ഇന്നലത്തെ രാത്രിയുടെ ക്ഷീണവും മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുമൊക്കെ ആ കുഞ്ഞു വർത്തമാനത്തിൽ അലിഞ്ഞുപോയതുപോലെ അവന് തോന്നി.
അവർ താഴെയെത്തിയതും റാണി മകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ആ തിളക്കം കണ്ടപ്പോൾത്തന്നെ അമ്മയ്ക്ക് കാര്യം മനസ്സിലായി.
“എന്താടാ… നിനക്ക് പെണ്ണിനെ ബോധിച്ചോ?” റാണി ചിരിച്ചുകൊണ്ട് പതുക്കെ ചോദിച്ചു.
ജോമോൻ ഒന്ന് ചിരിച്ചു. “അതിപ്പോ, എനിക്കും ആൾക്കും ഓക്കെയാ. ബാക്കി നിങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്ക്.
അല്ലേടോ?” അവൻ റീനുവിനെ നോക്കി.
റീനു നല്ല ഉന്മേഷത്തോടെ പറഞ്ഞു, “യെസ്, ഞങ്ങൾക്ക് ഓക്കെയാ. പിന്നെ ജോയും ബാംഗ്ലൂരാണല്ലോ. ഞങ്ങൾ ഇടയ്ക്ക് കണ്ടോളാം, അപ്പോ കൂടുതൽ അറിയാമല്ലോ.
ഇനി അഥവാ സെറ്റായില്ലെങ്കിൽ ഞങ്ങൾ പറയാം. അതല്ലേ നല്ലത്?” ഇതും പറഞ്ഞ് അവൾ ബെറ്റിയുടെ തോളിൽ പിടിച്ച്, ചുവരിൽ ചാരിനിന്ന് എല്ലാവരെയും നോക്കി.
ജോമോൻ അത് മാത്രം പ്രതീക്ഷിച്ചില്ല. ഇവൾ ആള് കൊള്ളാമല്ലോ എന്നായി അവന്. അവന് മാത്രമല്ല, അവിടെ കൂടിയ എല്ലാവർക്കും.
മാത്യു ഉടനെ അവളെ നോക്കി. “അത് കൊള്ളാമല്ലോടീ! പൈസയൊക്കെ ഇറക്കുന്നതിന് മുമ്പ് തീരുമാനിക്കണേ. പിന്നെ ലിവിങ് ടുഗെദർ വല്ലതുമാണ് മകൾ ഉദ്ദേശിച്ചതെങ്കിൽ, ദാ അതാണ് വാതിൽ, അതാണ് ഗേറ്റ്.
ആ ബാഗും കിട്ടുന്നതെന്താന്ന് വെച്ചാ അതും എടുത്ത് പൊയ്ക്കോ.” എല്ലാവരും ചിരിച്ചു. റീനു അല്പം നാണത്തോടെ തലതാഴ്ത്തി ബെറ്റിയുടെ അടുത്തേക്ക് മാറിനിന്നു.
“എന്നാ പിന്നെ വലിയ താമസമില്ലാതെ നമുക്ക് കാര്യം ഉറപ്പിക്കാം,” ജോസഫ് സന്തോഷത്തോടെ പറഞ്ഞു. “അടുത്ത മാസം ഞങ്ങളുടെ ഇടവകപ്പള്ളിയിലെ പെരുന്നാളാണ്. അത് കഴിഞ്ഞ് ഒരു മാസം കൂടി മാറ്റിയാ കർക്കിടകവും കഴിയും.
അത് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ച തന്നെ കല്യാണം നടത്താം. അതായത് ആഗസ്റ്റ് 27. എന്നുവെച്ചാ ഒരു രണ്ടര മൂന്ന് മാസത്തെ ഗ്യാപ്പ്. എന്താ മാത്യൂ, നിങ്ങളുടെ അഭിപ്രായം?”
മാത്യു അല്പം ചിന്തിച്ചിട്ട് പറഞ്ഞു, “അത് നന്നായിരിക്കും ജോസഫേട്ടാ. അത്രേം സമയം കിട്ടിയാ എനിക്കും കാര്യങ്ങളൊക്കെ ഒന്ന് ഒതുക്കാൻ പറ്റും. ഞങ്ങൾ അത്ര വലിയ സാമ്പത്തികശേഷിയുള്ളവരല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
മോളുടെ ആശുപത്രി ജോലിയും എന്റെ ചെറിയ വരുമാനവും
വെച്ചാണ് കാര്യങ്ങൾ നടക്കുന്നത്. ബന്ധുക്കളെയൊക്കെ അറിയിച്ച്, എനിക്കാവുന്ന രീതിയിൽ എല്ലാം ഭംഗിയായി ചെയ്യാം.”
ഇത് കേട്ടതും റാണി ഇടപെട്ടു. “അയ്യോ മാത്യൂച്ചേട്ടാ, നിങ്ങൾ അതിനെക്കുറിച്ചൊന്നും ഓർത്ത് വിഷമിക്കണ്ട. സ്ത്രീധനത്തിന്റെയോ പൊന്നിന്റെയോ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല.
ഞാനും ഇച്ചായനും സാധാരണ കുടുംബത്തീന്ന് കഷ്ടപ്പെട്ട് വന്നവരാ. സ്ത്രീധനത്തിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. എന്റെ അപ്പൻ തന്നുവിട്ടത് കടമെടുത്തിട്ടാണെന്ന് അറിഞ്ഞപ്പോ ഇങ്ങേര് തന്നെ അതൊക്കെ വിറ്റ് അപ്പന്റെ കടം തീർത്തു.
അതുകൊണ്ട് ഇതൊക്കെ പറഞ്ഞ് ഞങ്ങളെ മോശക്കാരാക്കല്ലേ. മോളെ ഞങ്ങളുടെ സ്വന്തം മകളായി വിട്ടുതന്നാ മാത്രം മതി.”
ജോസഫും അത് ശരിവെച്ചു. “അതെ മാത്യൂ, റാണി പറഞ്ഞതാണ് ശരി. കാശിന്റെയോ സ്വർണത്തിന്റെയോ പേരിൽ ഒരു പൈസ പോലും ഞങ്ങൾ ചോദിക്കില്ല.
പെണ്ണ് ഗുണമുള്ളവളായാ മതി. അത് ഞങ്ങൾ കണ്ടല്ലോ. പിന്നെ രണ്ടിനും ജോലിയുണ്ട്. അവർക്ക് വേണ്ടത് അവരായിട്ട് ഉണ്ടാക്കട്ടെ.”
ആ വാക്കുകൾ കേട്ടപ്പോൾ മാത്യുവിന്റെ കണ്ണ് നനഞ്ഞു. എങ്കിലും അയാൾ പറഞ്ഞു, “അത് നിങ്ങളുടെ വലിയ മനസ്സ്. എന്നാലും ഒരു അപ്പൻ എന്ന നിലയിൽ എന്റെ മകൾക്ക് ചെയ്യാൻ പറ്റുന്നത് എനിക്ക് ചെയ്യണം.
കഴിയുന്നത്ര ഭംഗിയായിത്തന്നെ ഞാൻ ഈ കല്യാണം നടത്തിത്തരും.”
സംസാരമൊക്കെ കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചു. റീനു വിളമ്പുമ്പോൾ ജോമോൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. പക്ഷേ ഇതെല്ലാം കണ്ട് ഒരു വശത്തിരുന്ന കണ്ണന് ചോറ് തൊണ്ടയിൽ നിന്ന് ഇറങ്ങുന്നുണ്ടായിരുന്നില്ല.
