നാണിച്ച് തല താഴ്ത്തുന്ന ടൈപ്പല്ല. അവന് അത് ഇഷ്ടപ്പെട്ടു.
ചായക്കപ്പ് എടുക്കുമ്പോൾ അവന്റെ ഉള്ളിൽ എന്തോ ഒന്ന് അനങ്ങി. എവിടെയോ കണ്ട് മറന്ന ഒരാളെ പോലെ. ആ നടപ്പിലോ, കഴുത്ത് ചരിച്ചുള്ള നോട്ടത്തിലോ എന്തോ ഒരു പരിചയം.
ബാംഗ്ലൂരിൽ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടാകും, മെട്രോയിലോ മാളിലോ. അല്ലെങ്കിൽ ഉറങ്ങാത്ത തലച്ചോറിന്റെ കളി. അവൻ അത് വിട്ടു.
ഇതിനിടയ്ക്ക് കുറെ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ ഒരാളെ കണ്ടിട്ട് ‘ഇവളുടെ കൂടെ ഇരുന്ന് ഒരു ചായ കൂടി കുടിക്കണം’ എന്ന് തോന്നുന്നത് ആദ്യമായിട്ടാണ്.
ഇന്ന് രാവിലെ വരെ കല്യാണം എന്ന് കേട്ടാൽ ഒഴിഞ്ഞുമാറിയിരുന്നവനാണ്. അവൾ ട്രേയുമായി അടുത്ത ആളിലേക്ക് നീങ്ങിയപ്പോഴും അവന്റെ കണ്ണ് കൂടെപ്പോയി.
റാണി ജോസഫിന്റെ അടുത്തേക്ക് ചാഞ്ഞ് ചെവിയിൽ പറഞ്ഞു, “ഇച്ചായാ, നോക്കിക്കേ,
എന്നാ ഐശ്വര്യമാ കൊച്ചിന്. ഫോട്ടോയിൽ ഇതിന്റെ പകുതി ഇല്ലായിരുന്നു.”
“നിറം മാത്രമല്ലെടീ, ആ നിൽപ്പ് നോക്ക്. നല്ല ഉയരം, നല്ല തലയെടുപ്പ്. നമ്മുടെ ചെറുക്കന്റെ കൂടെ നിർത്തിയാ നല്ല ചേർച്ചയാ.”
“മുടി കണ്ടോ? നല്ല ഉള്ളുള്ള മുടിയാ. പിന്നെ ആ ചിരി. മേക്കപ്പ് ഒന്നും കാര്യമായിട്ടില്ല, എന്നിട്ടാ ഈ ഭംഗി.”
“നീ ഇങ്ങനെ പൊക്കിയാ അവർ സ്ത്രീധനം ഇങ്ങോട്ട് ചോദിക്കും,” ജോസഫ് അടക്കിച്ചിരിച്ചു. “ചെറുക്കന്റെ മുഖം ഒന്ന് നോക്ക്. വായ അടയ്ക്കാൻ പറ അവനോട്.”
കണ്ണൻ തിരക്കിനിടയിലൂടെ നുഴഞ്ഞ് ജോമോന്റെ അടുത്ത് ചെന്നിരുന്നു. എന്നിട്ട് അവളെ നോക്കി. മുഖം അവൻ കണ്ടിട്ടില്ല, ജോമോനും കണ്ടിട്ടില്ല. പക്ഷേ രാവിലെ ഫോണിൽ കണ്ട ആ രണ്ട് ചിത്രങ്ങൾ അവന്റെ കണ്ണിലുണ്ടായിരുന്നു.
ഉയരം, തോളിന്റെ ചരിവ്, നിൽപ്പ്. സാരിയിലും അത് ഒത്തുവരുന്നുണ്ടോ? ഒത്തുവരുന്നുണ്ട്. അതോ തനിക്ക് അങ്ങനെ തോന്നുന്നതാണോ? ഒരു ബാഗ് കണ്ടിട്ട് ഒരു പെണ്ണിന്റെ ജീവിതത്തിന് വിധിയെഴുതുകയാണോ താൻ?
