ഇപ്പോ പതിനൊന്ന് കഴിഞ്ഞാൽ ആ മുറീല് ലൈറ്റ് കാണാറുണ്ടോ അമ്മു…….
ഇത്ര എളുപ്പത്തിൽ മാറ്റിവെക്കാവുന്ന ഒന്നായിരുന്നോ നിന്റെ ലക്ഷ്യം……“
അമ്മു പറയുന്ന വാക്കുകൾ ഓരോന്നും ശരിയായതുകൊണ്ട് തലതാഴ്ന്നു തന്നെ നിൽപ്പാണ്….
”അമ്മ വഴക്ക് പറയണതല്ല….
രണ്ടുപേരുടെയും പ്രായം അങ്ങനാ…
ഇതൊക്കെ ഇപ്പൊ അറിഞ്ഞില്ലേൽ ആസ്വദിച്ചില്ലേൽ പിന്നെന്നാ…
പക്ഷേ അതിനിടയ്ക്ക് ചെയ്യേണ്ട കടമകളും ഉത്തരവാദിത്തങ്ങളും മറന്നുപോകരുത്…..
പഠിക്കണം….പഠിത്തം കഴിഞ്ഞുമതി മറ്റെന്തും….
അതിന് കഴിയാതെ പോയൊരാൾ അനുഭവം കൊണ്ടു പറഞ്ഞു തരണേയാന്ന് കരുതിയാ മതി…..
സ്നേഹിക്കണം……
പക്ഷേയത് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമെല്ലാം പൂർത്തീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആയിരിക്കണം…കെടുത്താൻ തക്കത് ആകരുത്…..
കുറെയേറെ നേരമായി ആവി പൊന്തുന്ന പാത്രം ഇറക്കിവെക്കാനായി മായ തിരിഞ്ഞു….
“പിന്നൊന്നൂടെ…..
സൂക്ഷിച്ചും കണ്ടും ഒന്നും നിന്നില്ലേൽ അടുത്ത കൊല്ലം ഈ നേരത്ത് വയറുഴിഞ്ഞു തരേണ്ട വരും ഞാൻ…..
അമ്മു മനസിലാവാത്ത മട്ടിൽ നോക്കി…..
”ദാ ഇവിടൊരു ആള് ഉടനൊന്നും വരാതെ നോക്കണംന്നു……“
അവളുടെ ഉണ്ണിവയറിൽ ഒന്നു തിരുമ്മി വിട്ട് മായ കളിയാക്കി…..
”അയ്യേ…..ഞങ്ങളങ്ങനൊന്നും ഇല്ലാമ്മ….പാവല്ലേ അമ്മേടെ മോൻ….“
”ഉവ്വാ….അവനെ അവന്റെ അച്ഛന്റെ സ്വഭാവാ കിട്ടിയേക്കണേ….
നല്ലപോലെ സൂക്ഷിച്ചോ നീയ്…..“
“അപ്പൊ ചിന്നു പറഞ്ഞേ സത്യാലേ….ഒറ്റ രാത്രി കൊണ്ടു തന്നട്ട് പോയെ ആലേ അമ്മക്കവനെ…..”
അമ്മു ചമ്മല് മറക്കാനായി മായയെ തന്നെ കളിയാക്കിവിട്ടു….
“വല്യ വർത്താനം പറയാണ്ട് പോണുണ്ടോ നീയ്……”
വെറുതേ കയ്യൊന്നോങ്ങിയതും കഴുകിയ പ്ലേറ്റ് റാക്കിലേക്ക് വച്ചു അമ്മു ഓടിക്കളഞ്ഞു…..
ഒരു രാത്രി കൊണ്ടൊന്നും അല്ല…..
ആ വലിയ മാളിക വീടിന്റെ പകൽപോലും വെളിച്ചം എത്താത്തൊരു ഇരുട്ട് മുറിയിൽ കുറെയധികം പകലുകൾ കഴിച്ചുകൂട്ടിയതിന്റെ അന്നത്തെ പതിനേഴുകാരിയും പത്തൊമ്പതു കാരനും കണ്ടുകൂട്ടിയ സ്വപ്നങ്ങളുടെ ആകെതുകയാണവനെന്നോർക്കേ
ചിതലുമൂടാൻ വിട്ട ഓർമകളുടെ കുത്തൊഴുക്കിൽ കണ്ണെരിഞ്ഞു മായക്ക്…..
