നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

വെപ്രാളത്തോടെ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവളുടെ കൈകൾ വായുവിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.

 

​ദേഷ്യം മാറ്റിവെച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

 

​ആ കണ്ണുകൾ…

​അതിൽ കണ്ടത് സാധാരണ പേടിയായിരുന്നില്ല.ജീവൻ ഉരുകിപ്പോകുന്ന തരത്തിലുള്ള ഭീതിയായിരുന്നു ആ കണ്ണുകളിൽ!

 

​അവൾ വെപ്രാളത്തോടെ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ, ‘ഇവളിത് എന്ത് തേങ്ങയാ ഈ കാണിക്കുന്നത്’ എന്ന് ചിന്തിച്ച്, കാര്യമെന്താണെന്നറിയാൻ ഞാനും വെറുതെ ഒന്ന് ചുറ്റും കണ്ണോടിച്ചു.

 

​ആദ്യം കണ്ടത് ചുറ്റും കട്ടപിടിച്ച മഞ്ഞ് മാത്രം.

 

​പക്ഷേ, സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നടുക്കുന്ന സത്യം എനിക്ക് മനസ്സിലായത്… 🙂

 

​ചുറ്റും വൻമരങ്ങളും, വരിഞ്ഞുമുറുക്കി നിൽക്കുന്ന വള്ളിപ്പടർപ്പുകളും, പിന്നെ കണ്ണിനു മുന്നിൽ പോലും കാണാൻ പറ്റാത്തത്ര കട്ടിയിൽ പൊതിഞ്ഞു നിൽക്കുന്ന കോടമഞ്ഞും മാത്രം…

 

​വിധിയുടെ ഒരു വിളയാട്ടം എന്നേ പറയേണ്ടൂ…

 

​ഏത് വഴിയിലൂടെ പോവരുത് എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചോ, അവസാനം കറങ്ങിത്തിരിഞ്ഞ് ആ വഴിയിൽ തന്നേ എത്തിച്ചേർന്നിരിക്കുന്നു!

 

​അതേ… ആ മലയിലേക്കുള്ള വഴി!

 

​കൃതികയുടെ പിന്നാലെ ബുദ്ധിയില്ലാതെ ഓടിയപ്പോൾ, ചുറ്റും നോക്കാൻ മറന്നതിന്റെ ഫലം!

 

​ആ തിരിച്ചറിവിൽ ഞാൻ തറഞ്ഞുനിൽക്കുമ്പോഴാണ് റോസിന്റെ ശബ്ദം കേട്ടത്.

 

​”ദേവാ… എന്നേ… എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോടോ… എനിക്ക് ഇനിയും വയ്യാ എ.. എനിക്ക് പേടിയാവുന്നു…”

 

​തൊണ്ടയിടറി, വാക്കുകൾ കിട്ടാതെ അവൾ അത് പറഞ്ഞു നിർത്തി.

 

​അടുത്ത നിമിഷം, അവളുടെ നിയന്ത്രണം വിട്ട എങ്ങലടികൾ ആ വിജനമായ പ്രദേശത്ത് മുഴങ്ങികേട്ടു.

 

​”റോസേ… പ്ലീസ്, നീയൊന്ന് കരച്ചിൽ നിർത്ത്. നമ്മൾ ഇതുവരെ വന്നില്ലേ… ധൈര്യമായിട്ടിരിക്ക്. കുറച്ചൂടെ മുന്നോട്ട് പോയി നോക്കാം നമുക്ക്…”

 

​അവളുടെ തോളിൽ പിടിച്ചുകൊണ്ട് കൃതിക ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

​പക്ഷേ, കൃതികയുടെ വാക്കുകൾക്ക് വിപരീതഫലമാണ് ഉണ്ടായത്. എത്ര ശ്രമിച്ചിട്ടും റോസിന്റെ പേടി കുറഞ്ഞില്ലെന്ന് മാത്രമല്ല, അവളുടെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിലാവുകയും ചെയ്തു…

 

അത്രയും നേരം സമാധാനിപ്പിച്ചിട്ടും റോസിന്റെ കരച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടപ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൃതിക നിസ്സഹായതയോടെ എന്നെ നോക്കി.

 

“ദേവാ നീയൊന്ന് ഇവ…”

 

അവളുടെ മറുപടി പൂർത്തിയാക്കുന്നതിനു മുന്പേ എന്റെ കൈ വിരലുകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു…

 

ആ അടിയുടെ ശബ്ദം കാടിന്റെ നിശബ്ദതയിൽ മുഴങ്ങിക്കേട്ടു.

 

“മിണ്ടി പോവരുത് നീ….”

 

എന്റെ ശബ്ദം ആ കാട്ടിലെ മരങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.

 

​അടിയുടെ ആഘാതത്തിൽ കൃതിക ഒന്ന് വേച്ചുപോയിരുന്നു. അവൾ തലയുയർത്തി എന്നെ നോക്കിയില്ല. പകരം, തല കുമ്പിട്ട് തറയിലേക്ക് തന്നേ നോക്കി നിന്നു.

 

​അവളുടെ കവിളിലൂടെ കണ്ണുനീർ തുള്ളികൾ മണ്ണിലേക്ക് ഇറ്റി വീഴുന്നത് എനിക്ക് കാണാമായിരുന്നു.

 

​ആ കാഴ്ച കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ചെയ്തത് തെറ്റായിപ്പോയോ? എന്റെ കൈ തരിച്ചതിനേക്കാൾ കൂടുതൽ നീറിയത് ഒരുപക്ഷേ അവളുടെ മനസ്സാവാം.

 

​പക്ഷേ, ആ നിമിഷം അതല്ലാതെ വേറെ വഴിയില്ലായിരുന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്, ഞാൻ ആ ചിന്തകളെ തൽക്കാലത്തേക്ക് മാറ്റിനിർത്തി.

 

​റോസ് അപ്പോഴും തറയിൽ തന്നെ ഇരിക്കുകയായിരുന്നു. ഞാൻ കുനിഞ്ഞ് അവളുടെ കൈയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു.

 

അടി കിട്ടിയത് കൃതികക്കായിരുന്നെങ്കിലും. റോസിന്റെ കരച്ചിൽ പൂർണ്ണമായും നിലച്ചിരുന്നു.

 

​ശേഷം ഞാൻ കൃതികയുടെ അടുത്തേക്ക് ചെന്നു.

​ഒന്നും മിണ്ടാതെ ഞാൻ അവളുടെ കൈയ്യിലും മുറുകെ പിടിച്ചു. അവൾ എതിർത്തില്ല. ഒരു പാവയെപ്പോലെ, ജീവനില്ലാത്ത ശരീരം കണക്കെ അവൾ നിന്നു. ആ പഴയ കൃതിക എവിടെയോ മാഞ്ഞുപോയതുപോലെ…

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *