ഒരു സീരിയലിലേ ഡയലോഗ് പോലേ ഉണ്ടായിരുന്നെങ്കിലും,പറഞ്ഞത് അവളായത്ക്കൊണ്ട് എല്ലാവരും അത് വിശ്വസിച്ചു…
നിധി പറഞ്ഞത് കേട്ട് ഐഷു ചേച്ചി എന്തോ സംശയം ചോദിക്കാൻ വായ തുറന്നതാണ്…
പക്ഷേ ചുറ്റുമുള്ള ഇരുട്ടും മഞ്ഞും കണ്ട്, അത് ഇപ്പോൾ ചോദിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നിയിട്ടാവാം, ചേച്ചി ആ ചോദ്യം പാതിവഴിയിൽ വിഴുങ്ങി ഉപേക്ഷിച്ചു…
അങ്ങനെ, ആ നിലാവിൽ… ആ കട്ടപിടിച്ച മഞ്ഞിലൂടെ…
ഞങ്ങൾ എട്ടുപേരും പരസ്പരം കൈകൾ മുറുക്കി ഒരു ചങ്ങലപോലെ മുന്നോട്ട് നടന്നു.ആമിയുടെ കയ്യിൽ മോതിരമില്ലാത്തതുക്കൊണ്ട് നിധി തന്നെയായിരുന്നു മുന്നിൽ നടന്നത്…
ഈ നിമിഷങ്ങളത്രയും എന്റെ ശ്രദ്ധ കൃതികയിലേക്ക് മാത്രമായിരുന്നു.നാളെയാവട്ടെ അവൾക്ക് അറിയുന്ന കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കണം….
കാട്ടിനുള്ളിൽ നിന്നും ഇതുവരെഉണ്ടാവാത്ത ശബ്ദങ്ങലും, ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിക്കുന്നതുപോലെയൊക്കെ തോന്നുന്നുണ്ട്…
ബുദ്ധിമുട്ടായിരുന്നിട്ടും ഞങ്ങൾ നടക്കുന്നതിന്റെ വേഗം കൂട്ടി…
മുന്നോട്ട് പോകുന്തോറും കട്ടപിടിച്ച മഞ്ഞ് അയഞ്ഞു തുടങ്ങി. ദൂരെ, ആ വഴിയുടെ തുടക്കം മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു. അതു കണ്ടതും വീണ്ടും നടക്കുന്നതിന്റെ വേഗം കൂടി…,
എന്നാൽ, ആ ശബ്ദം കേൾക്കുന്നത് വരെ മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ!
ആരോ ഒരു ഉണങ്ങിയ ചുള്ളിക്കമ്പ് ചവിട്ടി ഒടിച്ചതുപോലൊരു ശബ്ദം.
ഏറ്റവും പിന്നിലായിരുന്ന എന്റെ കാതുകളിലേക്കാണ് ആ ശബ്ദം ആദ്യം തുളച്ചുകയറിയത്.
പുറത്തേത്താൻ ഇനി വെറും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ, എന്റെ കാലുകൾക്ക് താളം തെറ്റി. എന്നിലെ നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ഞാൻ അവിടെ തറഞ്ഞുനിന്നു…
ഒരു ചങ്ങല പോലെ കൈകോർത്തു പിടിച്ചിരുന്നതുകൊണ്ട്, ഞാൻ നിന്നതും ബാക്കിയുള്ളവരും നിൽക്കാൻ നിർബന്ധിതരായി.
യാത്ര തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിലാവാം, “എന്താടാ…” എന്നൊരു ചോദ്യവുമായി അവർ എനിക്ക് നേരെ തിരിഞ്ഞു.
പക്ഷേ, ആ ചോദ്യം അവരുടെ തൊണ്ടയിൽ തന്നെ കുരുങ്ങി.
അവരുടെ നോട്ടം എന്റെ മുഖത്തായിരുന്നില്ല…
എന്റെ തോളിന് മുകളിലൂടെ, തൊട്ടുപിന്നിലെ ഇരുട്ടിലേക്കായിരുന്നു അവരുടെ കണ്ണുകൾ നീണ്ടത്.
ആമിയും നിധിയുമൊഴിച്ച് ബാക്കിയുള്ളവർ കാണാൻ പാഫില്ലാത്തതെന്തോ കണ്ടതുപോലെ കണ്ണുകൾ വിടർത്തി….. ഭയം കൊണ്ട് ആ കണ്ണുകൾ പുറത്തേക്ക് തള്ളിവരുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.
അവരുടെ ആ നോട്ടം കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു കയറി.
എന്താണ് എന്റെ പിന്നിലെന്ന് അറിയാനുള്ള ധൈര്യം സംഭരിച്ച്, ഞാൻ സാവധാനം… വളരെ സാവധാനം പിന്നിലേക്ക് തിരിഞ്ഞു.
മുന്നിലെ കാഴ്ച കണ്ട എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..
ഒരു ചെറിയ കുട്ടി!
പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന, മുഷിഞ്ഞ ഒരു വെള്ള ഉടുപ്പാണ് വേഷം. പക്ഷേ അവളുടെ നിറം… വെണ്ണീറിൽ കുളിച്ചതുപോലെ വിളറിയ ചാരനിറം!
അവളുടെ കൈയ്യിൽ, കാലഹരണപ്പെട്ട… വികൃതമായ മുഖമുള്ള പഴയൊരു പാവയും ഉണ്ടായിരുന്നു…
ജീവനില്ലാത്ത ഒരു പ്രതിമ കണക്കെ അവൾ അനങ്ങാതെ നിൽക്കുന്നു.
തിരിച്ച് ഞങ്ങളും..
ഒരു നിമിഷം നിശ്ചലമായി നിന്ന ശേഷം, അവൾ മെല്ലെ അനങ്ങി തുടങ്ങി…
അവളുടെ വിളറിയ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു. പക്ഷേ ഒരു കാര്യം ഉറപ്പ് അതൊരു കുട്ടിയുടെ നിഷ്കളങ്കമായ ചിരിയായിരുന്നില്ല…മറിച്ച്, ഉള്ളിൽ ഭയം ജനിപ്പിക്കുന്ന, വല്ലാത്തൊരു നിഗൂഢത നിറഞ്ഞ ഒരുതരം ചിരി….
കയ്യിലെ ആ വികൃതമായ പാവയെ മാറോടു ചേർത്തുപിടിച്ചുകൊണ്ട്, അവൾ സാവധാനം ഞങ്ങൾക്ക് നേരെ നടന്നു വരാൻ തുടങ്ങി.
കുട്ടി ആയതുക്കൊണ്ടോ അതോ അവൾ ഒറ്റക്കായതുക്കൊണ്ടോ എന്നറിയില്ല, ഞങ്ങളുടെ കൈകോർത്ത ചങ്ങലയിൽ നിന്നും പിടി വിടാൻ ചേച്ചി ശ്രമിച്ച് ചേച്ചി അറിയാതെ അവളുടെ അടുത്തേക്ക് പോകാൻ ആഞ്ഞു.

Yes thudaru
Keep going