അജ്ഞാതന്‍റെ കത്ത് – 9

“എപ്പോൾ ?”

” ഇപ്പോ വേദയെ എത്രയും വേഗം സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക.”

ഫോൺ കട്ടായി .തൊട്ടു മുന്നിലൂടെ ഒരു പോലീസ് വാഹനം ചീറിപ്പാഞ്ഞു പോയി.

” മേഡമിപ്പോൾ വീട്ടിൽ പോവുന്നത് ശരിയല്ല. സുരക്ഷിതമായി എവിടെയെങ്കിലും എത്തിക്കാനാണ് പറഞ്ഞത്. “

പ്രശാന്ത് പറഞ്ഞപ്പോൾ സാമുവേൽ സാറിന്റെ മുഖമാണ് ഓർമ്മ വന്നത്.

“പ്രശാന്ത് സാമുവൽ സാറിന്റെ വീട്ടിൽ ആക്കിയാൽ മതി”

ഫോൺ വിളിച്ചു പറയാമെന്നോർത്തെങ്കിലും സ്വന്തം ഫോണിനെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ അതും വേണ്ടെന്നു വെച്ചു.

” മേഡം സ്ഥലമെത്തി “

പ്രശാന്തിന്റെ ശബ്ദത്തിൽ ഞാനുണർന്നപ്പോഴാണ് അത്രയും നേരം ഞാനുറങ്ങിയെന്ന് മനസിലായത്. ഉറങ്ങാൻ പോലും എനിക്ക് സമയമില്ലാതായിരിക്കുന്നു.
പാതി തുറന്ന ഗേറ്റിലൂടെ കാറകത്ത് കടന്നു. മുറ്റത്ത് നിറയെ സിഗരറ്റ് കുറ്റികൾ കണ്ടതോടെ എന്തോ അസ്വാഭാവികത ഫീൽ ചെയ്തു. സാർ വലിക്കാറില്ല.
കാളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തിരികെ ഇറങ്ങാൻ നേരമാണ് വാതിൽക്കലേക്ക് നോക്കിയത്. ചാരിയിട്ട വാതിൽ വിടവിലൂടെ അകത്തുള്ള ആരോ നടക്കുന്ന നിഴലുപോലെ… വാതിൽ തുറക്കാൻ സാറോ വൈഫോ വരികയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു നിന്നു.ആരും തുറക്കുന്നത് കാണാതായപ്പോൾ ചാരിയിട്ട വാതിൽ ഞാൻ തുറന്നു.
അലങ്കോലമായ ഹാളിൽ ആരുമുണ്ടായിരുന്നില്ല. മറിഞ്ഞു കിടക്കുന്ന ടിവിയും ടീ പോയും തറയിൽ വീണു കിടക്കുന്ന ഫ്ലവർ സ്റ്റാന്റും എന്തൊ അപകടം വിളിച്ചോതി.

“സാമുവേൽ സാർ”

എന്റെ വിളിക്ക് മറുപടിയുണ്ടായില്ല.ഞാൻ വീണ്ടും വിളിച്ചു നോക്കി.

“മേരിയാന്റി “

“ഹമ്”

എവിടെയോ ഒരു ഞെരക്കം.

“മേരിയാൻറി നിങ്ങളെവിടെയാ “

എന്റെ ശബ്ദത്തിൽ പ്രതീക്ഷയുണ്ടായിരുന്നു.
വീണ്ടും ഒരു ഞരക്കവും എന്തോ വീണുടയുന്ന ശബ്ദവും. അതവരുടെ ബെഡ്റൂമിൽ നിന്നുമാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. സാറിന്റെ റൂം അകത്തു നിന്നും പൂട്ടിയിട്ടേക്കുവായിരുന്നു.
വാതിലിൽ ഞാൻ തട്ടി നോക്കി. ഒരു ശബ്ദവും ഇപ്പോൾ കേൾക്കാനില്ല.
കാലിനടിയിൽ എന്തോ ഇഴയും പോലെ ഇളം ചൂട് ഞാൻ നോക്കി.മുറിക്കകത്തു നിന്നും ഒലിച്ചിറങ്ങിയത് ചോരയാണെന്ന തിരിച്ചറിവിൽ ഞാൻ ഞെട്ടി.ഉമ്മറ വാതിൽ ലക്ഷ്യം വെച്ച് ഞാൻ ഓടി വന്നപ്പോഴേക്കും അവയാരോ വലിച്ചടച്ചിരുന്നു.
ചതിവു പറ്റി എന്റെ മനസ് മന്ത്രിച്ചു സ്വയം രക്ഷ അതാണ് വേണ്ടത്. ഞാൻ ഒന്നു കുതിക്കാൻ ശ്രമിച്ചു. വാതിൽ വിടവിലൂടെ ഒഴുകിയിറങ്ങിയ കൊഴുത്ത ചോരയിൽ ചവുട്ടി വഴുതി വീണു. വീഴും മുന്നേ ആരോ എന്നെ താങ്ങിയിരുന്നു. അയാളുടെ കൈ എന്റെ മുഖത്തിനു നേരെ നീളുന്നു.കൈയിൽ എന്തോ ഒരു വെളുത്ത വസ്തു ഉണ്ട്. അവയെന്റെ മുഖത്തു സ്പർശിക്കുന്നു.സെറ്റിയിൽ ആരോ ഇരിപ്പുണ്ട്.പ്രശാന്താണോ? അല്ല ! എനിക്ക് കാഴ്ച മങ്ങുന്നു.ശരീരഭാരം കുറഞ്ഞു കുറഞ്ഞു ഞാൻ താഴേക്ക്….

