“ഹ…അപ്പോളേക്കും നീ എണീറ്റോ കുറച്ചൂടെ കഴിച്ചൂടെ സിദ്ധു നിനക്ക്…” എന്നും ചോദിച്ചു കൊണ്ട് ചെറിയമ്മ പാഞ്ഞെത്തി.അത് കേട്ടതും ഞാൻ അവരെ ഒന്ന് മിഴിച്ചു നോക്കി,ഒരു പറ ചോറ് പ്ലേറ്റിൽ വിളമ്പിയിട്ട് പോയ കക്ഷിയാണ് ഈ പറയണേ…
“നിങ്ങൾ എന്തോ നോക്കിയിരിക്കായിരുന്നു മനുഷ്യ…അവനു കുറച്ചൂടെ വിളമ്പി കൊടുക്കാമായിരുന്നില്ലേ…?”ചെറിയമ്മ പിന്നെ ചെറിയച്ഛനു നേരെയായി.ഭാഗ്യം ഞാൻ രക്ഷപ്പെട്ടു.അങ്ങനെ അവരോട് ഒരു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ചെറിയച്ഛൻ ഇതിന്റെ മുന്നിൽ എന്നെ ഒറ്റക്കാക്കി പോവാണല്ലേ തെണ്ടി എന്ന് എന്നെ നോക്കി പറയാതെ പറയുന്നുണ്ട്,അവരുടെ ദാമ്പത്യ പ്രശ്നത്തിൽ
നമ്മൾ സിംഗിൾസ് എന്തിനാ വെറുതെ ഇടപ്പെടുന്നേ അവരായി അവരുടെ പാടായി.അത് പറഞ്ഞപ്പോളാണ് എന്റെ പ്രിയതമയേ പറ്റിയുള്ള ചിന്ത വീണ്ടും വന്നത് അങ്ങനെ ഞാൻ വീണ്ടും മൂഡ് ഔട്ടായി.അങ്ങനെ അവളേം
ആലോചിച്ചു ഞാൻ എപ്പോളോ ഉറക്കത്തിന്റെ പടുകുഴിയിൽ വീണു.
എന്റെ ശാലിനി മിസ്സിനെയും കണ്ടാണ് ഞാൻ സുഖമായി ഉറങ്ങിയത്.അവളെയും കൊണ്ട് ഞാൻ ഏതോ മലയുടെ മണ്ടക്ക് പോയി നിൽക്കുകയാണ്,അങ്ങനെ ആ ക്ലിഫ് വ്യൂ പോയിന്റിൽ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു നിന്ന ഞാൻ അവളുടെ കഴുത്തിലും ചെവിയിലുമെല്ലാം മൂക്കുരച്ചു കൊണ്ടവളെ ഞാൻ വശം കെടുത്തി കൊണ്ടിരുന്നു.
“ഉം…ഹാ…സിദ്ധു…കളിക്കല്ലേ…”എന്നൊക്കെ പറഞ്ഞവൾ കിടന്നു പുളയുന്നുണ്ട്.അങ്ങനെ ഞാൻ എന്റെ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതും പെട്ടെന്ന് അവൾ എന്റെ കൈകൾ തട്ടി മാറ്റി എന്നെ പിടിച്ചു മുന്നിലേക്ക് നിർത്തി വശ്യമായെന്നെ നോക്കി.എന്റെ കോളറിൽ ഇരു കയ്യും മുറുക്കി പെരുവിരലിലൂന്നി ഒന്ന് പൊങ്ങിയ അവൾ എന്റെ ചുണ്ടുകളെ കവരുന്നതും കാത്ത്
ഞാൻ കണ്ണുകൾ അടച്ചു,പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ കോളറിലെ പിടി ഒന്നൂടെ മുറുക്കി കൊണ്ട് എന്നെ പിടിച്ചുലച്ചു.അവൾ വല്ലാതെ എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി പക്ഷെ അവൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല,ഒരുമാതിരി മറ്റേ കാലകേയൻ സംസാരിക്കണ പോലെയാണ് എനിക്ക് തോന്നിയത്.ഇവളിത് എന്താ ഇങ്ങനെ
ഒക്കെ ചെയ്യണേ എന്നോർത്തു നിന്നതും കലിയടങ്ങാത്ത പോലെ അവൾ ലൂസിഫറിൽ നമ്മുടെ ലാലേട്ടൻ ആ പോലീസുക്കാരൻ മയിൽവാഹനത്തിനെ നെഞ്ചത്ത് ചവിട്ടും പോലെ അവളും കറങ്ങിയെന്റെ നെഞ്ചിനിട്ടൊരൊറ്റ ചവിട്ട്.ദേ കിടക്കണ് കിണ്ടിയും വെള്ളോം എന്ന് പറഞ്ഞ പോലെ ഞാൻ ആ മലയുടെ മണ്ടക്ക് നിന്ന് താഴോട്ട് പോയി
അത് കണ്ട് അവൾ യക്ഷി ചിരിക്കും കണക്കെ ചിരിക്കുന്നത് ഞാൻ വ്യകതമായി.പെട്ടെന്ന് തന്നെ ഞാൻ നിലം പതിച്ചു,ഇത്രയും പെട്ടെന്ന് താഴെ എത്തിയോ എന്നിട്ട് ഞാൻ ചത്തില്ലേ എന്നൊക്കെയോർത്ത് ഞാൻ എന്റെ
ദേഹം മൊത്തം പരതിയതും പെട്ടെന്ന് ഒരു സുനാമി കണക്കെ വെള്ളം എന്റെ മേൽ വന്നു
പതിച്ചു.പെട്ടെന്നു ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു എണീറ്റതും ചത്തില്ലല്ലോ എന്ന് ഉറപ്പു വരുത്താൻ മേല് മുഴുവൻ ഞാൻ പരതി നോക്കി ഞാൻ ആകെ നനഞ്ഞിട്ടുണ്ട്,ആ കാലകേയന്റെ ശബ്ദം വീണ്ടും എന്റെ ചെവിയിൽ എത്തിയതും ഞാൻ തല പൊക്കി നോക്കി.എന്റെ മുന്നിലൊരു ഭീകര രൂപം,ഒരു എട്ടു പത്തടി പൊക്കം കാണും
“അയ്യോ അമ്മേ പ്രേതം…”ആ രൂപത്തെ കണ്ടതും ഞാൻ പേടിച്ചു വിളിച്ചു കൂവി.അത് കേട്ടതും വീണ്ടും എന്റെ ദേഹത്തേക്ക് അടുത്ത സുനാമിയടിച്ചു.അതോടെ എനിക്ക് ബോധം വന്നു ഞാൻ കണ്ണു തിരുമി നോക്കിയതും ഇന്നലെ ബെഡിൽ കിടന്ന ഞാൻ ഇപ്പോൾ നിലത്താണ് കിടക്കുന്നത്,പിന്നെ ഞാൻ ആകെ നനഞ്ഞു കുളിച്ചിട്ടുമുണ്ട്…ഒന്നും വ്യക്തമായില്ല അല്ലേ എനിക്കും ആയില്ല…
കണ്ണൊന്നൂടെ തിരുമി കൊണ്ട് നേരെ നോക്കിയതും കണ്ടു കയ്യിൽ ജഗ്ഗും പിടിച്ചു എന്നെ നോക്കി കലിച്ചു നിൽക്കുന്ന ചെറിയമ്മയേ…
“എന്തൊക്കെ കോപ്രായമാടാ ചെക്കാ കാണിക്കണേ…”എന്നും ചോദിച്ചു കൊണ്ടവർ എന്നെ പിടിച്ചു വലിച്ചെണീപ്പിച്ചു.
