അച്ഛൻ എന്നെ ഉപദേശിച്ചു.
“ചെറിയൊരു കാര്യമുണ്ടായിരുന്നു. ഇനി ശ്രദ്ധിച്ചോളാം അച്ഛാ. അല്ല, അച്ഛൻ കഴിച്ചോ?”
“ഞാൻ കഴിച്ചു. നിന്റെ ഭാര്യയും അമ്മയും അവിടെ കാത്തിരിപ്പുണ്ട്, ഭക്ഷണം നീ വന്നിട്ട് കഴിക്കാമെന്ന് പറഞ്ഞിട്ട് ! പോയി ഉണ്ണാൻ നോക്ക്. നിന്റെ ഭാര്യ പട്ടിണി കിടക്കുന്നത് നിന്റെ കാര്യം, എന്തിനാടാ എന്റെ ഭാര്യയെക്കൂടി ഇങ്ങനെ പട്ടിണിക്ക് ഇടുന്നത്? ചെന്ന് കഴിക്കടാ.”
അച്ഛൻ ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും ചുണ്ടിൽ ഒളിച്ചുവെച്ച ഒരു ചിരിയുണ്ടായിരുന്നു. അച്ഛൻ അത് പുറത്തുകാണിച്ചില്ലെങ്കിലും ഞാൻ ഇളിച്ചുകാണിച്ച് അകത്തേക്ക് നടന്നു.
പെട്ടെന്ന്,
“ഹാ… എടാ ശ്യാമേ!”
എന്ന അച്ഛന്റെ വിളി എന്നെ തടഞ്ഞു നിർത്തി. ഞാൻ തിരിഞ്ഞു നോക്കി.
“എന്താ അച്ഛാ?”
“ആ പലചരക്ക് കട നടത്തുന്ന കോയ വന്നിരുന്നു. ഈ വരുന്ന ശനിയാഴ്ച അയാളുടെ മോളുടെ നിക്കാഹ് ആണെന്ന് പറഞ്ഞു. തലേന്നും നിക്കാഹിനും പോകാൻ ക്ഷണിച്ചിട്ടുണ്ട്. എനിക്കും അമ്മയ്ക്കും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല, നിന്റെ ഭാര്യയുടെ കാര്യം പ്രത്യേകിച്ചു
പറയേണ്ടല്ലോ. അപ്പോൾ നീ പോവണം.”
അച്ഛൻ പറഞ്ഞു.
റംസിയുടെ നിക്കാഹ് ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അല്പം നിരാശ തോന്നി. ആ പെണ്ണിനെ ശരിക്കും ഒന്ന് അടിച്ചു ഉടക്കാനുള്ള സമയം കിട്ടിയില്ല, അതിനുമുമ്പേ കൈവിട്ടു പോകുന്ന അവസ്ഥയാണല്ലോ.
ഞാൻ അച്ഛനോട് ശരിയെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.
വേദു അവിടെ സോഫയിലിരുന്ന് ‘ചന്ദനമഴ’ കാണുകയാണ്. അവളുടെ കാലുകൾ ഒരു കസേരയ്ക്ക് മുകളിലേക്ക് കയറ്റിവെച്ചിട്ടുണ്ട്. നിലത്തിരുന്നുകൊണ്ട് അമ്മ അവളുടെ കാലുകൾ ഞെക്കിക്കൊടുക്കുന്നുണ്ട്. അവളോ അതൊക്കെ സുഖിച്ച്, ഒരു പാത്രത്തിൽ നിന്നും ചിപ്സ് എടുത്ത് തിന്ന് ടിവിയിലേക്ക് ഉറ്റുനോക്കിയിരിക്കുന്നു!
ഗർഭിണിയായതുകൊണ്ട് കിട്ടുന്ന ആനുകൂല്യമാണ്; അല്ലെങ്കിൽ അമ്മായിയമ്മ സോഫയിലും മരുമകൾ നിലത്തും ഇരുന്നേനേ.
ഞാൻ വന്നത് പോലും അറിയാതെ രണ്ടും സീരിയലിലേക്ക് മുഴുകിയിരിക്കുകയാണ്. ഞാനും ഒന്നു നോക്കി. സീരിയലിൽ അർജുൻ, അമൃത, ഊർമ്മിള എന്നിവർ ഒരു ഹോസ്പിറ്റൽ മുറിയിൽ നിൽക്കുന്നു. അർജുൻ കിടപ്പിലാണ്. അമൃത ഹോസ്പിറ്റൽ വസ്ത്രത്തിലും ഊർമ്മിള പതിവുപോലെ പട്ടുസാരിയും സ്വർണ്ണവും അണിഞ്ഞും നിൽക്കുന്നു. രണ്ടുപേരും കരഞ്ഞുകൊണ്ട് അർജുനെ നോക്കുന്നു.
“എന്താണ് കാര്യം?” എന്ന് അർജുൻ ചോദിക്കുന്നു
.
അതിന് ഊർമ്മിള: “അർജുൻ… അമൃതയുടെ കുഞ്ഞ്… നിന്റെ മാത്രം കുഞ്ഞല്ല…!”
ദീൻ തന നാ… ദീൻ തന നാ… സീരിയൽ കോമാളികൾ തട്ടിവിടുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി. വെറുതെയല്ല അച്ഛൻ പുറത്ത് ഉമ്മറത്തിരിക്കുന്നത്! ഞാൻ നേരെ ചെന്ന് ടിവി ഓഫ് ചെയ്തു. അപ്പോഴാണ് രണ്ടുപേരും എന്നെ ശ്രദ്ധിക്കുന്നത്.
“എന്ത് പണിയാടാ കാണിക്കുന്നത്? ഞങ്ങൾ കാണുന്നത് നീ കണ്ടില്ലേ?”
അമ്മ അരിശത്തോടെ ചോദിച്ചു.
“ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാൽ എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ
കിടന്ന് ഡിസ്കോ കളിക്കും! പാവം എന്റെ ഭാര്യയെക്കൊണ്ട് ചവിട്ടുകൊള്ളിക്കാതെ രണ്ടും എഴുന്നേറ്റ് ഫുഡ് എടുത്ത് വെക്ക്, എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടാവും.”
ഞാൻ വേദുവിന്റെ വയറിലേക്ക് നോക്കി പറഞ്ഞു…
“ഓഹ്… വലിയ ഭർത്താവ് വന്നിരിക്കുന്നു! രാവിലെ മുഴുവൻ നാട് തെണ്ടി വന്നിട്ട് ഉപദേശം! വാ, ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്. മോളെ, നീയും വാ…” അമ്മ വേദുവിനോട് അത്രയും പറഞ്ഞിട്ട് അകത്തേക്ക് നടന്നു.
പിന്നെ അവിടെ ഞാനും അവളും മാത്രമായി. ഒരു കള്ളച്ചിരിയോടെ ഞാൻ അവളുടെ അടുത്തിരുന്നു. എന്റെ മുഖത്ത് നോക്കാൻ അവൾക്കിത്തിരി നാണമുണ്ടായിരുന്നു. എങ്ങനെ നാണിക്കാതിരിക്കും? ഇത്രയും ദിവസം രഹസ്യമായി കൊണ്ടുനടന്നതൊക്കെ കഥയിലൂടെ എനിക്ക് പറഞ്ഞു തന്നതല്ലേ!
ഞാൻ അവളുടെ അരികിലേക്ക് ചേർന്നിരുന്ന് പതിയെ ആ കവിളിൽ മുത്തമിട്ടു.
“ന്താ ഏട്ടാ ഇത്…?”
“നിന്നെ കണ്ടിട്ട് വെറുതെയിരിക്കാൻ പറ്റുന്നില്ലെടി…”
