കുട്ടികളുടെ കളിച്ചിരികളും, കുടുംബക്കാരുടെയും അയൽവാസികളുടെയും സംസാരവും കൊണ്ട് അന്തരീക്ഷം സജീവമാണ്.
ഒരു നൂറോളം പേർ കാണും. സാമ്പത്തികമായി വലിയ പ്രകടനത്തിനൊന്നും നിൽക്കാതെ, സ്വന്തക്കാരായ ബന്ധുക്കളും കുറച്ച് നാട്ടുകാരും മാത്രം അടങ്ങുന്ന ചെറിയൊരു പരിപാടി .
വീടിന്റെ ഒരു വശത്തായി മാപ്പിള പാട്ടുകളുടെ ശബ്ദം ഉയർന്നുകേൾക്കുന്നുണ്ട്…
ഞാൻ അവിടേക്ക് ചെന്നു…. മൈലാഞ്ചി
രാവിന്റെ പരമ്പരാഗതമായ തനിമ അവിടെ തെളിഞ്ഞുനിന്നു. വധുവായ റംസിയെ നടുവിലിരുത്തി, അവളുടെ കയ്യിൽ മൈലാഞ്ചിച്ചെടിയുടെ പച്ചപ്പരൽ അരച്ചെടുത്ത മനോഹരമായ ഡിസൈനുകൾ പതിക്കുകയാണ്.
തൊട്ടടുത്ത് ഗ്രാമീണ തനിമയുള്ള മാപ്പിളപ്പാട്ടുകളുടെ താളത്തിൽ ഒപ്പന അരങ്ങേറുന്നുണ്ട്. കൈകൊട്ടിപ്പാട്ടിന്റെ ഈണവും, നാടൻ തബലയുടെ താളവും അന്തരീക്ഷത്തിൽ അലയടിച്ചു.
”മൈലാഞ്ചി മൊഞ്ചുള്ള പെണ്ണേ… മാടത്തക്കിളി പോലെയെത്തി…”
പെൺകുട്ടികൾ വട്ടത്തിൽ നിന്ന് പാട്ടുപാടി കൈകൊട്ടുമ്പോൾ, അവരുടെ വളകളുടെ കിലുക്കവും ചിരിയും പന്തലിൽ നിറഞ്ഞു.
ഒപ്പനയുടെ ഈണത്തിനൊപ്പം ചെറുപ്പക്കാരികളായ കുട്ടികൾ താളത്തിൽ ചുവടുകൾ വെച്ചു. ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ റംസിയെ തിരഞ്ഞു.
ഒടുവിൽ ഞാൻ അവളെ കണ്ടു!
പച്ച നിറത്തിലുള്ള അനാർക്കലി ഡ്രസ്സും, അതിന് അനുയോജ്യമായ പച്ച തട്ടവും അണിഞ്ഞാണ് റംസി ഇരിക്കുന്നത്. തലയിലൂടെ പച്ചത്തട്ടം ഭംഗിയായി തുന്നിച്ചേർത്തതുപോലെ പുതച്ചിരിക്കുന്നു. കയ്യിൽ മൈലാഞ്ചിയുടെ ചുവപ്പ് പടരുമ്പോൾ, മങ്ങിയ വെളിച്ചത്തിലും അവളുടെ പവിഴച്ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളും വേറിട്ടുനിന്നു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു. ആ വേഷത്തിൽ അവളെ കാണാൻ ഒരു പ്രത്യേക അഴകായിരുന്നു.
ഞാൻ നോക്കുന്നത് കണ്ട് അവളൊന്ന് കണ്ണുയർത്തി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. അവളുടെ ചുണ്ടിൽ ഒരു നേർത്ത കള്ളച്ചിരി വിരിഞ്ഞെങ്കിലും, ചുറ്റുമുള്ള ആൾക്കൂട്ടത്തെ ഭയന്ന് അവൾ വേഗം തലതാഴ്ത്തി മൈലാഞ്ചിയിടുന്ന കയ്യിലേക്ക് നോക്കി.
കുറച്ചുസമയം കഴിഞ്ഞപ്പോൾ കോയ എന്റെ അടുത്തേക്ക് നടന്നു വന്നു. കയ്യിലൊരു ഗ്ലാസ് സുലൈമാനിയുമുണ്ടായിരുന്നു.
”ഹാ… ശ്യാമേ, നീ ഒറ്റയ്ക്കാണോ വന്നത്? അച്ഛൻ വന്നില്ലേ?” കോയ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
”ഇല്ല കോയക്കാ… അച്ഛന് ചെറിയൊരു സുഖക്കേട്. അമ്മയ്ക്ക് വേദുവിനെ ഒറ്റയ്ക്കാക്കി വരാനും പറ്റില്ല. അതുകൊണ്ട് ഞാൻ മാത്രമേയുള്ളൂ.”
ഞാൻ
ഗ്ലാസ് വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു.
”ഹോ….സാരമില്ല…. നീ വന്നല്ലോ, സന്തോഷം.”
കോയ ഒന്ന് മടിച്ചുനിന്നു. അയാളുടെ മുഖത്ത് എന്തോ ഒരു കാര്യം പറയാൻ മടിക്കുന്നതുപോലെ ഒരു ഭാവം തെളിഞ്ഞു. പിശുക്കനും തന്ത്രശാലിയുമായ അയാളുടെ ഉള്ളിൽ എന്തോ ഉദ്ദേശമുണ്ടെന്ന് എനിക്ക് മനസ്സിലായി.
”അല്ല ശ്യാമേ… ഒരു ചെറിയ കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…”
കോയ ശബ്ദം താഴ്ത്തി പറഞ്ഞു.
”എന്താ കോയക്കാ, പറഞ്ഞോളൂ…”
”അല്ല… നാളെ നിക്കാഹിന് പെണ്ണിനെയും കൊണ്ട് പള്ളിയിലേക്കും കല്യാണപ്പന്തലിലേക്കും പോകാൻ ഒരു വണ്ടി റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. എന്റെ അളിയന്റെ വണ്ടിയാ… അതിപ്പോൾ അവസാന നിമിഷം പണിയായി വഴിയരികിൽ കിടക്കുകയാ! വേറെ വണ്ടി വിളിച്ചാൽ ഈ അവസാന നിമിഷം വലിയ തുക ചോദിക്കും… അത് പിന്നെ… മോന്റെ കയ്യിൽ കാറുണ്ടല്ലോ… നാളെ പെണ്ണിനെ കൊണ്ടുപോകാൻ ആ വണ്ടി ഒന്ന് കിട്ടുമോ? വണ്ടി ഓടിക്കാൻ നീയും വന്നാൽ വലിയ ഉപകാരമായിരുന്നു…അല്ലാ ഒരു ഡ്രൈവർ പോലെ വരാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാ…നമ്മുടേൽ പിള്ളേർ ഉണ്ട്… പക്ഷെ വണ്ടി മാത്രമൊന്ന് കിട്ടിയിരുന്നെങ്കിൽ….”
കോയയുടെ ഉദ്ദേശം എനിക്ക് കൃത്യമായി മനസ്സിലായി. വാടക കൊടുത്ത് വേറെ നല്ലൊരു വണ്ടി വിളിക്കാതിരിക്കാനും, എന്റെ ലക്ഷ്വറി കാറിൽ സൌജന്യമായി പെണ്ണിനെ കൊണ്ടുപോയി നാട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാനുമുള്ള തന്ത്രം!
