ചേച്ചി കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“അതെ. നീ എനിക്ക് മോൻ തന്നെയാ . എന്റെ മോൻ. അതുകൊണ്ട് ഇത് മോൻ തന്നെ സൂക്ഷിച്ചാൽ മതി. ചേച്ചിക്ക് മോൻ പറഞ്ഞ ഈ വാക്കുകൾ മാത്രം മതി.” ചേച്ചി പറഞ്ഞു .
എന്നിട്ട് ചേച്ചി എനിക്ക് അത് തിരിച്ചു തരാൻ നോക്കി. ഞാൻ വാങ്ങിയില്ല. എന്നാൽ അതിൽ നൂറ് രൂപ മാത്രം ചേച്ചി എടുത്തിട്ട് പറഞ്ഞു.
“ബാക്കി മുഴുവനും മോൻ മോന്റെ കൈയിൽ തന്നെ സൂക്ഷിക്കണം.. ചേച്ചിക്ക് ഇത് ധാരാളം. അടുത്ത ആഴ്ച പള്ളിയിൽ പോകുമ്പോൾ മെഴുകുതിരി വാങ്ങാൻ. ”
“അങ്കിൾ എനിക്ക് ചോക്ലേറ്റ് വേണം . ഉടുപ്പും. ” അന്ന മോള് പറഞ്ഞു.
“ശരി നമുക്ക് നാളെ തന്നെ വാങ്ങാം. പോരെ.” ഞാൻ പറഞ്ഞു.
“ഉടുപ്പും വേണ്ട , ചോക്ലേറ്റും വേണ്ട, എല്ലാം ഇവിടെ ഉണ്ട് . അത് മതി ” ചേച്ചി പറഞ്ഞു.
“എന്റെ ചേച്ചി എനിക്ക് ആദ്യമായി ശമ്പളം കിട്ടിയിട്ട് . എന്റെ അന്നമോൾക്കെങ്കിലും ഒന്നും വാങ്ങാൻ പറ്റിയില്ലേൽ പിന്നെ എനിക്ക് എന്തിനാണ് ഇത്. ചേച്ചി എതിരൊന്നും പറയരുത്. നാളെ തന്നെ എല്ലാവർക്കും എന്തെങ്കിലും വാങ്ങണം. ഇനിമുതൽ കിട്ടുന്നതെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചോളാം. പ്ലീസ് ചേച്ചി…. പ്ലീസ്… പ്ലീസ്… പ്ലീസ്. ” ഞാൻ പറഞ്ഞു.
ചേച്ചി സമ്മതിച്ചു.
. ഇപ്പോൾ അങ്ങനെ ആണ്. ചേച്ചി വേണ്ട എന്ന് പറഞ്ഞാലും. ഞാൻ ചേച്ചിയുടെ കാല് പിടിച്ചെങ്കിലും സമ്മതിപ്പിക്കും. ഞാൻ എന്തെങ്കിലും വാങ്ങി കൊടുത്താൽ ചേച്ചി പിന്നെ ഒന്നും പറയില്ല. മാത്രവുമല്ല ഇപ്പോൾ അന്നമോൾ എന്റെ കൂടെ ബൈക്കിൽ ആണ് ഞായറാഴ്ച പള്ളിയിൽ പോകുന്നത്. അത് കഴിഞ്ഞു ഒരു കറക്കം. ഒരു ഐസ്ക്രീം ഇതാണ് ഞായറാഴ്ച പതിവ്. ചില ദിവസം ഞങ്ങൾ ബീച്ചിലും പോകും. അന്നമോളെപോലെ തന്നെ നിത്യമോൾക്കും കുഞ്ഞൂസിനും എന്നെ വലിയ ഇഷ്ട്ടം ആണ്. അവർ പറയുന്ന എന്തിനും ഞാൻ അവരുടെ കൂടെ നിൽക്കും അവരുടെ കൂടെ കളിക്കും. അപ്പോൾ ഞാനും അവരെപോലെ ഒരു കുട്ടിയാവും.
അതുകണ്ടു ചേച്ചി പറയും. “പോത്തുപോലെ വളർന്നിട്ടെന്താ കാര്യം ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. ചെറിയ കുട്ടിയാണെന്ന ഇപ്പോഴും വിചാരം. ഇവനെ പിടിച്ചു എങ്ങനെ പെണ്ണ് കെട്ടിക്കാന ”
ചില സമയം ചേച്ചി പള്ളിയിൽ പോകുന്നത് എന്റെ കൂടെ ബൈക്കിൽ ആണ്. അതുപോലെ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ എന്നെയും കൂട്ടി ബൈക്കിൽ മാർക്കറ്റിൽ പോകും.
ശമ്പളം കിട്ടിയാലും ചിലപ്പോൾ ചേച്ചി എനിക്ക് പോക്കറ്റ് മണി തരും. ഞാൻ പുറത്ത് പോകുമ്പോൾ എന്റെ പോക്കറ്റിൽ വച്ചുതരും.. വേണ്ട എന്ന് പറഞ്ഞാൽ ആദ്യം ദേഷ്യപ്പെടും പിന്നെ കരയും.
ഇപ്പോൾ ഒരു വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് അതിനിടയിൽ ഓണവും വിഷുവും ക്രിസ്മസും ഈസ്റ്ററും പെരുന്നാളും അന്നമോളുടെ പിറന്നാളും അങ്ങനെ പല ആഘോഷങ്ങളും കടന്നു പോയി . എല്ലാം വളരെ സന്തോഷത്തോടെ ഞങ്ങൾ ആഘോഷിച്ചു. എന്താഘോഷം വന്നാലും ചേച്ചി എനിക്ക് ഡ്രെസ്സ് എടുത്തു തരും. ഇപ്പോൾ എന്റെ ഡ്രസ്സ് മുഴുവൻ ചേച്ചി എടുത്തു തന്നതാണ്.
അന്ന് ഒരു ദിവസം ഞാൻ അച്ചായനോട് പറഞ്ഞു.
“അച്ചായാ ഞാൻ കമ്പനി വകയുള്ള റൂമിലേക്ക് മാറിയാലോ എന്ന് ആലോചിക്കുകയാ.”
“ഇപ്പോൾ എന്ത് പറ്റി അങ്ങനെ ഒരു ആലോചനക്ക് ” അച്ചായൻ ചോദിച്ചു.
“അത് ഒന്നും ഇല്ല അച്ചായാ. അവിടെ കുറെ സുഹൃത്തുക്കൾ ആയില്ലേ ? അവരുടെ കൂടെ കുറച്ചു നാൾ കഴിയാൻ ” ഞാൻ പറഞ്ഞു.
“അല്ലാതെ ഇവിടെയുള്ള കുറേ നാറികൾ നാറിത്തരം പറഞ്ഞതു കെട്ടിട്ട് അല്ല. അല്ലേ? ” അച്ചായൻ ചോദിച്ചു.
“അത് അച്ചായാ ഞാൻ .. ” ഞാൻ പറഞ്ഞു.
“ഇത് ഞാനും അവളും കുറെ നാളായി കേൾക്കുന്നു. പറയുന്നവരോട് കൃത്യമായി ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പറയുന്നത് കണ്ടവന്മാർ വല്ലതും പറയുന്നത് കേട്ടാണ് ഈ തീരുമാനം എങ്കിൽ അത് വേണ്ട എന്ന് . എനിക്ക് നിന്നെ അറിയാം. നിന്നെ എനിക്ക് വിശ്വാസവും ആണ്. എന്നാൽ അതിനേക്കാൾ വിശ്വാസം ആണ് എന്റെ ആനിയെ.”
