ലവ് ബൈറ്റ് – 7 25അടിപൊളി 

 

ഒരിക്കൽ മനസ്സിന്റെ വേദന സഹിക്കാൻ വയ്യാതെ, ഇതെല്ലാം ഞാൻ എല്ലാവരോടും പറയുമെന്ന് അവളോട് സൂചിപ്പിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ, ഭക്ഷണം കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകാൻ നേരം അവൾ എന്റെ അമ്മയെ സ്നേഹത്തോടെ ഒന്നുകൂടി ആലിംഗനം ചെയ്തു. ആ കെട്ടിപ്പിടുത്തം കഴിഞ്ഞ് അവൾ മാറിയതും… അമ്മയുടെ കഴുത്തിന്റെ ബാക്കിൽ നിന്നും ചെറിയൊരു ചോരച്ചാൽ താഴേക്ക് ഒഴുകാൻ തുടങ്ങി!

 

ഇതുകണ്ട് അവൾ തന്നെ വലിയൊരു സങ്കടവും വെപ്രാളവും അഭിനയിച്ചെങ്കിലും, എന്നെ നോക്കിയുള്ള അവളുടെ ആ നോട്ടത്തിൽ എനിക്കുള്ള കൃത്യമായൊരു മുന്നറിയിപ്പുണ്ടായിരുന്നു. വല്ല സൂചിപിന്നോ അല്ലെങ്കിൽ അമ്മയുടെ തന്നെ നഖമോ മറ്റോ തട്ടിയതാവാം എന്ന് വിചാരിച്ച് വീട്ടുകാർ അതങ്ങ് വിട്ടു.

 

വിവരമുള്ളവരാണെങ്കിലും അത്രയ്ക്ക് ബുദ്ധിയേ എന്റെ കുടുംബത്തിനുള്ളൂ എന്ന് അന്നെനിക്ക് മനസ്സിലായി.

 

അതോടെ എന്റെ സകല ധൈര്യവും ചോർന്നുപോയി. എന്റെ കുടുംബത്തിന്റെ ജീവന് വേണ്ടി, അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും നിന്നുകൊടുക്കുന്ന ഒരു പാവയായി ഞാൻ മാറി.

 

ചോര കിട്ടിയാൽ പിന്നെ അവൾക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ല, എന്നെ കൂടുതൽ ഉപദ്രവിക്കാനും അവൾ വരില്ല. എന്തിനേറെ ചിലപ്പോഴൊക്കെ അവൾക്ക് എന്നോട് സ്നേഹമുണ്ടെന്ന് വരെ ഞാൻ സംശയിച്ചിട്ടുണ്ട്….

 

പക്ഷേ… ദിവസങ്ങൾ കഴിയുന്തോറും എന്റെ ശരീരം വല്ലാതെ മാറിത്തുടങ്ങി. എനിക്ക് എല്ലാ കാര്യങ്ങൾക്കും ഭയങ്കര മടിയായി. എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത ഒരു ശാരീരികാവസ്ഥ. ഓരോ ദിവസം കഴിയുമ്പോഴും ഞാൻ മെലിഞ്ഞ് ക്ഷീണിച്ച് ഇല്ലാതായിക്കൊണ്ടിരുന്നു. ഒപ്പം അവളുടെ ചോരയോടുള്ള ദാഹവും ഊറ്റലും ഭയാനകമായി വർദ്ധിച്ചുവരികയും ചെയ്തു.

 

ഇങ്ങനെ പോയാൽ എത്ര കാലം ഞാൻ ജീവനോടെ ബാക്കിയുണ്ടാകുമെന്നനിക്കറിയില്ല.

 

ഇതിനിടയിൽ രണ്ട് തവണ ഞാൻ എന്റെ ഷോപ്പിൽ വെച്ച് തലകറങ്ങി ബോധംകെട്ട് വീഴുകയുണ്ടായി. പക്ഷേ ഞാൻ കിരണിനോട് സത്യങ്ങളെല്ലാം മറച്ചുവെച്ചു.

 

തിരക്കില്ലാത്ത കടയിൽ വർക്ക്‌ പ്രഷർ വന്നത് കൊണ്ടാണ് എന്ന് പറഞ്ഞ് വിദഗ്ദ്ധമായി ഞാൻ അവനെ ഒഴിവാക്കി… ആ പാടുവാഴ വെള്ളം തൊടാതെ അത്‌ വിശ്വസിക്കുകയും ചെയ്തു….

 

പക്ഷേ… ഇനിയും എനിക്ക് ഇങ്ങനെ തുടരാൻ കഴിയില്ല. പൂർണ്ണമായും എന്റെ ജീവൻ പോകുന്നതിന് മുൻപ് ഈ യക്ഷിയിൽ നിന്നും, ഈ നരകത്തിൽ നിന്നും എനിക്കെങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ! ഒരു പോംവഴി ഞാൻ കണ്ടുപിടിച്ചേ തീരൂ!}

 

 

 

________________________________________________

 

 

 

ഒരു ഞായറാഴ്ച ദിവസം……

 

 

ഞാനും കിരണും കൂടി ടൗണിലുള്ള ഒരു തട്ടുകടയിൽ പോയി ചൂട് ചായയും കുടിച്ച് ഇരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം വീട്ടിലെ ആ ശ്വാസംമുട്ടലിൽ നിന്നും ഒന്ന് പുറത്തിറങ്ങിയതാണ് ഞാൻ.

 

“എന്താടാ നിനക്കിപ്പോ പറ്റിയത്? നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് എനിക്കറിയാം, എന്നാലും കല്യാണം കഴിഞ്ഞപ്പോ നീ ഇത്രക്ക് അങ്ങ് ബിസിയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇപ്പോ നിന്നെ പുറത്തൊന്ന് കാണാനേ കിട്ടുന്നില്ലല്ലോ… പോരാത്തതിന് നീ എന്താടാ ഇങ്ങനെ വല്ലാതെ ക്ഷീണിച്ചു പോയത്? നിന്നെ കണ്ടാൽ അസുഖം വന്ന കോഴിയേ പോലെ ഉണ്ടല്ലോ…..!”

 

ചായ ഗ്ലാസ്സ് ചുണ്ടോട് ചേർത്തുകൊണ്ട് കിരൺ ചോദിച്ചു.

അതിനുള്ള മറുപടി ഞാൻ ചെറിയൊരു പുഞ്ചിരിയിൽ മാത്രം ഒതുക്കി.

 

അല്ലെങ്കിലും സത്യങ്ങൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

 

കിരൺ എന്തൊക്കെയോ അവിടെക്കിടന്ന് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഷോപ്പിലെ കാര്യങ്ങളോ മറ്റോ ആവണം. പക്ഷേ എന്റെ മനസ്സ് അതൊന്നും ശ്രദ്ധിക്കാതെ, എന്നെ ഈ നരകത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുത്താം എന്ന ആലോചനയിലുമായി വേറേതോ ലോകത്തായിരുന്നു.

 

അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് അല്പം നീട്ടി വളർത്തിയ മുടിയും, കണ്ണടയും, കയ്യിൽ ഒരു വലിയ ബാഗും തൂക്കി ഒരാൾ വന്നത്.

Updated: April 25, 2026 — 10:11 pm

Leave a Reply

Your email address will not be published. Required fields are marked *