“അർജുനുമായി അവൾ….?”
” അർജ്ജുൻ നല്ല പയ്യനായിരുന്നു.അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അർജ്ജുൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്. പക്ഷേ എന്റെ മോൾ ഗർഭിണി അല്ലായിരുന്നു.”
“അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫേയ്ക്കാണെന്നാണോ സോഫിയ അപ്പോ പറഞ്ഞു വരുന്നത് ?”
“അല്ല അത് സത്യം തന്നെ “
ഈ സ്ത്രീയ്ക്കെന്താ വട്ടായോ? പരസ്പര വിരുദ്ധമായി സംസാരിക്കാൻ. അപ്പോഴേക്കും അവരുടെ വീടെത്തിയിരുന്നു. കളമശ്ശേരിയിൽ നിന്നും ഒരു ഒന്നര കിലോമീറ്റർ അകന്ന് ഒന്നരയാൾ പൊക്കത്തിൽ ഉയർത്തി കെട്ടിയ മതിലും കൂറ്റൻ ഗേറ്റും കടന്ന് മുറ്റത്ത് കാർ പാർക്ക് ചെയ്തു. സിറ്റൗട്ടിൽ ഒത്ത വലുപ്പമൊത്ത ഒരു വലിയ പട്ടി. അതെന്നെ നോക്കി മുരണ്ടു –
“ഡൂഡൂ…..ഷി ഈസ് മൈ ഗസ്റ്റ് ഡാ. “
സോഫിയവനെ തലോടിയശേഷം എന്നോടായി
“വരൂ വേദ.”
ഞാൻ വാട്സാപ്പിൽ അലോഷിക്കു ലൊക്കേഷൻ ഷെയർ ചെയ്തു.
“വേദ ഇരിക്കൂ ഞാനിപ്പോൾ വരാം”
സോഫി ഏതോ മുറിക്കകത്ത് കയറി പോയി. ഷോകേസിലെ വെളുത്തു തുടുത്ത ട്രോഫിയുമായി നിൽക്കുന്ന പെൺകുട്ടിയുടെ മുഖം ഓർമ്മയിൽ വന്നു.
സാറാ നൈനാൻ കോശി.ഷോ കേയ്സ് നിറയെ സാറയുടെ ട്രോഫികളും ഷീൽഡുകളും മാത്രം.
നാടറിയേണ്ട അഭിമാനിക്കേണ്ട പെൺകുട്ടിയായിരുന്നു.കുരുന്നിലെ തീർന്നു പോയത് എന്നിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
ഫോണിൽ അലോഷിയുടെ മെസ്സേജ്.
“സൂക്ഷിക്കുക.TB സർ അറസ്റ്റ് ചെയ്യപ്പെട്ടു. നീ പറഞ്ഞ യഥാർത്ഥ ബോസ് ഇപ്പോൾ നിന്നെ ഇല്ലാതാക്കാൻ വരുമെന്നാണ് TB പറയുന്നത്”
മറുപടി അയച്ചില്ല.ആരോ നടന്നു വരുന്ന ശബ്ദം സോഫിയായിരുന്നു.
“കാത്തിരുന്നു മുഷിഞ്ഞോ?”
“ഇല്ല.”
” ക്ഷമിക്കണം ട്ടോ. വരൂ “
അവർ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ഞാൻ ഒന്നറച്ചു നിന്നു പിന്നെ രണ്ടും കൽപിച്ച് നടന്നു.
ട്രാപ്പിലേക്കാണ് എന്ന് മനസ് മന്ത്രിച്ചു. മുകളിലെ അടച്ചിട്ട മുറികളിലൊന്ന് തള്ളിത്തുറന്നു.
അകത്തെ മുറിയിലെ ബെഡിൽ പുറംതിരിഞ്ഞിരുന്ന വ്യക്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
എന്നെ കണ്ടതും ആ മുഖത്ത് പുഞ്ചിരി. പക്ഷേ പ്രേതത്തെ കണ്ടതു പോലെ എന്റെ മുഖം വിളറി….
” മേഡത്തിനെന്നെ മനസിലായില്ലേ?”
എന്റെ മരവിപ്പ് മാറിയിരുന്നില്ല
ഞാൻ ഞെട്ടി.
സാറ!
ഇവൾ!
ഇവളപ്പോൾ?!
“സാറാ!……. നീ?!”