ഒന്നു നെടുവീർപ്പിട്ടുകൊണ്ട് ബാക്കി പണികളിലേക്ക് തിരിഞ്ഞു…..
പിറ്റേ ആഴ്ച കട്ടിളവെപ്പും നടത്തി…..
മഴ കുറഞ്ഞിരുന്ന നേരം ആയതുകൊണ്ട് വേഗത്തിൽ ചടങ്ങുകളൊക്കെ തീർന്നു…
അമ്മു അന്ന് ഹാഫ്ഡേ ലീവെടുത്തു ഉച്ചവരെ നിന്നു….
എല്ലാം കഴിഞ്ഞിറങ്ങാൻ നേരം ഒന്നു തിരിഞ്ഞുനോക്കിയിട്ട് ഒപ്പം നടന്ന ഹരിയുടെ കൈയിൽ മുറുകെപിടിച്ചു മായ…..
സന്തോഷം കൊണ്ടു വീർപ്പുമുട്ടുന്നുണ്ടായിരുന്നു…..
എല്ലാരുടെയും കണ്ണിൽ ഒന്നുമല്ലാതിരുന്ന ഒരമ്മയും മകനും ഉറുമ്പ് അരിമണികൂട്ടുമ്പോലെ കൂട്ടിവെച്ചു സ്വന്തമാക്കാൻ പോകുന്ന മോഹം……
അമ്മുവിന് അവന്റെ വലതുകയ്യോട് ചേരണമെന്ന് തോന്നിയെങ്കിലും ഹരിയൊന്നും അറിയേണ്ടെന്ന് മായ പറഞ്ഞാ വാക്കിന്മേൽ വെറുതേ കൂടെ നടന്നു…..
അതും കഴിഞ്ഞു പിറ്റേന്ന് പങ്കു തിരികെ മകളുടെ വീട്ടിലേക്ക് പോയി….
ഇത്തവണ എന്തോ കുരുത്തത്തിനു വഴക്കുണ്ടാക്കിയുള്ള പോക്കല്ല….
കൊച്ചുമോൾ വയസറിയിച്ചതിനുള്ള ചടങ്ങിന് വിളിച്ചിട്ട് പോയതാണ്……
ഹരിക്ക് ഓട്ടം പോകാനും ആയി……
പോകരുതെന്ന് ഒരു നൂറുവട്ടം പറഞ്ഞിട്ടും കെഞ്ചിയിട്ടും അവൻ കേൾക്കാത്തതിന്റെ പിണക്കത്തിൽ അമ്മു ഇറങ്ങാറായിട്ടും മുറിക്ക് പുറത്തേക്ക് വരാതെ പിണങ്ങിയിരിപ്പാണ്…..
“കുറച്ച് ദിവസത്തെ കാര്യല്ലേ….വേഗം പോയിട്ട് വരാന്നെ….ഇറങ്ങാൻ നേരത്തു മുഖം വാട്ടിയിരിക്കാണ്ട് ഒന്ന് ചിരിക്കമ്മു…..”
“ഇപ്പൊ എന്തിന്റെ അത്യാവശ്യം ഉണ്ടായിട്ടാ നീയീ പോണേ…”
“കാശിനാവശ്യം ഇല്ലാത്ത മനുഷ്യരുണ്ടോ അമ്മു….നിന്റെ sem ഫീയും അടക്കാറായില്ലേ….ഇതിപ്പോ അതിന് മാത്രല്ല….ഒരു ചെറിയ വലിയ ആഗ്രഹം ഉണ്ടെനിക്ക് അതു നേടാനായി കൂടെയാ….ഒക്കേം പറഞ്ഞുതരാം ഒരു ദിവസം….ഇപ്പൊ പിണങ്ങാണ്ട് ഒരുമ്മ തന്നു പറഞ്ഞുവിടെടി…..”
