“നീ എന്താ അവിടെ കാവൽ നിൽക്കുന്ന പോലെ നിൽക്കുന്നത്…? കിടക്കുന്നില്ലേ?”
“ഹേ… അത്… ഞാൻ… ഈ മുറി…”
വാക്കുകൾ ഒക്കെ തൊണ്ടയിൽ കുടുങ്ങി.
എന്താണ് പറയേണ്ടത് എന്ന് പോലും മനസ്സിലാവുന്നില്ല.
അവൾ ചുണ്ടിന്റെ കോണിൽ ചെറിയൊരു ചിരിയോടെ വീണ്ടും ഫോൺ നോക്കാൻ തുടങ്ങി.
ഞാൻ ഒടുവിൽ വാതിൽ അടച്ചു.
ശാന്തമായി ബെഡിന്റെ ഒരു വശത്ത് കയറി കിടന്നു.
അവളിൽ നിന്ന് കുറച്ച് അകലം പാലിച്ചാണ് കിടന്നത്.
മുറിയിൽ ഫാനിന്റെ ശബ്ദവും… നമ്മളുടെ ശ്വാസവും മാത്രം.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഫോൺ ടേബിളിൽ വച്ചു.
പിന്നെ പതിയെ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.
അവളുടെ ശരീരത്തിന്റെ ചൂട് മെല്ലെ എന്റെ പുറത്ത് തട്ടിയ നിമിഷം… എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.
അവളുടെ ഒരു കൈ പതിയെ മുന്നിലേക്ക് വന്നു…
എന്റെ വയറിന് ചുറ്റും ചുറ്റിപ്പിടിച്ചു…
ആ സ്പർശം ശരീരമൊട്ടാകെ ചെറിയൊരു വിറയലായി പടർന്നു.
അവളുടെ വിരലുകളുടെ ചൂട് ടി-ഷർട്ടിന് മുകളിലൂടെ പോലും വ്യക്തമായി ഞാൻ അറിഞ്ഞു.
“അഭി…”
അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു…
ഉറക്കത്തിന്റെയും വികാരത്തിന്റെയും ഇടയിൽ കുടുങ്ങിയ പോലെ.
ഞാൻ മറുപടി പറഞ്ഞില്ല.
പക്ഷേ ഹൃദയം മാത്രം നെഞ്ചിനുള്ളിൽ കുത്തനെ ഇടിക്കാൻ തുടങ്ങി.
“അഭി…”
വീണ്ടും അവൾ വിളിച്ചു.
ഇപ്പോൾ കുറച്ചുകൂടി ചേർന്നു കിടന്ന്… അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടി ചൂടായി ഉരുകി.
“മ്മ്…”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“തിരിഞ്ഞു കിടക്ക്…”
എന്തിനു…?
ഞാൻ മനസ്സിൽ ചിന്തിച്ചു.
ഞാൻ അനങ്ങാതെ കിടന്നതോടെ അവൾ തന്നെ എന്റെ തോളിൽ പിടിച്ച് തന്റെ ഭാഗത്തേക്ക് തിരിച്ചു കിടത്തി.
അവളുടെ മുഖം ഇപ്പോൾ വളരെ അടുത്തായിരുന്നു.
അവളുടെ കണ്ണുകളിൽ പതിവ് കുസൃതിയില്ല… വേറെയൊന്നാണ്…
ഒരുപാട് നാളായി അടച്ചു വെച്ച എന്തോ പറയാൻ വരുന്ന കണ്ണുകൾ.
“എന്താടി…?” ഞാൻ പതിയെ ചോദിച്ചു.
“എടാ… നിനക്ക് ഇപ്പോഴും എന്നോട് പിണക്കം ആണോ…?”
അവൾ ചോദിച്ചപ്പോൾ ശബ്ദം ചെറുതായി ഇടറി.
“ഏയ്… എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല…”
“പിന്നെ എന്താ നീ ഒന്നും മിണ്ടാത്തെ…?”
ഈ പെണ്ണിന് എന്താ വയ്യേ… മനുഷ്യനെ ഉറങ്ങാനും വിടില്ല…
ഞാൻ മനസ്സിൽ പറഞ്ഞു.
“ഒന്നുമില്ലെടി… നല്ല ക്ഷീണം… അതുകൊണ്ടാ…”
അവൾ ചുണ്ടൊന്ന് കോർത്തു.
“നുണ പറയണ്ട… നീ എന്തിനാ എന്നെ ഇത്രയും കാലം avoid ചെയ്തത്…?”
ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കി.
“ഹലോ… ഞാൻ നിന്നോട് എത്ര പ്രാവശ്യം സംസാരിക്കാൻ വന്നതാ… എന്നിട്ട് നീ അല്ലേ മുഖം വീർപ്പിച്ചു പോയത്…”
“അത് മൂന്ന് വർഷം മുമ്പല്ലേ…”
അവൾ ഒരു നിമിഷം നിർത്തി.
കണ്ണുകൾ താഴ്ത്തി.
“അതിന് ശേഷം… ഒരിക്കൽ പോലും നീ എന്റെ അടുത്ത് വന്നില്ല…”
ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ കുത്തി.
“എന്നിട്ടെന്താ… നീ വീണ്ടും avoid ചെയ്യും…”
“അതിനു നീ എന്നോട് സംസാരിക്കാൻ വന്നോ…?”
ഞാൻ ചോദിച്ചു.
അവൾ മിണ്ടാതെ എന്നെ നോക്കി.
ആ കണ്ണുകളിൽ ചെറിയൊരു നനവ് തിളങ്ങി.
സത്യം പറഞ്ഞാൽ…
ഞാൻ അകന്നു നിന്നത് പേടിച്ചാണ്.
ഞാൻ കാരണം അവൾ വീണ്ടും വേദനിക്കുമോ എന്ന്…
വീണ്ടും ആ പഴയ മുറിവുകൾ തുറക്കുമോ എന്ന്…
“എടി… അത് പിന്നെ…”
എന്റെ ശബ്ദം ചെറുതായി വിറച്ചു.
“ഞാൻ കാരണം നീ അനുഭവിച്ച അവസ്ഥയും… ആ ട്രൗമയും ഒക്കെ ഓർത്തപ്പോ… എനിക്കും വീണ്ടും നിന്നെ അങ്ങനെ കാണാൻ വയ്യായിരുന്നു…”
ഞാൻ ഒന്ന് നിർത്തി.
“നീ ആ സ്വപ്നങ്ങൾ കണ്ടെന്ന് പറഞ്ഞപ്പോ ഒക്കെ… എനിക്ക് എന്തോ പോലെ ആയി… ഞാൻ കാരണം ഇനിയും നീ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ലായിരുന്നു…”
ഓരോ വാക്കും പറയുമ്പോഴും നെഞ്ചിലെ ഭാരം പുറത്തേക്ക് ഒഴുകുന്ന പോലെ തോന്നി.
