നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​പച്ച മലയാളം!

 

​അതുവരെ സായിപ്പിന്റെ ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന അവൾ, പെട്ടെന്ന് നല്ല തനി നാടൻ മലയാളത്തിൽ അലറിയത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

 

​മറുപടിക്ക് കാത്തുനിൽക്കാതെ, അവൾ ദേഷ്യത്തിൽ കാറിന്റെ പിൻസീറ്റിലെ ഡോർ വലിച്ച് തുറന്നു.

​ഡോർ കൈയ്യിൽ ഇരുന്നില്ലെന്നേയുള്ളൂ… അത്രയും ശക്തിയിലായിരുന്നു ആ തുറക്കൽ.

 

​ശേഷം അവൾ ഉള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.

 

​അത് കേട്ടപാതി കേൾക്കാത്ത പാതി, കൂടെ വന്നവൻ ഓടി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി….

 

ആ കറുത്ത ഡിഫൻഡർ പൂർണചന്ദ്രന്റെ വെളിച്ചത്തിൽ ഇരമ്പിപ്പാഞ്ഞ് പോകുന്നതും നോക്കി ഞങ്ങൾ നിന്നു….

 

അതിന്റെ ചുവന്ന ടെയിൽ ലാമ്പ് മാഞ്ഞ്, വണ്ടിയുടെ ഒച്ച പൂർണ്ണമായും നിലയ്ക്കുന്നത് വരെ ഞങ്ങൾ പറയുടെ ബാക്കിൽ നിന്നും അനങ്ങിയില്ല….

 

‘വണ്ടി പോയി… ഇനി കാര്യത്തിലേക്ക് കടക്കാം’ഞാൻ മനസ്സിൽ വിചാരിച്ചു…

 

അത്രയും നേരം തൊണ്ടയിൽ തടഞ്ഞുനിന്ന സംശയങ്ങളുടെ കെട്ടഴിക്കാനായി ഞാൻ ആവേശത്തോടെ കൃതികയ്ക്ക് നേരെ തിരിഞ്ഞു.

 

“എടീ… ആരാടി അത്? നിനക്ക് അവരെ…”

 

എന്റെ ചോദ്യം മുഴുമിപ്പിക്കാൻ പോലും അവൾ നിന്നില്ല.

 

എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ,അല്ലെങ്കിൽ ഒരു പട്ടിക്ക് കൊടുക്കുന്ന വില പോലും തരാതെ അവൾ ഒറ്റ നടത്തം!

 

ഇതെന്ത് കൂത്ത്!

 

അവൾ നടന്നു നീങ്ങുന്നത് കണ്ട് സകല നിയന്ത്രണവും വിട്ട് ഞാനും പിന്നാലെ വെച്ചുപിടിച്ചു.

 

“എടീ നിൽക്കടി അവിടെ…”

 

ഞാൻ വിളിക്കുന്തോറും അവളുടെ കാലുകൾക്ക് വേഗത കൂടി. നടത്തം മെല്ലെ ഓട്ടത്തിലേക്ക് മാറി. അവൾ ഓടുന്നത് കണ്ടതും, വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഞാനും പിന്നാലെ ഓടി.

 

ഇത് കണ്ട് അന്തം വിട്ട റോസിന് വേറെ വഴികളുണ്ടായിരുന്നില്ല…

 

തനിച്ചാക്കി പോകല്ലേ എന്ന മട്ടിൽ അവളും ഞങ്ങളുടെ പിന്നാലെ വെച്ചുപിടിച്ചു.

മഞ്ഞിലൂടെയുള്ള ഒരുമാതിരി കോപ്രായ നിറഞ്ഞ ഓട്ടം!

 

ഓട്ടത്തിനിടയിൽ ഞാൻ എങ്ങനെയൊക്കെയോ കൃതികയുടെ ഒപ്പമെത്തി. അവളെ പിടിച്ചു നിർത്താനായി ഞാൻ കൈയ്യിൽ കയറി പിടിച്ചു.

പക്ഷേ അവൾ കുടഞ്ഞ് തട്ടിമാറ്റി വീണ്ടും മുന്നോട്ട്!

 

ഇതിനിടയിൽ എന്റെ കിതപ്പിനേക്കാൾ വലിയ ശല്യമായി റോസ് എന്റെ ടീഷർട്ടിൽ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു.

 

“ദേവാ… ദേവാ… ഒന്ന് നിക്ക്…”

 

അവൾ എന്നെ തട്ടുകയും പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്.

 

എന്റെ മുഴുവൻ ശ്രദ്ധയും മുന്നിൽ ഓടുന്ന കൃതികയിലായിരുന്നതുകൊണ്ട്, ഞാൻ റോസിനെ തിരിഞ്ഞുനോക്കാതെ തന്നെ കൈകൊണ്ട് തടഞ്ഞു.

 

“ഒരു മിനിറ്റ് റോസേ… ഒരു മിനിറ്റ്… ഇവളൊന്ന് നിൽക്കട്ടെ…”

 

ഞാൻ വീണ്ടും കൃതികയെ പിടിക്കാൻ ആഞ്ഞു. ഒടുവിൽ എന്റെ ശല്യം സഹിക്കാൻ വയ്യാതെ, അല്ലെങ്കിൽ ഓടി മടുത്തിട്ടാവാം, കൃതിക സഡൻ ബ്രേക്കിട്ടു നിന്നു.

 

അവൾ കിതച്ചുകൊണ്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി.

 

സമാധാനം! ഇവൾ നിന്നല്ലോ…

 

ഞാൻ വായ തുറന്ന് എന്തോ ചോദിക്കാൻ തുടങ്ങിയതേ ഉള്ളൂ…

 

ടാപ്!!

 

എന്റെ തലമണ്ട നോക്കി നല്ലൊരു കൊട്ട്!

തലയ്ക്കുള്ളിൽ ഒരു മണി മുഴങ്ങിയതുപോലെ തോന്നി. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, റോസ് എന്റെ തൊട്ടുപിന്നിൽ കിതച്ചുകൊണ്ട് നിൽക്കുകയാണ്…

 

അത്രയും നേരം “ഒരു മിനിറ്റ്, ഒരു മിനിറ്റ്” എന്ന് പറഞ്ഞ് ഒഴിവാക്കിയതിന്റെ ദേഷ്യം മുഴുവൻ ആ കൊട്ടിലുണ്ടായിരുന്നു.

 

ഇവിടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ, തല പുകഞ്ഞ് നിൽക്കുകയാണ് ഞാൻ… അതിന്റെ ഇടയിലാണ് ഇവളുടെ വക കൂടി..

 

ദേഷ്യവും സങ്കടവും എല്ലാം കൂടി ഇരച്ചുകയറി. ഞാൻ കലിപ്പിൽ അവൾക്ക് നേരെ ശബ്ദമുയർത്തി:

 

“എന്താടി…??”

 

എന്റെ അലർച്ച കേട്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല.

 

​പകരം വിറയ്ക്കുന്ന കൈകൊണ്ട് അവൾ ചുറ്റും ചൂണ്ടിക്കാണിക്കുകയായിരുന്നു.

 

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *