“അതല്ല മോളെ! അങ്കിളിന് വിശക്കുന്നുണ്ടാവില്ലേ? അപ്പൊ അങ്കിൾ ശരിക്കും ഇരുന്നു ഭക്ഷണം കഴിക്കേണ്ട? മോള് വാ വന്നു പപ്പയുടെ മടിയിൽ ഇരുന്നോ. ” അച്ചായൻ പറഞ്ഞു.
“ആണോ അങ്കിളെ? എന്നാ അങ്കിൾ കഴിച്ചോ. ഞാൻ പപ്പയുടെ കൂടെ കഴിച്ചോളാം ” അന്നമോൾ പറഞ്ഞു എഴുന്നേറ്റു.
ചേച്ചി കുറച്ചു കൂടി ചോറ് എനിക്ക് ഇട്ട് തന്നു..
“അയ്യോ! ചേച്ചി എനിക്ക് മതിയായി. ” ഞാൻ പറഞ്ഞു.
“അങ്ങോട്ട് കഴിക്കടാ അവിടുന്ന്. മര്യാദക്ക് തരുന്നത് മുഴുവനും കഴിച്ചു പോയി കിടന്നു ഉറങ്ങിക്കോണം. ചേച്ചി വിരിയെല്ലാം മാറ്റി വിരിച്ചിട്ടുണ്ട്. പുതക്കാനുള്ളതും വച്ചിട്ടുണ്ട് ” ചേച്ചി പറഞ്ഞു.
പിന്നെ ഒന്നും മിണ്ടാതെ ചേച്ചി വിളമ്പിയതെല്ലാം കഴിച്ചെന്ന് വരുത്തി എങ്ങനെയോ എഴുനേറ്റു. ഞാൻ ഒരിക്കലും അത്രയും ഫുഡ് ഒന്നും കഴിച്ചിട്ടേയില്ല. അതുകൊണ്ട് കിടന്ന ഉടനെ ഞാൻ ഉറങ്ങി പോയി രാവിലെ അന്നമോളുടെ ശബ്‍ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. നോക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു കിടക്കുന്നു അന്ന മോള്.
“ഗുഡ് മോർണിംഗ്. അങ്കിളെ . അങ്കിളിനെ വിളിച്ചോണ്ട് വരാൻ എന്നെ മമ്മ പറഞ്ഞയച്ചതാ.” അന്ന മോള് പറഞ്ഞു.
“ഗുഡ് മോർണിംഗ് മൈ ഡിയർ അന്നമോൾ. അന്നമോൾ നേരത്തെ എഴുന്നേറ്റോ?” അന്നമോളെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല എന്നെ മമ്മ ഇപ്പോൾ വിളിച്ചതാ. എന്നിട്ട് അങ്കിളിനെ വിളിക്കാൻ പറഞ്ഞു. ”
അന്നമോൾ പറഞ്ഞു. അപ്പോഴേക്കും ചേച്ചി ചായയും പേസ്റ്റും ബ്രാഷും ആയി അവിടെ വന്നു.
“അങ്കിളിനെ വിളിച്ചു ഉണർത്താൻ പറഞ്ഞയച്ചിട്ട്. മോള് അങ്കിളിന്റെ കൂടെ കിടന്ന് ഉറങ്ങുവാ? ” ചേച്ചി ചോദിച്ചു.
“ഇന്ന് സൺഡേ അല്ലേ മമ്മ . ഞാൻ കുറച്ചു സമയം കൂടെ ഉറങ്ങിക്കോട്ടെ. ? ” അന്നമോൾ പറഞ്ഞു.
“അപ്പൊ നമ്മൾക്കു പള്ളിയിൽ പോകണ്ടേ. അങ്കിളിനും അന്നമോൾക്കും വേണ്ടി പ്രാർത്ഥിക്കേണ്ടേ? മെഴുകുതിരി കത്തിക്കേണ്ടേ? മോള് വേഗം പോയി റെഡിയാവ്. ” ചേച്ചി പറഞ്ഞു.
“എന്നിട്ട് എന്നോട് ചോദിച്ചു. ബെഡ് കോഫി കുടിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഇതാ ഇതും കുടിച്ചു വേഗം റെഡിയായിവാ. ” ആനി ചേച്ചി പറഞ്ഞു.
“അയ്യോ! ചേച്ചി ഞാനും വരണോ പള്ളിയിൽ. ഞാൻ അങ്ങനെ ഒന്നും ഇതുവരെ പോയിട്ടില്ല.” ഞാൻ പറഞ്ഞു.
“അച്ചായനും പോകാറില്ല . പക്ഷെ എന്റെ കൂടെ വരും പള്ളിയുടെ പുറത്തു നിൽക്കും. ഉള്ളിൽ വരാൻ ബാലുന് ഇഷ്ട്ടം അല്ലെങ്കിൽ അച്ചായന്റെ കൂടെ പുറത്തു നിന്നാൽ മതി.. ” ചേച്ചി പറഞ്ഞിട്ട് ചായയും തന്നു താഴേക്ക് പോയി.
ഞാൻ വേഗം എഴുനേറ്റ് ചായ കുടിച്ചു. അതിന് ശേഷം ബാത്‌റൂമിൽ കയറി കാര്യങ്ങൾ എല്ലാം കഴിഞ്ഞു താഴേക്ക് വന്നു. അപ്പോഴേക്കും എല്ലാവരും റെഡി ആയി കഴിഞ്ഞിരുന്നു.
ചായ കുടിക്കാൻ ഇരുന്നു. അപ്പവും മുട്ടക്കറിയും ആണ് ചേച്ചി ഉണ്ടാക്കിയത്.
“അച്ചായാ.. വരുമ്പോഴേ ഇത്തിരി പോർക്ക് വാങ്ങാൻ മറക്കല്ലേ.. ” ചേച്ചി പറഞ്ഞു.
“ഇല്ല. വേഗം വാ. വരുന്നവഴി സാറിന്റെ അവിടെ കയറണം. സാറിനെ കണ്ട് ഇവന്റെ ജോലിക്കാര്യം ഉറപ്പിക്കണം. ” അച്ചായൻ പറഞ്ഞു.
എല്ലാവരും ഇറങ്ങി. ഞങ്ങൾ പള്ളിയിൽ എത്തി. ഞങ്ങളെ കണ്ട് പലരും അവിടെ എത്തി സുഖിവിവരം അന്വേഷിച്ചു. എന്നെ കുറിച്ച് ചോദിച്ചവരോടൊക്കെ ചേച്ചി പറഞ്ഞു. “എന്റെ അനിയനാ. പേര് ബാലു “. അങ്ങനെ കുർബാന കഴിഞ്ഞപ്പോൾ അച്ഛൻ നേരിട്ട് എന്നെ പള്ളിക്ക് അകത്തേക്ക് വിളിച്ചു അനുമോദിച്ചു. അന്നമോളെ രക്ഷിച്ചതിന്റെ പേരിൽ.
ജീവിതത്തിൽ ആദ്യമായി കിട്ടുന്ന അനുമോദനം. അതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നി.
ഞങ്ങൾ പള്ളിയിൽ നിന്നും ഇറങ്ങി . നേരെ പോയത് അച്ചായന്റെ മുതലാളി ജേകബ് സാറിന്റെ വീട്ടിൽ ആയിരുന്നു.
അവിടേയും കിട്ടി നല്ല സ്വീകരണം. അതുപോലെ ജോലികര്യവും പറഞ്ഞു ശരിയാക്കി. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ പോർക്കും വാങ്ങി വീട്ടിൽ എത്തി. അന്നമോൾ ബീച്ചിൽ പോകണം എന്ന് പറഞ്ഞെങ്കിലും. വൈകുന്നേരം പോകാം എന്ന് പറഞ്ഞു.
