അതൊരു വെറും അടിയായിരുന്നില്ല…
ഒരു വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചതുപോലെയുള്ള സ്ഫോടനശബ്ദം!
സാധാരണ ഒരു മനുഷ്യന്റെ കൈക്കരുത്തിന് അപ്പുറമായിരുന്നു അത്. മദമിളകിയ ഒരു കൊമ്പനാന തന്റെ തുമ്പികൈക്കൊണ്ട് ആഞ്ഞടിച്ചാൽ ഉണ്ടാകുന്ന അതേ പ്രകമ്പനം.
ആ അടിയുടെ ആഘാതത്തിൽ ബോണറ്റിലെ പൊടിപടലങ്ങളും, ചുറ്റും തളം കെട്ടി നിന്ന മഞ്ഞും പുകപോലെ ഉയർന്നു പൊങ്ങി.
ഉരുക്ക് പോലെ ഉറപ്പുള്ള ആ ഡിഫൻഡറിന്റെ ബോണറ്റ്, ഒരു കടലാസ് കഷ്ണം പോലെ ചുളിഞ്ഞുപോയി…..
ഞാൻ ആദ്യം നോക്കിയത് അവളുടെ കൈവിരലുകളിലേക്കാണ്…ഒരു പക്ഷേ ആ പത്ത് പേരിൽ പെട്ടതായിരിക്കുമോ ഇവൾ..?
പക്ഷേ എത്ര സ്കാൻ ചെയ്ത് നോക്കിയിട്ടും മോതിരംപോയിട്ട് അതിന്റെ പാട് പോലും കാണാൻ സാധിച്ചില്ല…
ആരാണിവൾ…?
ഞാൻ തൊട്ടടുത്ത് നിന്ന റോസിനെയും കൃതികയെയും ഒന്ന് പാളി നോക്കി….
ശരീരത്തിൽ നിന്നും ആത്മാവിനേ ആരോ ഊറ്റിയെടുത്തതുപോലെ, വിറങ്ങലിച്ചു നിൽക്കുകയാണ് രണ്ടുപേരും.
ആ സംഭവത്തിന് സാക്ഷിയായി നിന്ന, കൂടെ വന്നവൻ ഭയന്നുവിറച്ചാണെങ്കിലും ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് ചെന്നു.
”Ma’am… Please calm down…”
വിറയ്ക്കുന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.
പക്ഷേ, അവന്റെ ആശ്വാസവാക്കുകൾ എരിയുന്ന തീയിൽ എണ്ണ ഒഴിച്ചതുപോലെയാണ് അവൾക്ക് തോന്നിയത്.
ജ്വലിക്കുന്ന കണ്ണുകളോടെ അവൾ അവനു നേരെ തിരിഞ്ഞു.
”F*ck off…!!”
അവൾ അവനെ തൊട്ടതുപോലുമില്ല…
വെറുതെ കൈ ഒന്ന് വായുവിലൂടെ വീശിയതേ ഉള്ളൂ.
അടുത്ത നിമിഷം, എന്തോ ഒരു അദൃശ്യ ശക്തി അവനെ അടിച്ചുവീശിയതുപോലെ!
ഒരു കരിയില കാറ്റത്ത് പറന്നുപോകുന്ന ലാഘവത്തോടെ അവൻ വായുവിലൂടെ തെറിച്ചുപോയി. ചെന്ന് ഇടിച്ചതാകട്ടെ വഴിയരികിൽ നിന്നിരുന്ന വലിയൊരു പാറക്കല്ലിന് മുകളിലേക്കും.
ആ ഇടിയുടെ ആഘാതത്തിൽ, കരിങ്കൽ പാറ രണ്ടായി പിളർന്നു മാറി!
അതുകണ്ടതും ഞങ്ങളുടെ കണ്ണ് കൂടുതൽ തള്ളി പുറത്തുവന്നു.
പക്ഷേ, അതിനേക്കാൾ വലിയ ട്വിസ്റ്റ് നടക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
പാറ തകർന്ന് വീണ പൊടിപടലങ്ങൾക്കിടയിൽ നിന്നും, അവൻ സാവധാനം എഴുന്നേറ്റു വന്നു! ദേഹത്തെ പൊടി തട്ടിക്കളഞ്ഞ്, കോട്ട് നേരെയാക്കി അവൻ വീണ്ടും പഴയതുപോലെ വന്നു നിൽക്കുന്നു അവളുടെ മുന്നിൽ!
ഒരൊറ്റ പോറൽ പോലുമില്ല!
😐
പടച്ചോനെ… ഇവന്മാരൊക്കെ ഏതാ ജനുസ്സ്? ആ വീശൽ എങ്ങാനും എനിക്കാണ് കിട്ടിയിരുന്നതെങ്കിൽ… പിന്നെ എന്നെ എടുക്കാൻ ആംബുലൻസോ മറ്റോ ഒന്നും വിളിക്കേണ്ടി വരില്ലായിരുന്നു… വടിക്കാൻ ഒരു ചൂലും മുറവും മാത്രം മതിയായിരുന്നു!
“ദേവാ… നമുക്ക് പോകാം, പ്ലീസ്…”
എന്റെ ടീഷർട്ടിൽ പിടിച്ച് ശക്തമായി വലിച്ചുകൊണ്ട് റോസ് കെഞ്ചി.
അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. പേടിച്ച് വിറച്ച്, ഏതു നിമിഷവും പൊട്ടിക്കരഞ്ഞേക്കാവുന്ന അവസ്ഥയിലായിരുന്നു അവൾ.
അവളെ സമാധാനിപ്പിക്കാൻ നോക്കുമ്പോഴാണ് ഞാൻ കൃതികയെ ശ്രദ്ധിച്ചത്.
റോസിന് നേരെ വിപരീതമായിരുന്നു അവളുടെ അവസ്ഥ.
അവൾ ഇപ്പോഴും കണ്ണിമ ചിമ്മാതെ അവരെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. കണ്മുന്നിൽ ഇത്രയും ഭീകരമായൊരു കാഴ്ച കണ്ടിട്ടും, അവളുടെ കണ്ണുകളിൽ ഒരു തരി ഭയം പോലും ഇല്ലായിരുന്നു! പകരം എന്തോ ഒന്ന് അറിയാനുള്ള ആകാംക്ഷ മാത്രം.
ഇത്രയും കൂളായിട്ട് നിൽക്കാൻ പറ്റുന്ന ഈ ഒരു ധൈര്യം ഞാൻ ആ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ!
പൊന്ന് മോളേ ഇതൊന്ന് കഴിഞ്ഞ് കിട്ടട്ടേ… കാണിച്ചു തരാം ഞാൻ…
പഴയതുപോലെ വീണ്ടും ശ്രദ്ധ അവരിലേക്ക് പോയി….
അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയാണ്…
പെട്ടെന്നവൾ അവന് നേരെ തിരിഞ്ഞു.
”വണ്ടിയെടുക്കടാ…!”
എന്റെ കാതുകളെ വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.

Yes thudaru
Keep going