കണ്ണുതുറക്കുമ്പോൾ ഇരുട്ടു നിറഞ്ഞ ഒരു മുറിയിലായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചു സാധിക്കുന്നില്ല. കൈകാലുകൾ അനക്കാൻ പറ്റുന്നുണ്ട് പക്ഷേ എഴുന്നേൽക്കാൻ വയ്യ ശരീരഭാരം തെല്ലുമില്ലാത്തതുപോലെ. തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ….
ഇരുട്ടുമായി ഞാൻ പൊരുത്തപ്പെട്ടു വന്നെങ്കിലും ക്ഷീണം എനിക്കന്തത നൽകി തുടങ്ങിയിരുന്നു.

ഞാനെങ്ങനെ ഇവിടെത്തി?
ചിന്തിക്കാൻ ശ്രമിച്ചു.
മങ്ങിത്തുടങ്ങിയ കാഴ്ചകൾ അവ്യക്തമായി തെളിയുന്നു.സാമുവേൽ സാറിന്റെ വീട്, ചോര, എനിക്കു നേരെ നീണ്ടു വന്ന കൈ,സെറ്റിയിലിരിക്കുന്ന മനുഷ്യൻ പിന്നീടെന്തു സംഭവിച്ചു.?
സാമുവേൽ സർ അപകടപ്പെട്ടു എന്നതിൽ സംശയം തോന്നാഴ്ക ഇല്ല. ഞാൻ പോക്കറ്റിൽ ഫോണിനായി തപ്പി.
ഇല്ല !
രണ്ട് ഫോണുകളും നഷ്ടപ്പെട്ടിരിക്കുന്നു..
ഇതിനകത്ത് നിന്ന് മോചനമില്ല എന്നുറപ്പിച്ചു.
ശബ്ദിക്കാൻ തോന്നിയില്ല.
വേച്ചുപോവുന്ന കാൽവെപ്പുകളുമായി ഞാൻ എഴുന്നേറ്റു. മദ്യപാനിയെ പോലെ ആടി ആടി നടന്നു.
ആരോ നടന്നു വരുന്ന ശബ്ദ്ദം ഞാൻ വേഗം തറയിൽ പഴയതുപോലെ കിടന്നു. ഒരു വാതിൽ തുറക്കുന്ന ശബ്ദം.മുറിയിലേക്ക് വെളിച്ചം അടിച്ചു കയറി. കാലടി ശബ്ദം കൊണ്ട് വന്നത് രണ്ട് പേരാണെന്ന് മനസിലായി. ഞാൻ പതിയെ കണ്ണുകളിലൊന്ന് തുറന്നു. പഴയ ഒരു വീടാണ് അതെന്ന് മനസിലായി.

“എടോ ഉണർന്നില്ലല്ലോ ഉണർത്തീട്ട് കൊണ്ടു പോവാനല്ലെ പറഞ്ഞത്….. “

ഒന്നാമന്റെ ചോദ്യത്തിന് രണ്ടാമന്റെ മറുപടി ഇപ്രകാരമായിരുന്നു..

” നീ കൊടുത്ത ഡോസ് കൂടിക്കാണും. എന്തായാലും ഉണർന്നോട്ടെ. ബോസ് വൈകീട്ടേ എത്തൂ.”