ആരോ അവന്റെ കയ്യിൽ ഒരു ചായ പിടിപ്പിച്ചു. കപ്പ് സോസറിൽ കിടന്ന് കിലുങ്ങുന്നത് കേട്ടപ്പോഴാണ് കൈ വിറയ്ക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞത്. അവൻ അത് ടീപ്പോയിൽ വെച്ചു.
ജോമോനെ നോക്കി. അവൻ വേറെ ലോകത്താണ്. റീനുവിനെ നോക്കി. അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. ജോമോനെ ആദ്യമായി കാണുന്ന ഒരാളുടെ കൗതുകം മാത്രം.
രണ്ടുപേർക്കും പരസ്പരം മനസ്സിലായിട്ടില്ല. ഈ മുറിയിൽ ഇത് അറിയാവുന്ന ഒരേയൊരാൾ താനാണ്.
പറയണം. ഇപ്പോൾത്തന്നെ. പക്ഷേ എന്ത് പറയും? ‘എടാ, ഇത് ഇന്നലത്തെ ക്ലാരയാ’ എന്നോ? തെറ്റിയാലോ? ഒരു പാവം പെണ്ണിനെപ്പറ്റി ഇങ്ങനെ ഒന്ന് പറഞ്ഞിട്ട് അത് തെറ്റാണെന്ന്
വന്നാൽ?
ശരിയാണെങ്കിലോ, അതിലും കഷ്ടം. ഈ ചിരിച്ചിരിക്കുന്ന മനുഷ്യരുടെ മുഴുവൻ നടുക്ക് വെച്ച്.
“കണ്ണാ, നിനക്ക് ചായ വേണ്ടേ? എന്നാ പറ്റി, മുഖം വിളറിയിരിക്കുന്നല്ലോ,” റാണി ചോദിച്ചു.
“ഏയ്, ഒന്നുമില്ല മമ്മീ. ഉറക്കം ശരിയായില്ല, അതാ.” അവൻ ചിരിക്കാൻ നോക്കി. ചുണ്ട് മാത്രമേ അനങ്ങിയുള്ളൂ.
ചുറ്റും എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. “മോനേ, ചായ കുടിക്ക്.” “ഈ പെണ്ണ് എന്താ ഒന്നും മിണ്ടാത്തെ?” ജോസഫ് ഇടപെട്ടു. മകന്റെ ചെവിയിൽ “എടാ, ഇങ്ങനെ ഒലിപ്പിക്കാതെ.
നിനക്ക് സംസാരിക്കാൻ സമയം തരാം” എന്ന് പറഞ്ഞിട്ട് ഉറക്കെ, “മോള് ട്രേ ഇവിടെ വെച്ചോ.”
റാണി എഴുന്നേറ്റ് റീനുവിന്റെ കയ്യിൽ പിടിച്ചു. “ആഹാ, ഫോട്ടോയിൽ കണ്ടതിലും സുന്ദരിയാണല്ലോ! ഇച്ചായാ, എനിക്ക് ഓക്കെയാ. ഇനി സാറിന് എന്ത് അഭിപ്രായമാണെങ്കിലും എനിക്ക് ഇവളെ ഇഷ്ടായി.”
“എന്റെ റാണീ, നീ ഒന്ന് അടങ്ങ്. ആദ്യം അവർ സംസാരിക്കട്ടെ. പണ്ടത്തെ കാലമല്ല, ഇവർക്ക് ചോദിക്കാനും പറയാനും കാണും. ഇല്ലേ മാത്യൂ?”
പെണ്ണിന്റെ അപ്പൻ മാത്യു ചിരിച്ചു. “പിന്നല്ലാതെ. അറേഞ്ച്ഡ് കല്യാണം തന്നെ വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ ഈ പത്ത് മിനിറ്റ് മതിയാകുമോ എന്നാ എന്റെ സംശയം.”
എല്ലാവരും ചിരിച്ചു, അന്തരീക്ഷം ഒന്ന് അയഞ്ഞു. പെണ്ണിന്റെ മമ്മി പറഞ്ഞു, “ബെറ്റി മോളേ, ഇവരെ ചേച്ചീടെ റൂമിൽ ആക്ക്, അവർ സംസാരിക്കട്ടെ.
