“നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൊലയാളിയെ രാത്രി പിടികൂടിയിട്ടുണ്ട്. ഇനിയറിയേണ്ടത് കൊലയാളിയും വേദയും തമ്മിലുള്ള ബന്ധമെന്താണ്?”
അലോഷിയുടെ കണ്ണിൽ സംശയത്തിന്റെ കാന്തമുനകൾ .
“ആരാണ് ബെനഡിക്റ്റ്? താൻസെൻ ബെനഡിക്റ്റ്? ടൂറിന്റെ പേര് പറഞ്ഞ് പത്ത് ദിവസം താൻ എവിടെയായിരുന്നു.?”
തുടർന്ന് എനിക്കൊപ്പം നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയും.
എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു.
” വേദ ടെൽ മീ എന്തായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം?”
അലോഷിയുടെ കണ്ണിൽ തീക്ഷ്ണത .
എവിടെ വെച്ചാണ് ഞാൻ താൻസെനെ കണ്ടുമുട്ടിയത്.? പൊക്കാറയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരിക്കാം. ട്രെയിനിൽ ഓടിക്കയറിയ കുറേ ഭിക്ഷക്കാർക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചെറുപ്പക്കാരൻ കരിംനീല ജീൻസും, അയഞ്ഞ കാവി ജുബയും നീട്ടി വളർത്തിയ താടിയും മുടിയും തലയിലെ ഓറഞ്ച് കളർ തുണികൊണ്ടുള്ള കെട്ടും ഒരു പാതി സന്യാസി പരിവേഷം ഉണ്ട്.
ഭിക്ഷക്കാരോട് പറയുന്ന ഭാഷ ഏതെന്ന് മനസിലായില്ല. ടെയിൻ നീങ്ങിയപ്പോൾ അയാളെനിക്കെതിരെ വന്നിരുന്നു. വഴിയോരക്കാഴ്ചകൾ മടുത്തപ്പോൾ ഞാൻ ബേഗിൽ നിന്നും KR മീരയുടെ ആരാച്ചാർ എടുത്തു വായന തുടങ്ങി. ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങിയിരുന്നു. ബുക്ക് കൈയിൽ പിടിച്ചു ഞാൻ കണ്ണടച്ചിരുന്നു.
“ഇതൊന്ന് തരാമോ?”
ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അയാൾ ബുക്കിനായി എനിക്ക് നേരെ കൈ നീട്ടി നിൽക്കുകയാണ്.
ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ, തുടർന്നുള്ള
മൂന്ന് ദിവസത്തെ യാത്രയിൽ താൻസെൻ കൂടെ ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരനും സഞ്ചാരിയുമായിരുന്നു താൻസെൻ. അവന്റെ വീടു പോലും എനിക്കറിയില്ലായിരുന്നു.
എനിക്കറിയാവുന്നതെല്ലാം ഞാൻ അലോഷിയോട് പറഞ്ഞു.
” ഞാൻ പ്രതീക്ഷിച്ച ഉത്തരവും ഇത്തരത്തിലാണ്. സീ മിസ്സ് വേദ, കേരളം തിരയുന്ന നമ്പർ വൺ ക്രിമിനലിന്റെ കൂടെയാണ് മൂന്നു ദിവസം ചിലവഴിച്ചത്.പതിനേഴോളം കൊലപാതകങ്ങൾ ഇതിനോടകം അവൻ ചെയ്തു കഴിഞ്ഞു. നാളെ സാറ്റർഡെ മറ്റന്നാൾ സൺഡെ അത് കഴിഞ്ഞാൽ അവനെ കോടതിയിൽ ഹാജരാക്കാം. അതിനു മുന്നെ TB സാറിനെ കണ്ടു പിടിക്കണം.
“TB യെ തേടി സാർ അലയണ്ട. എയർപോർട്ട് വരെ പോയാൽ മതി. നമ്മൾ തേടുന്ന TBസർ തൗഹബിൻ പരീതാണ്.”
“വേദ ഇതെങ്ങനെ….?”
അലോഷിക്കു സംശയം.
“സർ എന്റെച്ഛന്റെ ചില കേസ് ഫയലുകൾ ഞാനിന്നു പഠിക്കുകയുണ്ടായി. ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് അവയിൽ കണ്ടത്. നമ്മൾ ആത്മാഹത്യയെന്നു കരുതിയ പലതും കൊലപാതകമായിരുന്നു. അതേ പറ്റി വിശദമായി അറിഞ്ഞവർ അച്ഛനെ സമീപിച്ചെങ്കിലും അവരും കൊല ചെയ്യപ്പെട്ടു. അവരും മറ്റുള്ളവർക്ക് മുന്നിൽ ആത്മാഹത്യയും അപകട മരണവുമായി മാറുകയാണുണ്ടായത്.”
“വേദപറഞ്ഞു വരുന്നത്.?”
“TB സർ അല്ല ഒരിക്കലും ഇതിന്റെ ബ്രയിൻ. താൻസെൻ വെറുമൊരു വാടക കൊലയാളി മാത്രം. ഇതിനിടയിൽ നിന്നവർക്കൊന്നും യഥാർത്ഥ ബോസിനെ അറിയില്ല, കണ്ടിട്ടില്ല….. അയാളെ വ്യക്തമായി അറിയുന്നത് TB സാറിനു മാത്രം.TB യെ അറസ്റ്റ് ചെയ്യണം. മുംതാസിനെന്തു പറ്റിയെന്ന് അയാൾ പറയും “
” നീയൊരു ബ്രില്ല്യന്റ് തന്നെ “
അലോഷിയുടെ പ്രശംസ.
“ഇതെല്ലാം അച്ഛൻ കണ്ടെത്തിയതാണ്. ഇവയെല്ലാമറിയുന്നതിനാൽ മാത്രം അച്ഛൻ നേരത്തെ യാത്രയായത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായവരെ കണ്ടു പിടിക്കണം. പിന്നെ അതിലും പ്രധാനം അവരന്വേഷിക്കുന്ന ഫോർമുല ! അതൊരിക്കലും അവരിലെത്തരുത്. അതിനും മുൻപേ നശിപ്പിക്കണം.എനിക്ക് ചെയ്ത് തീർക്കാൻ ജോലികൾ ഒരുപാടുണ്ട്.”
“വേദയെ താൻസൻ ഒരുപാട് മാസങ്ങളായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്തായിരുന്നു ലക്ഷ്യമെന്ന് പറയുന്നില്ല”
” ഉം…. ഇതിൽ നമ്മൾ പ്രതിസ്ഥാനത്ത് നിർത്തിയ പലർക്കും വായ തുറക്കാൻ നിർവ്വാഹമില്ല കാരണം ഭയം മാത്രം.താൻസെനെ എങ്ങനെ പിടികൂടി?”
” ഇന്നലെ ബാങ്കിൽ വെച്ച്. ലോക്കർ തുറക്കാൻ കൊലയാളിയെത്തുമെന്നെനിക്കറിയാമായിരുന്ന്. നിന്റെ ഗോൾഡ് അവിടുന്ന് ഞാൻ ബാങ്കിലെ ഒരു സ്റ്റാഫ് മുഖാന്തിരം മാറ്റി അവനുള്ള വലവിരിച്ചിരിപ്പായി. 2.17 കഴിഞ്ഞപ്പോൾ അവനെത്തി. അവിടെ ഒരിക്കലും അവൻ അപകടം പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ പുറത്ത് കാവലായി കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.”
