വണ്ടിയിൽ സ്റ്റേഷനിലേക്കുള്ള യാത്രയിൽ അവൾ വല്ലാതെ നിശബ്ദയായിരുന്നു.
“ഇനി നമ്മൾ കാണുമോ വൈശാഖ്…?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ അവളുടെ തോളിൽ കൈ വെച്ച് പറഞ്ഞു: “നീ ഒന്ന് വിളിച്ചാൽ മാത്രം മതി, ഞാൻ ഇങ്ങോട്ട് പറന്നെത്തില്ലേ മോളെ…”
”അപ്പോൾ ഞാൻ വിളിക്കാതെ നീ വരില്ലേ?” അവൾ പരിഭവത്തോടെ ചോദിച്ചു.
”അങ്ങനെയാണെങ്കിൽ ഞാൻ ഇങ്ങോട്ട് താമസം മാറ്റി ഇവിടെ എവിടെയെങ്കിലും എന്തെങ്കിലും ജോലി നോക്കട്ടെ, നിന്റെ അടുത്ത് തന്നെ കാണാമല്ലോ.” എന്റെ ആ മറുപടി കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: “വേണ്ടടാ… ഞാൻ നിന്നെ വിളിക്കുമ്പോൾ മാത്രം നീ വന്നാൽ മതി, അതാണ് നല്ലത്.” ആ തമാശ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പെട്ടെന്ന്, സ്റ്റേഷനിൽ നിൽക്കുന്ന ആളുകളെ പോലും വകവെക്കാതെ അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ആ 12B ഫ്ലാറ്റിലെ ആവേശത്തേക്കാൾ എത്രയോ മടങ്ങ് തീവ്രമായിരുന്നു ആ ആലിംഗനം. അവൾ എന്നെ വിട്ടപ്പോൾ അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഞാൻ വിരലുകൾ കൊണ്ട് ആ കണ്ണുകൾ തുടച്ചു.
”എന്താ ഇത്… ഞാൻ ഇടയ്ക്ക് വരാം ടീ. നിനക്ക് എപ്പോൾ എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ പറന്നെത്തും. പോരേ?” ഞാൻ ചോദിച്ചപ്പോൾ അവൾ പതുക്കെ തലയാട്ടി.
”എന്നാൽ ഇനി ചിരിച്ചുകൊണ്ട് എന്നെ യാത്രയയക്കൂ…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.
“പൊക്കോ… മെസ്സേജ് അയക്കണം ട്ടോ…” അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. ഞാൻ അവളുടെ നെറുകയിൽ ആർദ്രമായി ഒരു ചുംബനം നൽകി. പതുക്കെ തിരിഞ്ഞു നടക്കുമ്പോഴും ആതിര അവിടെത്തന്നെ നിന്ന് ഞാൻ മറയുന്നത് വരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോൾ വലിയ തിരക്കില്ലായിരുന്നു. ഞാൻ കയറി ഒരു വിൻഡോ സീറ്റ് തന്നെ പിടിച്ചു. ആതിര അപ്പോഴേക്കും വണ്ടി എടുത്തു പോയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്. ഞാൻ വേഗം ഫോണെടുത്ത് അവൾക്ക് മെസ്സേജ് അയച്ചു: “ട്രെയിൻ കേറി കേട്ടോ…”
പെട്ടെന്ന് തന്നെ അവളുടെ മറുപടി വന്നു. ഞാൻ വീണ്ടും ടൈപ്പ് ചെയ്തു: “I miss you dear…” അതിന് മറുപടിയായി അവൾ ഒരു ലവ് ഇമോജി അയച്ചു. പതുക്കെ ട്രെയിൻ നീങ്ങിത്തുടങ്ങി. വിൻഡോയിലൂടെ വരുന്ന കാറ്റ് മുഖത്തടിച്ചപ്പോൾ ഞാൻ വീണ്ടും മെസ്സേജ് അയച്ചു: “എടീ… ട്രെയിൻ നീങ്ങിത്തുടങ്ങി…”
അതിന് അവൾ തന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. “നീ ഒന്ന് പുറത്തേക്ക് നോക്ക്…” എന്നായിരുന്നു ആ മെസ്സേജ്.
ഞാൻ വേഗം ജനലിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് നോക്കി. അവൾ പോയിട്ടുണ്ടായിരുന്നില്ല! ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവൾ എന്നെ നോക്കി നിൽക്കുകയായിരുന്നു. എന്റെ കണ്ണുടക്കിയപ്പോൾ അവൾ മുഖത്ത് വിരിഞ്ഞ ഒരു വലിയ ചിരിയോടെ എനിക്ക് കൈ വീശി. “ബൈ…” എന്ന് അവൾ ആംഗ്യം കാണിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഇപ്പോഴും ആ പ്രണയത്തിന്റെ തിളക്കം ബാക്കിയുണ്ടായിരുന്നു. ട്രെയിൻ വേഗത എടുക്കുന്നത് വരെ അവൾ എനിക്ക് കൈ വീശിക്കൊണ്ടേ ഇരുന്നു.
“ഒരാൾ വേണ്ടാന്നു വെച്ചു ഉപേക്ഷിച്ചു പോയതിനെ… അതിനേക്കാൾ മനോഹരമായി സ്നേഹിക്കാൻ മറ്റൊരാൾക്ക് കഴിയും. കാരണം, ചിലർക്ക് ഭാരമായി തോന്നുന്നത് മറ്റു ചിലർക്ക് ജീവശ്വാസമായിരിക്കും.”
സസ്നേഹം..
ജോൺ എബ്രഹാം ❤️
