മനസ്സിൽ ഒരു കൊടുങ്കാറ്റായിരുന്നു. ക്ലാര, റീനു. റീനു, ക്ലാര.
അവൻ താൻ എടുത്ത ബാഗിന്റെ ഫോട്ടോ നോക്കി. പിന്നെ എന്തോ പറഞ്ഞ് ജോമോന്റെ
മൊബൈൽ വാങ്ങി, അതിലെ ബാഗിന്റെ പടം തന്റെ ഫോണിലേക്ക് അയച്ചിട്ട് തിരികെ കൊടുത്തു.
രണ്ട് ഫോട്ടോയും അവൻ പലതവണ നോക്കി. സൂം ചെയ്തു. എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. നോ രക്ഷ. നൂറ് ശതമാനം സെയിം ടു സെയിം.
ജോമോൻ ഇത് അറിയണ്ടേ? അറിഞ്ഞാ എന്താകും സ്ഥിതി? പലതരം ചിന്തകൾ അവന്റെ തലച്ചോറിനെ പിടിച്ചുലച്ചു.
ഊണ് കഴിഞ്ഞ് യാത്ര പറയാൻ സമയമായി. അപ്പോഴാണ് റീനുവിന്റെ കസിൻ, നേരത്തെ ഇൻഫോസിസിന്റെ കാര്യത്തിൽ അമ്മാവനോട് തർക്കിച്ച അതേ ചെറുപ്പക്കാരൻ പോൾ, അങ്ങോട്ട് വന്നത്.
“അല്ല ബ്രോ, നിങ്ങൾ ആലപ്പുഴയ്ക്കല്ലേ പോകുന്നെ?” അവൻ ജോമോനോട് ചോദിച്ചു. “എനിക്ക് നാളെ രാവിലെ ആലപ്പുഴയിൽ ഒരു അത്യാവശ്യ കാര്യമുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ എന്നെ ഒന്ന് ആലപ്പുഴ ഡ്രോപ്പ് ചെയ്യാമോ?”
കണ്ണൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ ജോമോൻ ചാടിക്കേറി. “ഓ, അതിനെന്താ അളിയാ, കേറിക്കോ. കാറിൽ നല്ല സ്ഥലമുണ്ട്.”
അതോടെ കണ്ണന്റെ സകല പ്രതീക്ഷയും തകർന്നു. വഴിയിൽ വെച്ച് ജോമോനോട് ഒറ്റയ്ക്ക് സംസാരിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താം എന്നായിരുന്നു അവന്റെ പ്ലാൻ.
കസിനും കൂടി വണ്ടിയിൽ കേറിയതോടെ ആ വഴിയും അടഞ്ഞു.
കാർ പുറപ്പെട്ടു. ജോമോന്റെ അപ്പനും അമ്മയും പുറകിലെ കാറിലുണ്ട്. മുമ്പിൽ കണ്ണൻ വണ്ടി ഓടിക്കുന്നു, അരികിൽ ജോമോൻ. പുറകിലെ സീറ്റിൽ പോൾ.
യാത്രയിലുടനീളം ജോമോൻ റീനുവുമായുള്ള വർത്തമാനത്തിന്റെ ഓർമയിൽ ചിരിച്ചുകൊണ്ടിരുന്നു. കണ്ണൻ തീർത്തും നിശ്ശബ്ദനായിരുന്നു. സ്റ്റിയറിങ്ങിൽ മുറുകെപ്പിടിച്ച്, വിയർത്ത മുഖത്തോടെ അവൻ വണ്ടി ഓടിച്ചു. ഇടയ്ക്കിടെ കണ്ണാടിയിലൂടെ പുറകിലിരിക്കുന്ന പോളിനെ നോക്കുന്നുമുണ്ടായിരുന്നു.
ഈ അസ്വാഭാവികത ജോമോൻ ശ്രദ്ധിച്ചു. സാധാരണ വണ്ടി ഓടിക്കുമ്പോൾ
തമാശയും പാട്ടുമായി കളം നിറയുന്നവനാണ് കണ്ണൻ. ഇപ്പോ മിണ്ടാട്ടമില്ലാതെ ഇരിക്കുന്നു.
“എന്താടാ കണ്ണാ, എന്ത് പറ്റി? മൊത്തത്തിൽ ഒരു വശപ്പിശക്. വാതോരാതെ സംസാരിക്കുന്നവനല്ലേ നീ.” ജോമോൻ അവന്റെ നേരെ തിരിഞ്ഞു. “പെണ്ണുകാണൽ കഴിഞ്ഞ് കാര്യം സെറ്റായ സന്തോഷത്തിൽ ഇരിക്കുമ്പഴാണോ നിന്റെ ഒരുമാതിരി ചത്ത മൂഡ്? എന്താ നിന്റെ കിളി പോയിരിക്കുന്നെ?”
കണ്ണൻ ഞെട്ടി ഒന്ന് നോക്കി. “ഏഹ്… ഏയ്, ഒന്നുമില്ലെടാ. നല്ല ക്ഷീണമല്ലേ. നീ പറഞ്ഞതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം. ഇടയ്ക്ക് കാറിൽ അല്പം കിടന്നതല്ലേ ഉള്ളൂ, അതിന്റെ വാട്ടമാകും. വേറൊന്നുമില്ല.”
“പോടാ മൈ… നിന്നെ എനിക്ക് ഇന്നലെ കണ്ട പരിചയമല്ല,” ജോമോൻ ശബ്ദം താഴ്ത്തി പറഞ്ഞു. “പെണ്ണിന്റെ വീട്ടിൽ കേറിയത് മുതൽ നീ എന്തോ ഒരുമാതിരിയാ.
അപ്പനോട് എന്തോ പറയാൻ പോയതും ഞാൻ കണ്ടു. എന്താടാ സംഭവം? എന്തെങ്കിലും കുഴപ്പമുണ്ടോ?”
കണ്ണൻ നെറ്റിയിലെ വിയർപ്പ് തുടച്ചു. പുറകിലിരിക്കുന്ന പോൾ മൊബൈലിൽ മുഴുകിയിരിക്കുകയാണെങ്കിലും ഉറക്കെ എന്തെങ്കിലും പറയാൻ പറ്റിയ സാഹചര്യമല്ലായിരുന്നു.
“ഞാൻ… ഞാൻ എന്ത് അപ്പനോട് പറയാൻ. നിനക്ക് വട്ടാണോ?” കണ്ണൻ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ചു.
“ആ, പറയുന്നില്ലെങ്കി പറയണ്ട. വായ്ക്കകത്ത് വിരലിട്ട് ഛർദ്ദിപ്പിക്കാൻ പറ്റില്ലല്ലോ.”
കണ്ണൻ തടിയൂരാൻ എന്നോണം പറഞ്ഞു, “എടാ, അത് പിന്നെ മഞ്ജുവിന്റെ കാര്യം ഓർത്തിട്ടാ. ഇതുവരെ ഒരു വിളിയുമില്ല.”
“ഓ, അത് ശരിയാണല്ലോ. ഇതിന്റെ ഇടയിൽ നമ്മൾ അത് വിട്ടുപോയി. നീ മൊബൈൽ ഇങ്ങെടുത്തേ.”
കണ്ണൻ ഉടനെ കണ്ണുകൊണ്ട് പുറകിൽ ആളുള്ള കാര്യം സൂചിപ്പിച്ചു. ജോമോന് അബദ്ധം മനസ്സിലായി, അവൻ നേരെ ഇരുന്നു.
വണ്ടി ഏകദേശം ആലപ്പുഴ എത്തിയപ്പോൾ ജോമോൻ ഒരു നമ്പർ
ഇറക്കി. “പോൾ ബ്രോ, ഞങ്ങൾ ഒന്ന് തെക്കോട്ട് പോകുവാ. ബ്രോയ്ക്ക് സിറ്റിയിലല്ലേ പോകേണ്ടത്?
ഞങ്ങൾ ഈ നേരത്ത് അങ്ങോട്ട് വന്നാ തിരിച്ചുവരാൻ സീനാകും. ബ്രോയ്ക്ക് ഓക്കെയാണെങ്കിൽ ഇവിടുന്ന് ഒരു യൂബർ വിളിച്ച് തരട്ടെ?”
