“നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താ?”
“മ്മ്.”
അവൾ അധികം ആലോചിച്ചില്ല.
“ചിക്കൻ സ്റ്റ്യൂ.”
ഞാൻ ചിരിച്ചു.
“അത്ര ഇഷ്ടമാണോ?”
“ഭയങ്കര ഇഷ്ടാ .”
“എങ്കിൽ നാളെ ഡിന്നർ എന്റെ വീട്ടിലായാലോ?”
അവൾ എന്നെ നോക്കി.
“ശരിക്കും?”
“ശരിക്കും . നിനക്ക് ചിക്കൻ സ്റ്റ്യൂ വേണമെങ്കിൽ.”
“വേണം.”
“അപ്പോൾ നാളെ ഉണ്ടാക്കാം.”
“എങ്കിൽ ഞാനും സഹായിക്കാം ”
“അതിന് ,നിനക്ക് പാചകം അറിയാമോ?”
“കുറച്ചൊക്കെ.”
“കുറച്ചൊക്കെ കൊണ്ട് ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കാൻ പറ്റുമോ?”
“അത് നാളെ നോക്കാം.”
ഞാൻ ചിരിച്ചു.
“ശരി.”
അവൾ വീണ്ടും എന്റെ കൂടെ നടന്നു.
പിന്നെ ഒന്നും പ്രത്യേകിച്ച് സംസാരിച്ചില്ല.
ഞാൻ ബാസ്കറ്റിലേക്ക് സാധനങ്ങൾ എടുത്തുവെച്ചുകൊണ്ടിരുന്നു.
അവൾ എന്റെ കൂടെ നടന്നു.
പക്ഷേ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു കാര്യം മാത്രം ഉണ്ടായിരുന്നു.
നാളെ ആദ്യമായി മീനാക്ഷിക്കായി ഞാൻ പാചകം ചെയ്യുകയാണ്.
അതിൽ എന്തോ ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.
അത് വെറുമൊരു ഡിന്നറിന്റെ സന്തോഷമായിരുന്നോ എന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ തന്നെ വൈകുന്നേരത്തെക്കുറിച്ച് എന്റെ മനസ്സിൽ ഒരു ചെറിയ സന്തോഷമുണ്ടായിരുന്നു.
ഏഴ് മണിയോടെ വരാമെന്നാണ് മീനാക്ഷി പറഞ്ഞിരുന്നത്.
ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തി കുളിച്ചു. വീട് എല്ലാം ഒന്ന് വൃത്തി ആക്കി , എല്ലാം അടുക്കി പെറുക്കി വെച്ച്. അടുക്കള ഒന്ന് കൂടി വൃത്തിയാക്കി. പാചകം ചെയ്യാനുള്ള സാധനങ്ങൾ പുറത്തെടുത്തു വെച്ചു.
സാധാരണ ദിവസങ്ങളിൽ ഞാൻ വൃത്തിയാക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കാറില്ല.
പക്ഷേ ഇന്ന്
മീനാക്ഷി ആദ്യമായി എന്റെ വീട്ടിലേക്ക് വരികയായിരുന്നു.
ആ ചിന്ത തന്നെ എനിക്ക് എന്തോ ഒരു പ്രത്യേക സന്തോഷം തന്നിരുന്നു.
ആറരയോടെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.
ഞാൻ തുറന്നപ്പോൾ മീനാക്ഷി മുന്നിൽ.
“ആഹാ നേരത്തെ എത്തിയോ? ഏഴ് മണിയല്ലേ പറഞ്ഞത്?”
“അതെ. പക്ഷേ വഴിയിൽ ട്രാഫിക് ഇല്ലായിരുന്നു.”
“അകത്ത് വാ.”
അവൾ അകത്തേക്ക് കയറി.
വാതിൽക്കൽ ചെരുപ്പ് അഴിച്ചുവെച്ച് അവൾ പതുക്കെ ചുറ്റും നോക്കി.
അത് ഒരു നോട്ടം മാത്രമായിരുന്നില്ല.
വീട്ടിലെ ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുന്ന പോലെയായിരുന്നു.
ഹാളിലെ സോഫ.
ചുമരിലെ ചെറിയ ഫ്രെയിമുകൾ.
മേശപ്പുറത്തെ സാധനങ്ങൾ.
“നിന്റെ വീട് കാണാൻ നല്ല ഭംഗി ഉണ്ട് ,അടുക്കള എവിടെയാണ്?”
“ദാ അവിടെ .”
അവൾ അകത്തേക്ക് നടന്നു.
കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
ഞാൻ അവളെ നോക്കി നിന്നു.
“എന്താ?”
“ഒന്നുമില്ല.”
“പിന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്?”
“നീ ഒറ്റയ്ക്കാണോ ഇവിടെ താമസിക്കുന്നത്?”
“അതെ.”
“എന്നിട്ടും ഇത്ര വൃത്തിയായി എല്ലാം നോക്കുന്നുണ്ടല്ലോ ?”
ഞാൻ ചിരിച്ചു.
“അതെന്തേ ഒറ്റയ്ക്ക് താമസിക്കുന്നവർ വൃത്തിയായി ഇരിക്കില്ലേ?”
“അങ്ങനെയല്ല.”
അവൾ കൗണ്ടറിലേക്ക് നോക്കി.
“പക്ഷേ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല.”
അടുക്കളയിൽ ഒന്നും അലക്ഷ്യമായി കിടക്കുന്നില്ലായിരുന്നു.
മസാലക്കുപ്പികൾ ഓരോന്നും അതത് സ്ഥാനത്ത്.
പാത്രങ്ങൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു.
സിങ്ക് പൂർണ്ണമായും കാലി.
അവൾ സിങ്കിലേക്ക് നോക്കി.
“ഇവിടെ പാത്രങ്ങളൊന്നുമില്ലല്ലോ.”
“ഇല്ല.”
“എപ്പോഴും ഇങ്ങനെയാണോ?”
“എങ്ങനെ ?”
“സിങ്ക് ൽ പത്രങ്ങൾ ഒന്നും ഇടാതെ ”
” പരമാവധി അപ്പപ്പോൾ എല്ലാം ക്ലീൻ ചെയ്തു വെക്കാൻ ശ്രമിക്കാറുണ്ട് ”
“ശ്രമമല്ല. ഇത് ശീലമാണ്.”
അവൾ പറഞ്ഞത്
കേട്ട് ഞാൻ ചിരിച്ചു.
“നിനക്ക് ഇത്രയും നിരീക്ഷണമുണ്ടെന്ന് അറിയില്ലായിരുന്നു.”
“ഞാൻ എല്ലാം ശ്രദ്ധിക്കുന്ന ആളാണ്.”
“എന്നെക്കുറിച്ച് ഇത്രയും ശ്രദ്ധിക്കുന്നുണ്ടോ?”
അവൾ എന്നെ നോക്കി.
ഒരു നിമിഷം ഒന്നും പറഞ്ഞില്ല.
“ഇപ്പോൾ ഉണ്ടല്ലോ.”
ഞാൻ ആ വാക്കിന് മറുപടി പറയാതെ പാചകത്തിനുള്ള സാധനങ്ങൾ എടുത്തു.
“നീ ഇരുന്നോളൂ. ഞാൻ ഉണ്ടാക്കാം.”
“ഞാൻ വെറുതെ ഇരിക്കാനല്ല വന്നത്.”
“പിന്നെ?”
“സഹായിക്കാം.”
“എങ്കിൽ സവാള അരിയൂ.”
