”അപ്പോ നമ്മൾ രണ്ടുപേരും ഒരേ നാട്ടുകാരാണല്ലേ!” എന്റെ ശബ്ദത്തിൽ ഒരു ചെറിയ ആവേശം കലർന്നു. “ആതിര… പേര് പോലെ തന്നെ ഒരു ഐശ്വര്യമുണ്ട് ആ മുഖത്തിന്.”
അവൾ ഒന്ന് ചിരിച്ചു. “മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയതുകൊണ്ടാണോ ഇത്രയും നന്നായി സോപ്പിടുന്നത്?”
ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചുപോയി. “ഇത് സോപ്പല്ല ആതിരാ,
മനസ്സ് തുറന്നുള്ള പറച്ചിലാണ്.”
ഷൊർണൂർ കഴിഞ്ഞ് വണ്ടി വേഗത കൂട്ടിയപ്പോൾ ജനാലയിലൂടെ വന്ന കാറ്റിൽ ആതിരയുടെ മുടിയിഴകൾ പാറി. ആ ചുവന്ന സാരിയുടെ തുമ്പ് കാറ്റിൽ ഇളകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, ഈ ട്രെയിൻ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന്. ഇൻഫോപാർക്കിലെ ജോലിത്തിരക്കുകളെക്കുറിച്ചും കോഴിക്കോട്ടെ വിശേഷങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ പതുക്കെ ആതിരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, “ആതിരയുടെ കല്യാണം… കഴിഞ്ഞതാണോ?”
ഒരു നിമിഷം അവൾ ജനാലയ്ക്ക് പുറത്തേക്ക് നോക്കി, എന്നിട്ട് ശാന്തമായി പറഞ്ഞു, “കഴിഞ്ഞതാണ്. ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിക്കുന്ന ഒരു മോനുണ്ട് എനിക്ക്.”
ആ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് മിന്നി. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി! “ആതിര കള്ളം പറയുകയാണല്ലേ?” ഞാൻ ഒന്ന് സംശയത്തോടെ ചോദിച്ചു. “നിങ്ങളുടെ സീമന്തരേഖയിൽ സിന്ദൂരമില്ല, കഴുത്തിൽ താലിയുമില്ല… പിന്നെങ്ങനെ?”
അവൾ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഒരു സങ്കടമുണ്ടായിരുന്നു. “ഭയങ്കര ജ്ഞാനം ആണല്ലോ സ്പൈഡർമാന്! ഞാൻ പറഞ്ഞത് എല്ലാം സത്യമാണ്. പക്ഷേ…”
അവൾ ആ വാചകം അപൂർണ്ണമാക്കി നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ആകാംക്ഷ കൂടി. “പക്ഷേ…?”
”പക്ഷേ, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ല. ഡിവോഴ്സ് ആണ്.” അവൾ പറഞ്ഞു തീർത്തപ്പോഴേക്കും ആ കണ്ണുകൾ ഒന്ന് നിറഞ്ഞു തുളുമ്പി. ചന്ദനക്കുറിയും ചുവന്ന പൊട്ടുമുള്ള ആ മുഖത്ത് ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിലൊരു നീറ്റലായിരുന്നു.
ഒന്നും ആലോചിച്ചില്ല, ആശ്വാസമെന്നോണം ഞാൻ അവളുടെ ആ ചുവന്ന സാരിയുടെ തുമ്പിനടുത്തുള്ള കയ്യിൽ പതുക്കെ ഒന്ന് പിടിച്ചു. ആ സ്പർശനം അവൾക്ക് ഒരു വലിയ ആശ്വാസമായെന്ന് അവളുടെ ആ മുഖഭാവം പറഞ്ഞുതരുന്നുണ്ടായിരുന്നു.
”എത്ര കാലമായി ഡിവോഴ്സ് ആയിട്ട്?” ഞാൻ പതുക്കെ ചോദിച്ചു.
”അഞ്ച് വർഷം ആവുന്നു.”
”അപ്പോൾ മകൻ? മകൻ എവിടെയാണ്?”
”അവൻ… അവൻ അയാളുടെ കൂടെയാണ്.” ഒരു ദീർഘനിശ്വാസത്തോടെ അവൾ മറുപടി പറഞ്ഞു.
ആതിരയുടെ ആ വാക്കുകളിൽ ഒരു വലിയ കഥയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇത്രയും നേരം കണ്ട ആ കുസൃതിക്കാരിയായ ആതിരയല്ല ഇപ്പോൾ എന്റെ മുന്നിലുള്ളത്. ട്രെയിൻ ആലുവയിലേക്ക് അടുക്കുമ്പോൾ ഞങ്ങളുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു. പക്ഷേ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു അർത്ഥമുണ്ടായിരുന്നു.
ആതിരയുടെ കണ്ണിലെ ആ നനവ് കാണാൻ എനിക്ക് വയ്യായിരുന്നു. ആ നിശബ്ദത ഒന്ന് മാറ്റാൻ വേണ്ടി ഞാൻ എന്റെ വക ഒരു ഒന്നാന്തരം ‘ചളി’ അങ്ങോട്ട് എടുത്തു പ്രയോഗിച്ചു.
”അല്ല ആതിരാ… അപ്പോൾ പിന്നെ നിയമപരമായി നോക്കിയാൽ ഞാൻ നിങ്ങളെ ‘ചേച്ചി’ എന്ന് വിളിക്കേണ്ടി വരുമല്ലോ! ഇത്രയും നേരം നോക്കി വെള്ളമിറക്കിയിട്ട് ഒടുവിൽ ചേച്ചി എന്ന് വിളിക്കേണ്ടി വരുന്ന സ്പൈഡർമാന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കിയേ…”
അത് കേട്ടതും ആതിരയുടെ സങ്കടമൊക്കെ എവിടെയോ പോയി മറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചു പോയി. “അയ്യോ… നീ എന്നെ പേര് വിളിച്ചാൽ മതി. നിന്നെക്കാളും വെറും രണ്ട് വയസ്സേ എനിക്ക് കൂടുതലുള്ളൂ. അതുകൊണ്ട് ആ ചേച്ചി വിളി അവിടെ ഇരിക്കട്ടെ!”
ഞാൻ ഒന്ന് കണക്ക് കൂട്ടി നോക്കി. “അപ്പോ 18 വയസ്സായപ്പോഴേക്കും നിന്നെ പിടിച്ചു കെട്ടിച്ചോ? നമ്മുടെ പേരന്റ്സിന്റെ ഒരു കാര്യം കഷ്ടം തന്നെ!” ഞാൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
അവൾ പതുക്കെ തലയാട്ടി. “അതെ… അന്നത്തെ കാലത്തെ ഓരോ തീരുമാനങ്ങൾ. പക്ഷേ അത് പോട്ടെ, ഇപ്പോൾ അതൊന്നും ആലോചിക്കാനില്ല.”
