ബാലുനെ ആദ്യം കണ്ടപ്പോൾ അവൾ ജോയ് ജോയ് എന്ന് വിളിച്ച കരഞ്ഞത്. അവൾക്ക് ഇവൻ അവളുടെ കൊച്ചനുജൻ ജോയ് ആണ്. ഞങ്ങൾക്ക് ആദ്യം രണ്ടു കുഞ്ഞുങ്ങളെ കർത്താവ് തന്നതാ. ഒരാൾ പ്രസവത്തോടെയും ഒരാൾ ഒരു വയസ്സിലും ഞങ്ങളെ വിട്ട് പോയി. പിന്നെ ഏറെ കാത്തിരുന്നിട്ട അന്ന മോളെ ഞങ്ങൾക്ക് കിട്ടിയത്. ആ അന്നമോളുടെ ജീവൻ ആണ് ബാലു നീ തിരിച്ചു തന്നത് അതോടൊപ്പം ഞങ്ങളുടെ ജീവനും. അന്നമോള് ഞങ്ങളെ വിട്ട് പോയിരുന്നെങ്കിൽ ഇന്ന് ഞങ്ങളും ഉണ്ടാകുമായിരുന്നില്ല. ”
“അച്ചായാ ” താഴേക്ക് പോയി എന്ന് കരുതിയ ആനിചേച്ചി ഓടിവന്നു അച്ചായനെ കെട്ടിപിടിച്ചു കരഞ്ഞു.
ഞാനും കരഞ്ഞു പോയി.
“ചേച്ചി ” ഞാൻ വിളിച്ചു.
ചേച്ചി അച്ചായനെ വിട്ട് എന്നെ വന്നു കെട്ടിപിടിച്ചു..
” ചേച്ചി കരയേണ്ട ഞാൻ എവിടേയും പോകില്ല. ചേച്ചിയെ വിട്ട് അച്ചായനെ വിട്ട് എന്റെ അന്നമോളെ വിട്ട് എന്നെ സ്നേഹിക്കുന്ന ആരെയും വിട്ട് ഞാൻ എവിടേയും പോകില്ല.. തെറ്റായി ഒന്നും ചെയ്യില്ല. ” ഞാൻ കരഞ്ഞു പറഞ്ഞു.
“മതി മതി നിർത്തിയെ . നാലൊരു ദിവസം ആയിട്ട് ഇങ്ങനെ കരഞ്ഞാലോ. ബാലു ഇന്നാടാ പിടി ഒറ്റ വലിക്ക് അടിക്ക് എല്ലാ സങ്കടവും തീർക്കാൻ ഇവന് കഴിയും ” ഹരി പറഞ്ഞതും. ചേച്ചി ദേഷ്യത്തോടെ ഹരിയെ നോക്കി. എന്നിട്ട് പറഞ്ഞു.
“എന്നെങ്കിലും ഇവൻ ഇമ്മാതിരി കാര്യം ചെയ്ത്തൂന്ന് ഞാൻ അറിഞ്ഞാൽ. അന്ന് നിന്റെ കാര്യം പോക്കാ ഹരി ”
“ഇല്ല!. ഇല്ലേ ഞനായിട്ട് ഒന്നും ബാലുന് കൊടുക്കുന്നില്ല. വേറെ എവിടുന്നേലും ഇവൻ കഴിച്ചു വന്നാൽ എന്നെ പറയരുത്.” ഹരി പറഞ്ഞു..
“ഇവൻ എന്റെ അനിയനാ . എന്റെ സ്വന്തം അനിയൻ. അതുകൊണ്ട് ഇവൻ എവിടുന്നെങ്കിലും കഴിച്ചൂന്ന് ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ ഇവന്റെ കാര്യവും പോക്കാ. പച്ചവെള്ളം ഞാൻ കൊടുക്കില്ല പിന്നെ . ഇവിടെ ഈ റൂമിൽ പൂട്ടിയിട്ടും ഞാൻ.” എന്നെ നോക്കിയാണ് ചേച്ചിയത് പറഞ്ഞത്.