” മനസിലായല്ലോ ഭാഗ്യം.നിയമത്തിനു മുന്നിൽ മരണപ്പെട്ടവൾ. പക്ഷേ ഇനിയെനിക്ക് ആ സർട്ടിഫിക്കറ്റ് തിരുത്തണം. മേഡം ഇരിക്ക്.”
ഞാൻ ഇരുന്നു.
” മമ്മി കുടിക്കാനെന്തെങ്കിലും…..”
സോഫിയയോടായി സാറ പറഞ്ഞു. സോഫിയ താഴെ ഇറങ്ങിപ്പോയി.പോവും മുന്നേ ഡോർ ലോക്ക് ചെയ്യാനവർ മറന്നില്ല. കീ ഹോളിൽ കീ രണ്ടുവട്ടം കറങ്ങുന്നത് ഞാൻ കണ്ടു.
ഞാനവളെ അടിമുടി നോക്കി. ബോയ് കട്ടടിച്ച ചുരുണ്ട മുടി, അയഞ്ഞ ബനിയനും നീളൻസ്ക്കർട്ടും, ഒരു കുഞ്ഞു കല്ലുവെച്ച കമ്മൽ.വലതു കൈയിൽ കെട്ടിയ കറുത്ത ചരടിൽ ഒരു പുലിനഖം കെട്ടിയിരുന്നു. ബെഡോഡ് ചേർത്തിട്ട സ്റ്റഡി ടേബിളിൽ അട്ടിയിട്ട പുസ്തക കൂമ്പാരങ്ങൾ, ഒരു സിസ്റ്റം, പെൻ സ്റ്റാന്റിൽ ഒന്നു രണ്ട് പേനകളും പെൻസിലും. തുറന്നു വെച്ച ഒരു മെഡിസിൻ ബുക്ക്.അതേതാണെന്ന് വ്യക്തമല്ല. ഒരു ജഗ്ഗിൽ കരിങ്ങാലി വെള്ളം. ചെയറിൽ അലസമായിട്ട ഒരു ടർക്കിഷ് ടവ്വൽ, വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ചുരുട്ടിയെറിഞ്ഞ പേപ്പറുകൾ, അവയ്ക്കിടയിൽ വോഡാഫോൺ സിമ്മിന്റെ കവർ, ചുവരിൽ ഓരോ കോർണറിലും പ്ലാസ്റ്റിക് പൂക്കുലകൾ, മനോഹരമായി വിരിച്ചിട്ട ബെഡിൽ വലിയൊരു ടെഡിബിയർ.കൂടാതെ ഒരു വലിയ കബോഡ്.
” മേഡത്തിനെന്നോടൊന്നും ചോദിക്കാനില്ലേ?”
സാറ ബെഡിലേക്കിരുന്നു കൊണ്ടാണ് ചോദിച്ചത്.
ഉണ്ടായിരുന്നു ഒരുപാട്.
“സാറയ്ക്ക് പറയാനുള്ളത് പറയൂ.അത് കഴിഞ്ഞ് ഞാൻ ചോദിക്കാം “
” എവിടെയാണ് തുടങ്ങേണ്ടത് എന്നതാണ് കൺഫ്യൂഷൻ “
കുറച്ചു നേരം അവൾ ചിന്തിച്ചിരുന്നു.
“അർജ്ജുൻ എന്ന അജുവിൽ നിന്നും തുടങ്ങാം. അവനാണല്ലോ എല്ലാത്തിനും തുടക്കം. ഇഷ്ടമുണ്ടായിരുന്നു അത് ചിലപ്പോൾ ആ പ്രായത്തിന്റേതാവാം. പക്ഷേ അവന്റെ മരണത്തിന്റെ ഒരു മൂന്ന് ദിവസം മുന്നേ എനിക്കവന്റെ ബേഗിൽ നിന്നും ഒരു ചെറിയ ബോട്ടിൽ കിട്ടി. എന്താണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്നാണെന്നാണ് പറഞ്ഞത്. തൊട്ടടുത്ത ദിവസം അവനെ കാത്തിരുന്നപ്പോൾ ഒരു അപരിചിതനൊപ്പം അവൻ കാറിൽ വന്നിറങ്ങി. കാറിന്റെ ഞാനപ്പോൾ ഫ്രണ്ട്സ് ന്റെ വീഡിയോ ഫോണിൽ എടുക്കുകയായിരുന്നു. കൂട്ടത്തിൽ അവനും കാറും കൂടി കവർ ചെയ്തു.”
