ഹംസ ഇതെല്ലാം നിശ്ശബ്ദനായി കേട്ടുനിന്നു. കൈയിലുണ്ടായിരുന്ന ഗ്ലാസിലെ ബാക്കി വെള്ളവും ഒറ്റവലിക്ക് കുടിച്ചശേഷം, അദ്ദേഹം അത് സ്റ്റിഫിയയുടെ കൈയിലേക്ക് തിരികെ നൽകി.
“ശരി… ഞാൻ ഇറങ്ങട്ടെ,” എന്ന് പറഞ്ഞുകൊണ്ട് ഹംസ പതിയെ വാതിലിലേക്ക് നടന്നു.
പക്ഷേ വരാന്തയിലേക്ക് കാലെടുത്തുവയ്ക്കുന്നതിനുമുമ്പ് അദ്ദേഹം ഒന്ന് നിന്നു. എന്തോ ചോദിക്കാനുണ്ടെന്നപോലെ ഒരു നിമിഷം ആലോചിച്ച ശേഷം പതിയെ തിരിഞ്ഞുനോക്കി.
“സ്റ്റിഫിയ… ഒരു കാര്യം ചോദിച്ചോട്ടെ?”
“ചോദിച്ചോളൂ…”
ഹംസ ശാന്തമായ സ്വരത്തിൽ ചോദിച്ചു.
“ഇവൻ… മദ്യപിച്ചുകഴിഞ്ഞാൽ നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?”
ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ മുഖത്തെ ഭാവം മാറി. അവളുടെ കണ്ണുകൾ അറിയാതെ നിലത്തേക്ക് പതിഞ്ഞു. കുറച്ചുനേരം ഒന്നും പറയാതെ നിന്ന അവളുടെ മൗനം തന്നെമതിയായിരുന്നു ഹംസയ്ക്ക്.
പിറ്റേന്ന് നേരം വെളുത്തു. ജനൽവഴി കടന്നുവന്ന സൂര്യപ്രകാശം ബെഡ്റൂമിലാകെ പരന്നപ്പോൾ, ഇന്നലെ രാത്രിയിലെ മദ്യലഹരിയിൽ ബോധംകെട്ട് കിടന്നിരുന്ന മനു പതിയെ കണ്ണുതുറന്നു.
തലയിൽ അസഹ്യമായ ഭാരവും ശരീരമാകെ ക്ഷീണവും അനുഭവപ്പെട്ടെങ്കിലും, കട്ടിലിൽ നിന്ന് അൽപം ഉയർന്ന് അവൻ ചുറ്റും നോക്കി. അരികിൽ, കഴിഞ്ഞ രാത്രിയിലെ ക്ഷീണം മുഴുവൻ മുഖത്ത് തെളിഞ്ഞുകൊണ്ട് സ്റ്റിഫിയ ഗാഢനിദ്രയിൽ കിടക്കുകയായിരുന്നു.
ഒരു മടിയും കൂടാതെ അവൻ അവളുടെ തോളിൽ ശക്തമായി തട്ടി വിളിച്ചു.
“എഴുന്നേൽക്കടി… പോയി ഒരു ചായ എടുത്തോണ്ട് വാ.”
മനുവിന്റെ പരുക്കൻ ശബ്ദം കേട്ട് സ്റ്റിഫിയ പതിയെ കണ്ണുകൾ തുറന്നു.
ഒരു നിമിഷം ചുറ്റും നോക്കി. നേരം നന്നായി വെളുത്തിരുന്നു. ഇന്നലെ രാത്രി അവൾക്ക് ഭക്ഷണം പോലും കഴിക്കാനായിരുന്നില്ല. അതിന്റെ ക്ഷീണം ശരീരമാകെ തളർച്ചയായി നിറഞ്ഞിരുന്നു.
