നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​അടിച്ചതിന്റെ ക്ഷീണം അടിയും കൊണ്ട് തീർക്കാം എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ അടിക്കാൻ പോയതിന്റെ ക്ഷീണം വീണും കൊണ്ട് തീർക്കാം എന്ന് വിചാരിച്ച്, ആ കിടപ്പ് ഞാൻ അവിടെത്തന്നെ അങ്ങ് കിടന്നു….

 

ചത്തോ എന്ന് കരുതിയിട്ടാവണം ആരും വന്ന് തട്ടി വിളിക്കുകയൊന്നും ചെയ്തില്ല.

 

ശ്വാസമൊന്ന് നേരെയായതും ​ഞാൻ മെല്ലെ തിരിഞ്ഞ് മലർന്നു കിടന്നു….

 

മുകളിലെ അനന്തമായ ആകാശത്തേക്ക് വെറുതെ നോക്കി. നിലാവത്ത് മേഘങ്ങൾ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.

 

​പെട്ടെന്നാണ് ആകാശത്തിലെ മേഘങ്ങളെ മറച്ചുകൊണ്ട് രണ്ട് മുഖങ്ങൾ എന്റെ കാഴ്ചയിലേക്ക് എത്തിവലിഞ്ഞു വന്നത്.

 

​റോസും കൃതികയും…!

 

​തലകറങ്ങി കിടക്കുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന ആ രണ്ട് മുഖങ്ങൾ കണ്ടതും, “കൊല്ലാൻ ഓരോന്ന് ഇറങ്ങിക്കോളും…” എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.

 

​പക്ഷേ അടുത്ത നിമിഷം…

​അരികിലെ മണ്ണിൽ ആരോ വന്ന് കിടന്നതും, ഒരു കൈ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു….

 

​ആ സ്പർശനം തിരിച്ചറിഞ്ഞ ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ, കൃതിക…!

​അവൾ എന്നോട് ചേർന്ന്, എന്നെ വാരിപ്പുണർന്ന് കിടക്കുകയാണ്.

​അവളുടെ മുഖം എന്റെ മുഖത്തോട് തൊട്ടുരുമ്മി ഇരിക്കുന്നു.

 

എന്നെ നോക്കുന്ന ആ കണ്ണുകളിലെ വല്ലായ്മയും, ചുണ്ടിലെ സങ്കടവും കണ്ടതും… മനസ്സിൽ ബാക്കിയുണ്ടായിരുന്ന പകുതി ദേഷ്യം കൂടി ആ കാഴ്ചയിൽ തന്നെ മഞ്ഞുപോലെ ഉരുകിപ്പോയി….

 

എന്റെ കൈകൾ തനിയെ അവളിലേക്ക് നീണ്ടു. ഞാൻ അവളെ ഇറുകെ പുണർന്നു.

​എന്റെ മുഖം അവളുടെ കഴുത്തിനിടയിലേക്ക് ഞാൻ പൂഴ്ത്തിവെച്ചു. അവിടെ തങ്ങിനിന്നിരുന്ന നേർത്ത വിയർപ്പിന്റെ ഗന്ധം…

​പണ്ട് ചെയ്യാറുള്ളത് പോലെ, ആ ഗന്ധം ശ്വസിച്ച്, അവളുടെ ശരീരത്തിന്റെ ചൂടേറ്റ് അങ്ങനെ കിടന്നപ്പോൾ മനസ്സ് വല്ലാതെ ശാന്തമായി. ചുറ്റുമുള്ളതൊന്നും ഞാനറിഞ്ഞില്ല. കാലങ്ങൾക്ക് ശേഷം പഴയതുപോലെ…

 

​പക്ഷേ, ഞങ്ങളുടെ ആ സ്നേഹപ്രകടനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല…..

 

പെട്ടെന്നാണ് റോസിന്റെ വിറയ്ക്കുന്ന കൈകൾ എന്റെ തോളിൽ അമർന്നത്. അവൾ ഞങ്ങളെ തട്ടി വിളിക്കുകയായിരുന്നു.

 

​ആ സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് നോക്കുമ്പോൾ, റോസിന്റെ മുഖത്ത് വല്ലാത്തൊരു ഭാവഭേദം. പേടിയാണോ അതോ ഞെട്ടലാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒന്ന്.

 

​”എന്താ…?”

 

​കൃതികയുടെ പതുങ്ങിയുള്ള ചോദ്യം…

 

എന്നാൽ അതിന് അവൾ മറുപടി തന്നത് തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തായിരുന്നു..

 

​അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു.

 

ആ നീക്കത്തിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നിയതും ഞാനും കൃതികയും ശ്വാസം പോലും വിടാതെ നിശബ്ദരായി.

 

​ചുറ്റും പെട്ടെന്നൊരു മരണ നിശബ്ദത പടർന്നതുപോലെ… കാറ്റിന്റെ മർമ്മരം പോലും നിലച്ച ആ നിമിഷം.

​ആ കനത്ത നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദൂരെ നിന്നും ഒരു ഇരമ്പൽ ഒഴുകിയെത്തി.

 

​അതൊരു വണ്ടിയുടെ ശബ്ദമായിരുന്നു!

​ആരോ ഇങ്ങോട്ട് വരുന്നുണ്ട്…

 

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി.

 

​മലയിലേക്കുള്ള ആ വഴി…

 

കട്ടപിടിച്ച കോടമഞ്ഞ് കാരണം അത് എവിടെയാണെന്ന് പോലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

​പക്ഷേ, ആ മഞ്ഞിന്റെ വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ, രണ്ട് വെള്ള വെളിച്ചം തിളങ്ങി വരുന്നത് ഞാൻ കണ്ടു.

 

​നിമിഷങ്ങൾ കഴിയുന്തോറും ആ പ്രകാശം തെളിഞ്ഞുവരുന്നതിനൊപ്പം, വണ്ടിയുടെ ഇരമ്പലും ഉച്ചത്തിൽ ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു…

 

ആ വെളിച്ചം കണ്ടതും കൃതിക വെപ്രാളത്തോടെ ചാടി എഴുന്നേറ്റു. ശേഷം എന്നെയും വലിച്ച് എഴുന്നേൽപ്പിച്ചു.

 

​പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും കൈയ്യിൽ പിടിച്ച് വലിച്ച്, വഴിയരികിൽ കണ്ട അത്യാവശ്യം വലിപ്പമുള്ള ഒരു പാറയുടെ പിന്നിലേക്ക് അവൾ ഓടി.

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *