അടുപ്പിന്റെ തീ കുറയ്ക്കുമ്പോൾ പോലും എന്തോ കണക്കുകൂട്ടിയതുപോലെ.
അവൾക്ക് അതൊക്കെ ഇഷ്ടപ്പെട്ടു.
ബഹുമാനമായി തുടങ്ങിയ ആ നോട്ടത്തിൽ പതുക്കെ മറ്റെന്തോ കൂടി കലർന്നിരുന്നു.
എനിക്ക് അതിന്റെ മുഴുവൻ അർത്ഥം അന്ന് മനസ്സിലായില്ല.
ചിക്കൻ സ്റ്റ്യൂ അടുപ്പിൽ പതുക്കെ തിളച്ചുകൊണ്ടിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ മൂടി തുറന്നു.
ചൂടുള്ള ആവിയോടൊപ്പം തേങ്ങാപ്പാലിന്റെയും മസാലകളുടെയും മണം അടുക്കള മുഴുവൻ നിറഞ്ഞു.
“നല്ല മണം…”
പിന്നിൽ നിന്നിരുന്ന മീനാക്ഷി പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
“മണം മാത്രം പോരാ. രുചി നോക്കണം.”
ഞാൻ ഒരു സ്പൂൺ എടുത്ത് കുറച്ച് ഗ്രേവി കോരി.
നല്ല ചൂടുണ്ടായിരുന്നു.
രണ്ടുതവണ ഊതിയിട്ടും ചൂട് കുറഞ്ഞില്ല.
“ഇത്ര ചൂടിൽ കഴിക്കണ്ട.”
അവൾ എന്റെ തൊട്ടടുത്ത് നിന്നുകൊണ്ട് പറഞ്ഞു.
“അതിന് ഞാൻ മുഴുവൻ കുടിക്കുന്നില്ലല്ലോ.”
ഞാൻ സ്പൂണിൽ നിന്ന് അല്പം ഗ്രേവി ഇടതുകൈയിലേക്ക് ഒഴിച്ചു .
കുറച്ചുനേരം കാത്തുനിന്ന ശേഷം നാവ് വെച്ച് രുചിച്ചു.
മീനാക്ഷി എന്നെ തന്നെ നോക്കുകയായിരുന്നു.
“എങ്ങനെയുണ്ട്?”
“കൊള്ളാം… പക്ഷേ ഉപ്പ് കുറച്ച് കുറവാണെന്ന് തോന്നുന്നു.”
ഞാൻ വീണ്ടും പാത്രത്തിലേക്ക് തിരിയാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു.
“ഞാനും നോക്കട്ടെ.”
“സ്പൂൺ എടുക്കാം.”
ഞാൻ മറ്റൊരു സ്പൂൺ എടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ തടഞ്ഞു.
“വേണ്ട.”
ഞാൻ അവളെ നോക്കി.
“പിന്നെ?”
അവൾ മറുപടി പറഞ്ഞില്ല.
പകരം എന്റെ കൈ പിടിച്ച് അവളുടെ അടുത്തേക്ക് വലിച്ചു.
എന്താണ് അവൾ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പ്, എന്റെ കൈയിൽ ബാക്കിയുണ്ടായിരുന്ന ചെറിയ തുള്ളി ഗ്രേവിയിലേക്ക് അവൾ നാവ് തൊട്ടു.
ഒരു നിമിഷം ഞാൻ അനങ്ങാതെ നിന്നു.
അവൾ എന്റെ കൈ വിട്ടില്ല.
രുചിയെക്കുറിച്ച് ആലോചിക്കുന്നതുപോലെ ഒരു നിമിഷം നിന്നിട്ട് എന്നെ നോക്കി.
“ഉപ്പ് കുറവാണ്.”
അവൾ വളരെ സാധാരണയായി പറഞ്ഞു.
പക്ഷേ എനിക്ക് മറുപടി പറയാൻ ഒരു നിമിഷം എടുത്തു.
“ഞാൻ… അതല്ലേ പറഞ്ഞത്.”