എന്നിരുന്നാലും ഒന്നും പറയാതെ അവൾ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഉറക്കത്തിന്റെയും വിശപ്പിന്റെയും ക്ഷീണം കലർന്ന ചുവടുകളോടെ അടുക്കളയിലേക്ക് നടന്നു.
അപ്പോഴും മനു കട്ടിലിൽ തന്നെ ചാരിയിരുന്നു. എഴുന്നേറ്റ് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത പോലും ഇല്ലാതെ, ചായ വരുന്നതും കാത്ത് അവൻ അവിടെത്തന്നെ ഇരുന്നു.
കുറച്ചുനേരത്തിനകം സ്റ്റിഫിയ ഒരു ഗ്ലാസ് ചായയുമായി മുറിയിലേക്ക് വന്നു. ചായ മനുവിന്റെ കൈയിൽ കൊടുത്ത ശേഷം, മടിച്ചുമടിച്ച് അവൾ പറഞ്ഞു.
“വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുകയാണ്. അരിയും പലചരക്ക് സാധനങ്ങളും ഒന്നും ഇല്ല. കയ്യിൽ കുറച്ച് പൈസയുണ്ടെങ്കിൽ വാങ്ങിച്ചുതരാമോ?”
മനു അവളുടെ വാക്കുകൾ കേട്ടെങ്കിലും മറുപടി പറയാൻ പോലും തയ്യാറായില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ അവൻ ചായ പതിയെ കുടിച്ചുതീർത്തു.
ഗ്ലാസ് തിരികെ കൊടുത്ത ശേഷം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു. അവിടെ സ്റ്റിഫിയ കഴിഞ്ഞ രാത്രിയിൽ ഉണ്ടാക്കിവെച്ചിരുന്ന ചോറും കറിയും സ്വയം എടുത്ത് കഴിച്ചു.
ഭക്ഷണം കഴിച്ചുതീർന്നിട്ടും വീട്ടിലെ കാര്യങ്ങളെക്കുറിച്ചോ സ്റ്റിഫിയയുടെ ആവശ്യത്തെക്കുറിച്ചോ ഒരു വാക്കുപോലും ചോദിച്ചില്ല.
കൈ കഴുകി
വസ്ത്രം മാറിയ ശേഷം ഒന്നും പറയാതെ വീട്ടിൽ നിന്ന് പുറത്തേക്ക് നടന്നു.
സ്റ്റിഫിയ കുറച്ചുനേരം അതേ സ്ഥലത്ത് നിശ്ചലയായി നിന്നു. വീട്ടിൽ ഇനി ബാക്കിയുണ്ടായിരുന്നത് ഒഴിഞ്ഞ പാത്രങ്ങളും തീർന്നുപോയ പലചരക്ക് സാധനങ്ങളും, മറുപടി കിട്ടാതെ പോയ അവളുടെ പ്രതീക്ഷയും മാത്രമായിരുന്നു.
മനു പോയതിനുശേഷം സ്റ്റിഫിയ ഹാളിലെ പഴയ സോഫയിൽ നിശ്ശബ്ദമായി ഇരിക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ, മുന്നിലുള്ള ചുമരിലേ ക്ലോക്കിൽ വെറുതെ നോക്കിയിരുന്ന അവളുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞിരുന്നു.
അപ്പോഴാണ് പുറത്തുനിന്ന് പരിചിതമായ ഒരു ശബ്ദം കേട്ടത്.
“എന്താ മോളെ… എന്ത് ആലോചിച്ചിരിക്കുകയാ?”ആ ശബ്ദം കേട്ട് സ്റ്റിഫിയ പുറത്തേക്ക് നോക്കി.
വരാന്തയിൽ പതിവുപോലെ ആ വഷളൻ പുഞ്ചിരിയുമായി ഹംസ നിൽക്കുന്നു. ഒരു കൈയിൽ ചെറിയൊരു തുണിസഞ്ചിയും ഉണ്ടായിരുന്നു.
