“ചേച്ചി… വേണ്ടാ…!”
നിധിയുടെ ശബ്ദം അവിടെ ഉയർന്നു.
ചേച്ചി മുന്നോട്ട് വെച്ച കാൽ പിൻവലിക്കും മുമ്പേ, നിധി ചേച്ചിയുടെ കൈയ്യിൽ ബലമായി പിടിച്ചു വലിച്ചു…
“അങ്ങോട്ട് പോകരുത്…!”
നിധിയുടെ കണ്ണുകൾ ആ കുട്ടിയുടെ നേരെ തന്നെയായിരുന്നു.
“അതൊരു മനുഷ്യനല്ല ചേച്ചി… കാണുന്ന രൂപത്തിൽ മയങ്ങിപ്പോകരുത്…”
നിധിയുടെ വാക്കുകൾ ചേച്ചിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ചേച്ചി വിശ്വാസം വരാതെ ആ കുട്ടിയെയും നിധിയെയും മാറി മാറി നോക്കി…
അവൾ ഇപ്പോൾ ഞങ്ങളുടെ തൊട്ടടുത്തെത്തിയിരുന്നു. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ എന്റെ മുന്നിൽ😐
എന്നിട്ടും നിധിക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
“പേടിക്കണ്ട… ആരും കൈ വിടരുത്.അതിന് നമ്മളേ ഒന്നും ചെയ്യാൻ സാധിക്കില്ല….”
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…
ആ കുട്ടി അവളുടെ മുന്നിലായി നിൽക്കുന്ന എന്നെയൊന്ന് നോക്കി
ആ കണ്ണുകളിൽ ജീവന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല. മരിച്ചവരുടേത് പോലെയുള്ള, കുഴിയിൽ പതിഞ്ഞ വെറും കറുത്ത ഗർത്തങ്ങൾ മാത്രം.
പെട്ടെന്നായിരുന്നു അവളുടെ മുഖഭാവം മാറിയത്.
അതുവരെ ചുണ്ടിൽ തങ്ങിനിന്ന ആ നിർജീവമായ പുഞ്ചിരി… അതൊന്ന് കൂടി വിടർന്നു.
അല്ല, വിടരുകയായിരുന്നില്ല…
ഒരു റബ്ബർ ഷീറ്റ് വലിച്ച് നീട്ടുന്നത് പോലെ, അവളുടെ വായയുടെ ഇരുവശങ്ങളും സാവധാനം വശങ്ങളിലേക്ക് വലിഞ്ഞു കീറുകയായിരുന്നു..
തൊലി വിണ്ടു കീറുന്ന നേരിയ ശബ്ദം പോലും ആ നിശബ്ദതയിൽ എനിക്ക് കേൾക്കാൻ പറ്റി…
കീറിപ്പറിഞ്ഞ വായുടെ അറ്റങ്ങൾ വലിഞ്ഞ് അവളുടെ ചെവികളിൽ പോയി മുട്ടി.
ചുവന്ന മോണകളും, അതിനുള്ളിലെ നിരതെറ്റിയ കൂർത്ത പല്ലുകളും പുറത്ത് കാട്ടി… വായ ചെവിയോളം വലിച്ചുകീറിയുള്ള ആ നിൽപ്പ്…!
ഒരു മനുഷ്യനും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീകരമായിരുന്നു ആ കാഴ്ച….
സംഭവം ധീരനും വീരനും ശൂരനുമൊക്കെയാണെങ്കിലും, അനാവശ്യമായി വഴക്കുണ്ടാക്കാൻ നിൽക്കരുത് എന്നൊരു പ്രമാണം എനിക്കുണ്ട്. അത്കൊണ്ട് തന്നെ ഞാൻ നൈസായിട്ടൊന്ന് സൈഡിലോട്ട് ഒതുങ്ങി കൊടുത്തു.
മോള് പൊയ്ക്കോ… വഴി ക്ലിയറാണ്…
ഞാൻ മാറിയതും, അവൾ എന്നെ കടന്ന് കൈ കോർത്ത് ഞങ്ങളുണ്ടാക്കിയ ചങ്ങലയുടെ ഉള്ളിലേക്ക് നടന്നു…
അവൾ നടന്നു നീങ്ങുന്തോറും ഞങ്ങളുടെ പിടുത്തത്തിന്റെ മുറുക്കം കൂടിവന്നു. പേടി കാരണം ഓരോരുത്തരും അടുത്തവന്റെ കൈ ഞെരിച്ച് ബ്ലഡ് സർക്കുലേഷൻ ബ്ലഡ് സർക്യൂലേഷൻ ബ്ലോക്ക് ആക്കുന്നുണ്ടായിരുന്നു…
നടന്നു നടന്ന് അവൾ ചെന്നു നിന്നതാവട്ടെ നമ്മുടെ ലേഡി സിംഗം നിധിയുടെ മുന്നിൽ!
എന്നെ തൊടാൻ നിനക്ക് ധൈര്യമുണ്ടോടീ എന്ന മട്ടിൽ നെഞ്ചും വിരിച്ച്, ഒരു അജഗജാനന്തരത്തിൽ നിൽക്കുകയാണവൾ…
തളം കെട്ടി നിന്ന ആ ഭീകരമായ മൗനത്തിനൊടുവിൽ, ആ കുട്ടിച്ചാത്തൻ മെല്ലെ കൈകളുയർത്തി നിധിയുടെ കൈയ്യിലങ്ങ് കയറി പിടിച്ചു…
എല്ലാവരും നിധിയേ ഒരു ചോദ്യഭാവേന നോക്കി..?
നീയല്ലെടി അതിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞേ എന്നാ ഭാവം എല്ലാവരുടെയും നോട്ടത്തിൽ ഉണ്ടായിരുന്നു….
മോതിരമുണ്ട്, ശക്തിയുണ്ട്, ചുക്കാണ്, ചുണ്ണാമ്പാണ് എന്നൊക്കെ പറഞ്ഞ് നെഞ്ചും വിരിച്ച് നിന്ന നിധിയുടെ ഭാവം ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് മാറിമറിഞ്ഞിരുന്നു..
ആ തണുത്ത സ്പർശനം താങ്ങാവുന്നതിലുമപ്പുറമായിരിക്കണം നിധിക്ക്…
പേടി കാരണം അവൾ വെപ്രാളത്തോടെ ആ കുട്ടിയുടെ കൈ തട്ടിമാറ്റി…
സുരക്ഷാ കവചം തകർന്നതുപോലെ…ആ നിമിഷം തീർന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ മോതിരത്തിന്റെ കണക്ഷൻ.
ആ ഒരൊറ്റ നിമിഷം മതിയായിരുന്നു ആ അഴുക്ക പെണ്ണിന്റെ ഭാവം മാറിമറിയാൻ….
അവളുടെ വിരലുകളിലെ നഖങ്ങൾ ഞൊടിയിടയിൽ നീണ്ടു കൂർത്തു വന്നു. ഇരയെ തിരയുന്ന വന്യമൃഗത്തെപ്പോലെ അവൾ എല്ലാവരെയും മാറി മാറി നോക്കി.

Yes thudaru
Keep going