എന്റെ ശബ്ദത്തിലെ ചെറിയ പതർച്ച അവൾ ശ്രദ്ധിച്ചു.
അവളുടെ ചുണ്ടിൽ പതുക്കെ ഒരു ചിരി വന്നു.
“എന്താ?”
“ഒന്നുമില്ല.”
“പിന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്?”
ഞാൻ അവളുടെ കൈയിലേക്ക് നോക്കി.
അവൾ ഇപ്പോഴും എന്റെ കൈ പിടിച്ചിരിക്കുകയായിരുന്നു.
അത് മനസ്സിലായപ്പോൾ അവൾ കൈ വിട്ടു.
പക്ഷേ പെട്ടെന്ന് മാറിനിന്നില്ല.
എന്റെ അടുത്ത് തന്നെ നിന്നു.
“സ്പൂൺ ഉണ്ടായിരുന്നല്ലോ.”
ഞാൻ പറഞ്ഞു.
“ഉണ്ടായിരുന്നു.”
“പിന്നെ?”
അവൾ എന്റെ കണ്ണിലേക്ക് നോക്കി.
ഈ തവണ അവൾ ചിരിച്ചില്ല.
“എനിക്ക് അങ്ങനെ നോക്കണം എന്ന് തോന്നി.”
അത്ര മാത്രം.
അവൾക്ക് വേണമെങ്കിൽ അത് തമാശയാക്കി മാറ്റാമായിരുന്നു.
എനിക്കും ചിരിച്ച് വിട്ടുകളയാമായിരുന്നു.
പക്ഷേ ഞങ്ങൾ രണ്ടുപേരും അങ്ങനെ ചെയ്തില്ല.
അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.
കഴിഞ്ഞ കുറച്ചുസമയമായി ഞാൻ ശ്രദ്ധിച്ചിരുന്ന ആ നോട്ടം വീണ്ടും അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
പക്ഷേ ഇത്തവണ അതിൽ കൗതുകം മാത്രമായിരുന്നില്ല.
എന്തോ ഒരു ഇഷ്ടം.
അതിലേറെ ഒരു ബഹുമാനം.
ഞാൻ ചെയ്യുന്ന ഓരോ ചെറിയ കാര്യവും അവൾക്ക് എന്നെക്കുറിച്ച് പുതിയതായി എന്തോ പറഞ്ഞുകൊടുക്കുന്നതുപോലെ.
“എന്താ മീനാക്ഷി?”
ഞാൻ പതുക്കെ ചോദിച്ചു.
“എന്ത്?”
“ഇന്ന് വന്നതുമുതൽ നീ എന്നെ ഇങ്ങനെ നോക്കുന്നുണ്ട്.”
അവൾ കണ്ണ് മാറ്റിയില്ല.
“നോക്കാൻ പാടില്ലേ?”
“ഞാൻ അങ്ങനെ പറഞ്ഞില്ല.”
“പിന്നെ?”
“എന്താണ് ഇത്ര നോക്കാനുള്ളത് എന്ന് മനസ്സിലാകുന്നില്ല.”
അവൾ കുറച്ചുകൂടി അടുത്തേക്ക് വന്നു.
അത്ര അടുത്ത് വന്നപ്പോൾ അവളുടെ മുഖത്തെ ചെറിയ ഭാവങ്ങൾ പോലും എനിക്ക് വ്യക്തമായി കാണാമായിരുന്നു.
“എനിക്കും അറിയില്ല.”
അവൾ പതുക്കെ പറഞ്ഞു.
“ഓഫീസിൽ കാണുന്ന നിന്നെയല്ല ഇവിടെ കാണുന്നത്.”
“പിന്നെ?”
“അവിടെ നീ എപ്പോഴും നിന്റെ ലോകത്താണ്. ജോലി, ചായ, വീട്… അത്ര തന്നെ. ഇവിടെ വന്നപ്പോൾ…”
അവൾ വാക്ക് പകുതിയിൽ നിർത്തി.
