പക്ഷേ അവളുടെ മുഖത്ത് ഒളിപ്പിക്കാൻ ശ്രമിച്ച ചെറിയൊരു പുഞ്ചിരി ഞാൻ കണ്ടു.
ഞാനും ഭക്ഷണം കഴിക്കാൻ തുടങ്ങി.
കുറച്ചുസമയം കഴിഞ്ഞ് അവൾ വീണ്ടും എന്നെ നോക്കി.
ഈ തവണ ഞങ്ങളുടെ കണ്ണുകൾ കുറച്ചുനേരം അവിടെത്തന്നെ നിന്നു.
അവൾ ഒന്നും പറഞ്ഞില്ല.
ഞാനും.
പക്ഷേ അവൾ ഇപ്പോൾ എനിക്ക് ഭക്ഷണം വായിൽ വെച്ചു തന്നത്,വെറുമൊരു കഷണം കഴിപ്പിച്ചതല്ലെന്ന് എനിക്ക് തോന്നി.
അത് അവൾക്കിടയിൽ സ്വാഭാവികമായി വന്നുപോയ ഒരു ചെറിയ അവകാശമായിരുന്നു.
അതിനെ ഞാൻ തടഞ്ഞില്ല.
അവൾക്കും അത് തിരികെ എടുത്തുകളയാൻ തോന്നിയില്ല.
ഭക്ഷണം തീർന്നപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു.
പക്ഷേ അന്ന് ഞാൻ പാത്രം എടുത്തില്ല . അത് മേശപ്പുറത്ത് തന്നെ കിടന്നു.
മീനാക്ഷി അത് ശ്രദ്ധിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
ഞാൻ കസേരയിൽ തന്നെ
ഇരുന്നു.
കുറച്ചുനേരം മേശപ്പുറത്തേക്ക് നോക്കി.
പിന്നെ അവളെ നോക്കി.
അവൾ എന്നെ തന്നെ നോക്കുകയായിരുന്നു.
“എന്താ?”
ഞാൻ പതുക്കെ ചോദിച്ചു.
“ഒന്നുമില്ല.”
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ എന്നിൽ നിന്ന് മാറിയില്ല.
കുറച്ചുനേരം കഴിഞ്ഞ് അവൾ എഴുന്നേറ്റു.
“പാത്രം ഞാൻ എടുത്തോളാം.” ഞാൻ പറഞ്ഞു .
“വേണ്ട.”
പക്ഷേ അവൾ കൈ നീട്ടി തടഞ്ഞു.
“നീ ഇരിക്ക്.”
“വേണ്ട, അവിടെ വെച്ചേക്കു അത് ഞാൻ ചെയ്യാം.”
“അയുഷ്…”
അവളുടെ ശബ്ദത്തിൽ ഇത്തവണ ചെറിയൊരു ഗൗരവമുണ്ടായിരുന്നു.
ഞാൻ അവളെ നോക്കി.
“എന്താ?”
“നീ സാധാരണ ഇങ്ങനെ അല്ല.”
ഞാൻ ഒന്നും പറഞ്ഞില്ല.
അവൾ മേശപ്പുറത്തിരുന്ന എന്റെ പാത്രത്തിലേക്ക് നോക്കി.
“കഴിച്ച പാത്രം പോലും നീ എടുത്തില്ല.”
ഞാൻ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.
“ഇന്നെന്തോ…”
വാക്ക് അവിടെ നിന്നുപോയി.
ഞാൻ പതുക്കെ ബാൽകണി യിലേക്ക് നടന്നു. പാത്രങ്ങൾ അടുക്കളയിലേക്ക് വെച്ചിട്ട് മീനാക്ഷിയും കൂടെ വന്നു.
ഞാൻ കുറച്ചുനേരം അവളെ നോക്കി.
പുറത്ത് ചെറിയ മഴയുണ്ടായിരുന്നു. മഴത്തുള്ളികൾ കൈവരിയിൽ വീണ് ചിതറുന്നു. താഴെയുള്ള റോഡിലെ വെളിച്ചങ്ങൾ നനഞ്ഞ നിലത്ത് നീണ്ടുകിടന്നു.
അവൾ എന്റെ അരികിൽ വന്നു നിന്നു.
കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
“നീ എന്താ ഇത്രയ്ക്ക് ആലോചിക്കുന്നേ?.”
ഞാൻ അവളെ നോക്കി.
“എന്ത്?”
“എനിക്ക് അറിയില്ല. പക്ഷേ നീ സാധാരണ പോലെ അല്ല.”
ഞാൻ താഴേക്ക് നോക്കി.
“മീനാക്ഷി…”
“മ്മ്?”
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
അവൾ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.
“പറ.”
കുറച്ചുനേരം വാക്കുകൾ കിട്ടിയില്ല.
“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.”
അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു.
“എനിക്ക് അറിയാം.”
“എങ്ങനെ?”
“അറിയാം.”
“അത് മാത്രം?”
“പിന്നെ എന്ത് വേണം?”
ഞാൻ ചിരിച്ചു.
അവൾ എന്റെ കൈയിൽ പതുക്കെ കൈവെച്ചു.
“നീ എന്തിനാ പേടിക്കുന്നേ? .”
ഞാൻ മിണ്ടാതെ നിന്നു.
“നമ്മൾ തമ്മിലുള്ള ബന്ധം മാറിപ്പോകും എന്നല്ലേ?”
ഞാൻ പതുക്കെ തലകുലുക്കി.
അവൾ എന്റെ കൈ മുറുക്കി പിടിച്ചു.
“അയുഷ്, നീ ഒറ്റയ്ക്ക് ഈ ബന്ധത്തിലേക്ക് വന്നിട്ടില്ല.”
ഞാൻ അവളെ നോക്കി.
“എനിക്കും നിന്നെ ഇഷ്ടമാണ് , അത് നിനക്കും അറിയാം. പിന്നെന്താ , നിന്നെ സ്നേഹിച്ചാൽ, എനിക്ക് കിട്ടേണ്ടിയിരുന്ന നല്ലൊരു ജീവിതം കിട്ടാതെ പോകും എന്നത്കൊണ്ടാണോ?”
എനിക്ക് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു .
” ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യ ആണ് നീ, അതിലുപരി എല്ലാം മനസിലാക്കുന്ന എല്ലാത്തിനും സപ്പോർട് ചെയ്യുന്ന ഒരു പാർട്ണർ . അത്രയേ ഞാനും ആഗ്രഹിക്കുന്നുള്ളു ആയുഷ്.”
അത്രയും പറഞ്ഞിട്ട് അവൾ വീണ്ടും മഴയിലേക്ക് നോക്കി.
ആ വാക്കുകൾക്ക് ശേഷം കുറച്ചുനേരം ഞങ്ങൾ ഒന്നും പറഞ്ഞില്ല.
പക്ഷേ എന്റെ ഉള്ളിലെ ആ അസ്വസ്ഥത പതുക്കെ കുറഞ്ഞു.
മഴയും.
മഴ ഏതാണ്ട് മാറിയപ്പോൾ മീനാക്ഷി എന്റെ കൈയിൽ പിടിച്ചു.
“മുകളിലേക്ക് പോകാമോ?”
“ഇപ്പോഴോ?”
“അതെ. മഴ കഴിഞ്ഞുള്ള ടെറസ് കാണാൻ നല്ലതായിരിക്കും.”
ഞാൻ ചിരിച്ചു.
“ശരി.”
ഞങ്ങൾ മുകളിലേക്ക് കയറി.
ടെറസിലെത്തിയപ്പോൾ അവൾ കൈവരിയിൽ ചാരി താഴേക്ക് നോക്കി.
