പോ സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, സമയം കുറേ കഴിഞ്ഞപ്പോൾ അവൻ അപ്‌ഡേറ്റ് ആയി ഒന്നുകൂടി പ്രോ മാക്സ് ലെവൽ മൊണ്ണയായിട്ടുണ്ടെന്ന്!
അവനൊരു ബോറനാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടും, ഞങ്ങളെക്കൊണ്ട് ഒരു രക്ഷയുമില്ലെന്ന് കണ്ടിട്ടും സുമനനാരായണൻ അവന്റെ റിസർച്ചിന്റെയും എഴുത്തിന്റെയും കഥകൾ നിർത്തിയിരുന്നില്ല.
ഒടുവിൽ ചായയൊക്കെ കുടിച്ച്, വർത്തമാനവും കഴിഞ്ഞ് ഞങ്ങൾ എഴുന്നേൽക്കാൻ തുടങ്ങി.
“ശരി സുമനാ… പിന്നെ കാണാം. ഞങ്ങൾക്കൊരല്പം തിരക്കുണ്ട്.”
കിരൺ വേഗം സ്കൂട്ടാകാൻ നോക്കി.
“നിൽക്ക് നിൽക്ക്… പോകുന്നതിന് മുൻപ് ഒരു കാര്യമുണ്ട്.”
എന്ന് പറഞ്ഞ് അവൻ തന്റെ കയ്യിലുണ്ടായിരുന്ന ആ വലിയ ബാഗ് തുറന്ന്, അതിൽ നിന്നും കുറച്ച് പുസ്തകങ്ങൾ എടുത്ത് ആ തട്ടുകടയിലെ ടേബിളിലേക്ക് നിരത്തി വെച്ചു.
അതിൽ നിന്നും രണ്ട് പുസ്തകങ്ങൾ എടുത്ത്, വളരെ അഭിമാനത്തോടെ ഞങ്ങൾക്ക് ഓരോരുത്തർക്കുമായി നീട്ടിക്കൊണ്ട് അവൻ പറഞ്ഞു:
“ഇത് ഞാൻ ഈയിടെ എഴുതിയ ഒരു പുസ്തകമാണ്. നിങ്ങളിത് വായിക്കണം. വായിച്ചിട്ട് അഭിപ്രായം പറയണം കേട്ടോ.”
ഞാൻ ഒട്ടും താല്പര്യമില്ലാതെ ആ പുസ്തകം വാങ്ങി. അതിന്റെ കവർ പേജിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു.