ഇപ്പോൾ സമയമെത്രയായിക്കാണും?
ഞാനിവിടെ എത്തിയിട്ട് എത്ര മണിക്കൂറായിട്ടുണ്ടാവും ഒരു നിശ്ചയവുമില്ല.
വന്നവർ രണ്ടു പേരും ആരോഗ്യ ദൃഡഗാത്രതാരാണ്. ആക്രമിച്ചിട്ട് ഓടി രക്ഷപ്പെടൽ എന്റെ ആരോഗ്യസ്ഥിതി വെച്ച് അസാദ്ധ്യം.
സിഗരറ്റിന്റെ രൂക്ഷഗന്ധം മുക്കിലേക്ക് തുളഞ്ഞു കയറി.അലോഷിയുടെ മുഖമാണ് ഓർമ്മ വന്നത് .അലോഷിയും സിഗരറ്റ് വലിക്കുമല്ലോ രണ്ടു പേരിൽ ഒരാളുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു. അത് അവിനാഷായിരുന്നു. അച്ഛന്റെ ജീവനെടുത്തവൻ ഒരു കുതിപ്പിനവനെ തീർക്കണമെന്നുണ്ടായെങ്കിലും എന്റെ ആരോഗ്യസ്ഥിതിയോർത്തു ഞാൻ അനങ്ങിയില്ല.

” ഇനി ആവശ്യം വരുമെങ്കിൽ കുറച്ചേ സ്റ്റോക്കുള്ളൂ.”

അവിനാഷിന്റെ സ്വരവും തുടർന്ന് ചെറിയ ഒരു ബോട്ടിൽ എടുത്തുയർത്തി.

” മതിയാകും. അളവ് കൂടിയാൽ ആള് തട്ടിപ്പോകുമോ?”

“ഇല്ല. തട്ടിപ്പോയതുപോലെ മാസങ്ങളോളം കിടക്കും.”
അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തു.

“ബോസാ”

കൂടെ ഉള്ളവനോട് അവിനാഷ് പറയുന്നത് കേട്ടു.തുടർന്ന് കോൾ അറ്റന്റ് ചെയ്തു..

“ഹലോ…”
…….
” ഇല്ല സർ ”
……..
“എത്തിക്കാം”
…….
” ഉണർന്നാൽ കൊടുത്താൽ പോരെ?”
…….

” ശരി സർ”

ഫോൺ കട്ടായി .

“ഇവളെ കട്ടപ്പനയിൽ എത്തിക്കാൻ പറഞ്ഞു. മയക്കി കൊണ്ടുപോവാനാണ് നിർദേശം “

അവിനാഷിനു മറുപടിയെന്നോണം കൂടെയുള്ളവന്റെ സംശയം.

“രണ്ട് ദിവസമായി ഇവളൊന്നും കഴിക്കാതെ അതിന്റെ പുറത്ത് ഇനിയും മയക്കിയാൽ ആൾ വടിയാവില്ലെ? ഇപ്പോ തന്നെ നമ്മൾക്ക് പറ്റിയ കൈപ്പിഴയിലാ ഇത്രയും നേരം മയങ്ങിയത് അറിയാലോ നിനക്ക്?”

” എനിക്കും സംശയമില്ലാതില്ല.ബോധം വീണാൽ ഒരു ഡോസ് കൊടുക്കാം. എടുത്ത് വണ്ടിയിൽ കയറ്റാം “
അവർ രണ്ടു പേരും എനിക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
രണ്ടു ദിവസമായി ഞാൻ പട്ടിണിയെങ്കിൽ ഇവരുടെ കൈവശം ഞാനെത്തിയിട്ട് രണ്ട് ദിവസം. അലോഷിയിതുവരെ എന്നെ അന്വേഷിച്ച് തുടങ്ങിയില്ലെ?
രണ്ടു പേരും ചേർന്ന് എന്നെ പൊക്കിയെടുക്കുന്നു. എതിർക്കാൻ ശക്തിയില്ലായിരുന്നു. ഞാൻ മയക്കം നടിച്ച് കിടന്നു. വാതിലുകൾ തുറന്നടയുന്ന ശബ്ദം. എവിടെയോ ചെന്നിടിച്ചു ദേഹം .ഒരു ചെറിയ കണ്ടയ്നറിനകത്താണ് ഞാനിപ്പോൾ ഉള്ളത്.
കണ്ടെയ്നർ ചെറുതായി ഇളകുന്നുണ്ട്. ചെറിയ ശബ്ദവും കേൾക്കാം. ഒരു ഇറക്കമാണെന്നു തോന്നുന്നു അടുത്തേക്ക് ഉരുണ്ടു വന്നു മുഖത്തു തട്ടിയ ഒന്നു രണ്ട് മിനറൽ വാട്ടർ ബോട്ടിലുകൾ ഞാൻ കൈയെത്തി തടഞ്ഞു.
പൊട്ടിക്കാത്ത മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ഞാൻ കുറച്ചു വെള്ളം കുടിച്ചു. തെല്ലൊരാശ്വാസം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *