യുകെ ഡയറിസ് – 5 27  

ഒരുപാട് കുത്ത് വാക്കുകളും വഴക്കും അടിയും ഒക്കെ ഞാൻ കേട്ടു. അവസാനം ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും വാക്കിന് ഞാൻ നിർബന്ധിതമായും വഴങ്ങപ്പെട്ടു. പിന്നെ വളരെ പെട്ടെന്ന് ആയിരുന്നു നിക്കാഹും.

അന്ന് പുള്ളിക്കാരൻ ദുബായിൽ ഒരു ജോലിയിലായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞു വന്ന പത്തോ പതിനഞ്ച് മിനിറ്റ് സംസാരിക്കും അതായിരുന്നു ഞങ്ങൾ കല്യാണത്തിന് മുന്നേ സംസാരിച്ചിരുന്നത്. എനിക്ക് പൊതുവേ ഒളിച്ചുവെക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ ഞാൻ പുള്ളിക്കാരനോട് ഇക്കാര്യം പറഞ്ഞിരുന്നു. അന്നൊക്കെ പുള്ളി അതൊരു കാഷ്വൽ രീതിയിൽ എടുത്തിരുന്നു പക്ഷേ പിന്നെപ്പിന്നെ പുള്ളി എന്നെ പറഞ്ഞ് കുത്താൻ തുടങ്ങി.

കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ചുനാൾ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാ ദാമ്പത്യ ബന്ധങ്ങളുടെ തുടക്കം പോലെ സന്തോഷകരമായ ദിവസങ്ങൾ. എൻറെ മനസ്സിൽ അന്നൊക്കെ എൻറെ ആ മുൻ കാമുകൻ ഉണ്ടായിരുന്നുവെങ്കിലും പതിയെ പതിയെ ഞാൻ ഷാഫിയുടെ പെണ്ണായി മാറിയിരുന്നു. പക്ഷേ അത് കഴിഞ്ഞ് ഓരോ നാൾ പോകേ ഞാൻ പുള്ളിയെ കുറിച്ച് പലപല കാര്യങ്ങൾ അറിയാൻ തുടങ്ങി. ആദ്യം ഒരു ദിവസം ഞാൻ പുള്ളിയുടെ പോക്കറ്റിൽ നിന്നും ഒരു ബട്ടർ പേപ്പർ പോലെയുള്ള സംഭവം കിട്ടിയപ്പോൾ ഇതെന്താ എന്ന് ചോദിച്ചതാണ് ആദ്യ പ്രശ്നത്തിന്റെ തുടക്കം. പിന്നെയാണ് ഞാൻ അറിയുന്നത് പുള്ളിക്ക് കഞ്ചാവ് വലി ഉണ്ടെന്ന്.

അതെന്നെ ശരിക്കും തളർത്തിയിരുന്നു. കാരണം എനിക്ക് പുകവലിയോ മദ്യപാനമോ ഒന്നും തന്നെ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു. കല്യാണത്തിന് മുന്നേ ഇതേ കാര്യം ഞാൻ പുള്ളിയോട് പറഞ്ഞപ്പോൾ പുള്ളി ഇങ്ങനെ ഒന്നും ഇല്ലാന്നാണ് എന്നോട് പറഞ്ഞിരുന്നത്. അന്ന് പക്ഷേ പുള്ളി പറഞ്ഞിരുന്നെങ്കിൽ പോലും എനിക്ക് പിന്നീട്

ഇത് വലിയ ബുദ്ധിമുട്ടായി മാറില്ലായിരുന്നു. അവിടെത്തന്നെ പുള്ളി എന്നോട് കള്ളം പറഞ്ഞത് എൻറെ മനസ്സിൽ ഒരു വലിയ വിടവ് ഉണ്ടാക്കി. അതുകഴിഞ്ഞ് ഒരിക്കൽ ഞാൻ പുള്ളിയുടെ ഫോണിൽ നിന്നും വേറൊരു പെൺകുട്ടിയുമായുള്ള മെസ്സേജ് കണ്ടു.

ആദ്യം സുഹൃത്താണ് എന്നൊക്കെയാണ് എന്നോട് പറഞ്ഞിരുന്നത് ഞാനും അത് വിശ്വസിച്ചിരുന്നു. പക്ഷേ ഒരു ദിവസം ഞാൻ പുള്ളിയുടെ ഫോണിൽ നിന്ന് തന്നെ അവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ശരിക്കും എൻറെ ശരീരം തളർന്നു പോകുന്ന പോലെ തോന്നി. മനസ്സിലെ ദേഷ്യവും വിഷമവും ആരോട് പറയണമെന്ന് പോലും അറിയാതെ ഞാൻ ആ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ കുറച്ചുനാൾ കഴിഞ്ഞിരുന്നു. അതിൽ നിന്നുമൊക്കെ പുറത്തുവരാനാണ് ഞാൻ ഇങ്ങോട്ടേക്ക് പഠിക്കാൻ വരണമെന്ന് വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചത്.

ഇവിടെ വന്നിട്ട് പുള്ളിക്ക് മാറ്റമുണ്ടാകും എന്ന് ഞാൻ കരുതി പക്ഷേ പുള്ളി അതിലും എന്നെ തോൽപ്പിച്ചു. ആദ്യമൊക്കെ ജോലിക്ക് പോകുമ്പോൾ തന്നെ പെൺകുട്ടികൾ ഉള്ളടത്ത് മാത്രം ജോലിക്ക് പോയാൽ മതി എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇവിടത്തെ ജീവിത സാഹചര്യത്തിൽ എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്നൊരു അവസ്ഥ എത്തിയപ്പോൾ പുള്ളി അതിൽ അല്പം അയവു കാണിച്ചു. അതുകഴിഞ്ഞ് എനിക്ക് ഇവിടെ ആകെ ഫ്രണ്ട്സ് എന്ന് പറയാൻ രണ്ട് പെൺകുട്ടികൾ മാത്രമേയുള്ളൂ. ആൺകുട്ടികളോട് സംസാരിക്കാൻ പുള്ളി എന്നെ അനുവദിച്ചിരുന്നില്ല. ഇത്രയും പറയാൻ എന്താ നിന്നോട് ഞാൻ സംസാരിക്കുന്നത് പോലും പുള്ളിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല.

പിന്നെ നീ എല്ലാരോടും നല്ല രീതിയിൽ നിൽക്കുന്നതുകൊണ്ട് മാത്രമാണ് പുള്ളി അത് വലിയ കാര്യമാക്കാത്തത്. ശരിക്കും ഞാൻ ഇപ്പോൾ സ്കോട്ട്‌ലാൻഡിൽ പോയിട്ട് വന്നതുപോലെ അവിടെയുള്ള എൻറെ കസിന്റെ കണ്ട് ഒന്ന് എല്ലാം പറഞ്ഞു സമാധാനപ്പെടാൻ വേണ്ടിയിട്ടാണ്. പക്ഷേ പുള്ളി ഇപ്പൊ പറയുന്നത് ഞാൻ എൻറെ കസിൻറെ ഭർത്താവിനെ കാണാൻ വേണ്ടിയിട്ട് കള്ളം പറഞ്ഞ് അങ്ങോട്ട് പോയത് എന്ന രീതിയിലാണ്. എല്ലാം സഹിച്ചും പൊറുത്തും എനിക്കൊരു വല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു. ഇനി എനിക്ക് ഒന്നും തന്നെ സഹിക്കാൻ വയ്യ അത്രത്തോളം ഞാൻ സഹികെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പുള്ളിയുടെ ഫോണിൽ നിന്നും ഒരു പെണ്ണുമായുള്ള ചാറ്റ് പൊക്കിയിരുന്നു.

Updated: July 2, 2026 — 4:36 pm

2 Comments

Add a Comment
  1. Please keep writing this was one of the best series story

  2. Hello bro vegam baaki baagam post chyu waiting for long time

Leave a Reply

Your email address will not be published. Required fields are marked *