“കമ്പനി ആയിട്ട് അടിക്കാൻ ഒരു അളിയനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ അതും പോയിക്കിട്ടി.” മണിസാറ് (അച്ചായൻ ) പറഞ്ഞു.
“അച്ചായാ വെറുതെ വേണ്ടേ. അച്ചായന്റെ ഈ ശീലം ഞാൻ നിർത്തിക്കുമെ! വല്ലപ്പോഴും അല്ലെ! അതും രണ്ടെണ്ണമല്ലേ ഉള്ളൂ എന്നത് കൊണ്ടാ ഞാൻ ഒന്നും പറയാത്തത്. വെറുതെ ഓരോന്ന് കാണിച്ചു ആ സൗജന്യം ഇല്ലാതാക്കേണ്ട. ഞാൻ പറഞ്ഞേക്കാം.. രണ്ടെണ്ണം ആയെങ്കിൽ വാ വന്നു ഭക്ഷണം കഴിക്കാൻ നോക്ക്. ബാലുന് ക്ഷീണം കാണും പാവം വേഗം കിടന്നു ഉറങ്ങിക്കോട്ടെ ” ആനി ചേച്ചി പറഞ്ഞു.
പിന്നെ എല്ലാവരും താഴേക്ക് വന്നു. ഭക്ഷണം കഴിക്കാൻ ഇരുന്നു. ചോറ്, ചിക്കൻ കറി, ബീഫ് ഫ്രൈ, മുട്ട ഓംലറ്റ്, മീൻ വറുത്തത്, പപ്പടം, തോരൻ, അച്ചാറ്, ഒരു സദ്യക്ക് ഉള്ളതെല്ലാം ഉണ്ട് . ചേച്ചിയൊരു അച്ചായത്തി ആയത് കൊണ്ടാണോ എന്നറിയില്ല. കറിക്കെല്ലാം നല്ല കുരുമുളകിന്റെ എരിവിന്റെ രുചി ആയിരുന്നു.. എന്നാലും ഇത്രയും കുറച്ചു സമയത്തിനുള്ളിൽ ചേച്ചിയെങ്ങനെ ഇതെല്ലാം ഉണ്ടാക്കി.
“കൊള്ളാവോടാ മോനെ? പെട്ടന്ന് ആയത് കൊണ്ട് ചേച്ചിക്ക് ഇത്രയേ ഉണ്ടാക്കാൻ പറ്റിയുള്ളൂ. നാളെ ആവട്ടെ മോന് എന്തെല്ലാം വേണോ? അതെല്ലാം ചേച്ചി ഉണ്ടാക്കിത്തരും.” ചേച്ചി പറഞ്ഞു.
“ഞാൻ അടുത്ത കാലത്തൊന്നും ഓണത്തിന് പോലും ഇത്രയും കറികൾ ഒന്നിച്ചു കണ്ടിട്ട് പോലും ഇല്ല. ഇത്രയും രുചിയായിട്ടും. ” ഞാൻ പറഞ്ഞു.
“അന്നമോൾ വന്നു എന്റെ മടിയിൽ ഇരുന്നു. എനിക്ക് വിളമ്പിയത്തിൽ നിന്ന് വരി കഴിക്കാൻ തുടങ്ങി.”
“മോളെ ! മോള് അങ്കിളിന്റെ മടിയിൽ നിന്ന് എഴുനേക്ക്. മോള് ഇവിടെ ഇരുന്നോ. അങ്കിൾ മര്യാദയ്ക്കു കഴിച്ചോട്ടെ ” ചേച്ചി പറഞ്ഞു.
“സാരമില്ല ചേച്ചി. അവള് കഴിച്ചോട്ടെ . എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. ” ഞാൻ പറഞ്ഞു.
“അതെന്നെ! ഈ മമ്മക്ക് എന്താ. ഞാൻ മമ്മയുടെ മടിയിൽ ഒന്നും അല്ലല്ലോ ഇരുന്നത് . എന്റെ അങ്കിളിന്റെ മടിയിൽ അല്ലേ? അതിനു മമ്മക്ക് എന്താ. ” അന്നമോൾ ചോദിച്ചു.
