അത്രയും പറഞ്ഞപ്പോൾ യൂസഫ് അവളുടെ അടുത്തേക്ക് നടന്നു.
“മതി സ്റ്റിഫിയ… ബാക്കി ഞാൻ സംസാരിക്കാം. നീ പുറത്തേക്ക് പോയിക്കോ.”
സ്റ്റിഫിയ നിശ്ശബ്ദമായി പുറത്തേക്ക് നടന്നു.
അവൾ പുറത്തേക്ക് പോയതോടെ യൂസഫ് പതുക്കെ മനുവിന്റെ മുന്നിലെത്തി നിന്നു.
മനു… ഇനി തീരുമാനം നിന്റേതാണ്. നിനക്ക് രണ്ട് വഴികളുണ്ട്. ഒന്ന്, നിയമപരമായി വിവാഹമോചനത്തിന് സമ്മതിക്കുക. അല്ലെങ്കിൽ ഞാൻ പറയുന്ന നിബന്ധനകൾ അംഗീകരിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുക.”
മനു തലകുനിച്ച് നിശ്ശബ്ദനായി നിന്നു.
യുസഫ് ഒരു നിമിഷം മനുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ഇതാണ്… എന്റെ കോടതി നിനക്ക് വിധിക്കുന്ന ശിക്ഷ.”
മനുവിന്റെ മൗനം മറുപടിയായി സ്വീകരിച്ച യൂസഫ് തിരിഞ്ഞ് നടക്കാൻ തുടങ്ങി.
പെട്ടെന്ന് പിന്നിൽ നിന്ന് മനുവിന്റെ ശബ്ദം ഉയർന്നു.
“ഞാൻ… നിങ്ങൾ പറയുന്നതുപോലെ ചെയ്യാം.”
യൂസഫ് പതുക്കെ തിരിഞ്ഞു വിജയത്തിന്റെ ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു.
“അതാണ് ബുദ്ധിയുള്ള തീരുമാനം, മനു.”
യുസഫ് കൈയിലുള്ള ഡോക്യുമെന്റ് ഇരുമ്പുകമ്പികൾക്കിടയിലൂടെ മനുവിന്റെ നേരെ നീട്ടി.
“ഇതിൽ ഒപ്പിട്ടാൽ മതി പേടിക്കേണ്ട… ഇത് കോടതിയിൽ സമർപ്പിക്കില്ല നീ നൽകിയ സമ്മതത്തിന്റെ രേഖയായി എന്റെ കൈവശം ഇരിക്കട്ടെ അഥവാ നീ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ അപ്പോൾ തന്നെ നീയും അവളുമായുള്ള ബന്ധം ഞാൻ വേർപെടുത്തും.”
മനു വിറയുന്ന കൈകളോടെ ആ രേഖ വാങ്ങി.
അവന്റെ കണ്ണുകൾ അക്ഷരങ്ങളിലൂടെ ഓടിയെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു. കുറച്ചുനേരം മൗനമായി ഇരുന്ന ശേഷം, ഒടുവിൽ പേന എടുത്ത് അതിൽ അവന്റെ ഒപ്പ് ഇട്ടുകൊടുത്തു.
ഒപ്പിട്ട രേഖ യൂസഫിന്റെ കൈയിലേക്ക് തിരികെ നൽകി.
യൂസഫ് അത് മടക്കി പോക്കറ്റിലിട്ടു.
മനസ്സിൽ യുസഫ് സ്വയം പറഞ്ഞു:
“നീ അവളെ പൂർണമായി വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം, മനു. ആ വീടും
സ്ഥലവും ഇപ്പോഴും സ്റ്റിഫിയയുടെ പേരിലാണ്. അതുകൊണ്ടാണ് ഈ ഒപ്പ് എനിക്ക് വേണ്ടിയിരുന്നത്.”
വാതിലിനരികിലെത്തി യൂസഫ് വീണ്ടും തിരിഞ്ഞുനോക്കി.
“അടുത്ത തവണ ഞാൻ വരുമ്പോൾ… നിന്നെ ഇവിടെനിന്ന് പുറത്തിറക്കാനുള്ള കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ടാകും.”
അതും പറഞ്ഞ് അവൻ മന്ദഗതിയിൽ പുറത്തേക്ക് നടന്നു.
വിസിറ്റിംഗ് മുറിയിൽ മനു മാത്രം ബാക്കിയായി.
അവൻ ഒപ്പുവച്ചത് ഒരു സാധാരണ രേഖയിലായിരുന്നില്ല; തന്റെ ജീവിതത്തിന്റെ തകർന്നുപോയ ഒരു അധ്യായത്തിന് കീഴിലായിരുന്നു ആ ഒപ്പ്.
