അജ്ഞാതന്‍റെ കത്ത് – 9 2

ഞാനെങ്ങനെ ഇവിടെത്തി?
ചിന്തിക്കാൻ ശ്രമിച്ചു.
മങ്ങിത്തുടങ്ങിയ കാഴ്ചകൾ അവ്യക്തമായി തെളിയുന്നു.സാമുവേൽ സാറിന്റെ വീട്, ചോര, എനിക്കു നേരെ നീണ്ടു വന്ന കൈ,സെറ്റിയിലിരിക്കുന്ന മനുഷ്യൻ പിന്നീടെന്തു സംഭവിച്ചു.?
സാമുവേൽ സർ അപകടപ്പെട്ടു എന്നതിൽ സംശയം തോന്നാഴ്ക ഇല്ല. ഞാൻ പോക്കറ്റിൽ ഫോണിനായി തപ്പി.
ഇല്ല !
രണ്ട് ഫോണുകളും നഷ്ടപ്പെട്ടിരിക്കുന്നു..
ഇതിനകത്ത് നിന്ന് മോചനമില്ല എന്നുറപ്പിച്ചു.
ശബ്ദിക്കാൻ തോന്നിയില്ല.
വേച്ചുപോവുന്ന കാൽവെപ്പുകളുമായി ഞാൻ എഴുന്നേറ്റു. മദ്യപാനിയെ പോലെ ആടി ആടി നടന്നു.
ആരോ നടന്നു വരുന്ന ശബ്ദ്ദം ഞാൻ വേഗം തറയിൽ പഴയതുപോലെ കിടന്നു. ഒരു വാതിൽ തുറക്കുന്ന ശബ്ദം.മുറിയിലേക്ക് വെളിച്ചം അടിച്ചു കയറി. കാലടി ശബ്ദം കൊണ്ട് വന്നത് രണ്ട് പേരാണെന്ന് മനസിലായി. ഞാൻ പതിയെ കണ്ണുകളിലൊന്ന് തുറന്നു. പഴയ ഒരു വീടാണ് അതെന്ന് മനസിലായി.

“എടോ ഉണർന്നില്ലല്ലോ ഉണർത്തീട്ട് കൊണ്ടു പോവാനല്ലെ പറഞ്ഞത്….. “

ഒന്നാമന്റെ ചോദ്യത്തിന് രണ്ടാമന്റെ മറുപടി ഇപ്രകാരമായിരുന്നു..

” നീ കൊടുത്ത ഡോസ് കൂടിക്കാണും. എന്തായാലും ഉണർന്നോട്ടെ. ബോസ് വൈകീട്ടേ എത്തൂ.”

ഇപ്പോൾ സമയമെത്രയായിക്കാണും?
ഞാനിവിടെ എത്തിയിട്ട് എത്ര മണിക്കൂറായിട്ടുണ്ടാവും ഒരു നിശ്ചയവുമില്ല.
വന്നവർ രണ്ടു പേരും ആരോഗ്യ ദൃഡഗാത്രതാരാണ്. ആക്രമിച്ചിട്ട് ഓടി രക്ഷപ്പെടൽ എന്റെ ആരോഗ്യസ്ഥിതി വെച്ച് അസാദ്ധ്യം.
സിഗരറ്റിന്റെ രൂക്ഷഗന്ധം മുക്കിലേക്ക് തുളഞ്ഞു കയറി.അലോഷിയുടെ മുഖമാണ് ഓർമ്മ വന്നത് .അലോഷിയും സിഗരറ്റ് വലിക്കുമല്ലോ രണ്ടു പേരിൽ ഒരാളുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു. അത് അവിനാഷായിരുന്നു. അച്ഛന്റെ ജീവനെടുത്തവൻ ഒരു കുതിപ്പിനവനെ തീർക്കണമെന്നുണ്ടായെങ്കിലും എന്റെ ആരോഗ്യസ്ഥിതിയോർത്തു ഞാൻ അനങ്ങിയില്ല.

” ഇനി ആവശ്യം വരുമെങ്കിൽ കുറച്ചേ സ്റ്റോക്കുള്ളൂ.”

അവിനാഷിന്റെ സ്വരവും തുടർന്ന് ചെറിയ ഒരു ബോട്ടിൽ എടുത്തുയർത്തി.

” മതിയാകും. അളവ് കൂടിയാൽ ആള് തട്ടിപ്പോകുമോ?”

“ഇല്ല. തട്ടിപ്പോയതുപോലെ മാസങ്ങളോളം കിടക്കും.”
അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തു.

“ബോസാ”

കൂടെ ഉള്ളവനോട് അവിനാഷ് പറയുന്നത് കേട്ടു.തുടർന്ന് കോൾ അറ്റന്റ് ചെയ്തു..

“ഹലോ…”
…….
” ഇല്ല സർ ”
……..
“എത്തിക്കാം”
…….
” ഉണർന്നാൽ കൊടുത്താൽ പോരെ?”
…….

” ശരി സർ”

ഫോൺ കട്ടായി .

“ഇവളെ കട്ടപ്പനയിൽ എത്തിക്കാൻ പറഞ്ഞു. മയക്കി കൊണ്ടുപോവാനാണ് നിർദേശം “

അവിനാഷിനു മറുപടിയെന്നോണം കൂടെയുള്ളവന്റെ സംശയം.

“രണ്ട് ദിവസമായി ഇവളൊന്നും കഴിക്കാതെ അതിന്റെ പുറത്ത് ഇനിയും മയക്കിയാൽ ആൾ വടിയാവില്ലെ? ഇപ്പോ തന്നെ നമ്മൾക്ക് പറ്റിയ കൈപ്പിഴയിലാ ഇത്രയും നേരം മയങ്ങിയത് അറിയാലോ നിനക്ക്?”

” എനിക്കും സംശയമില്ലാതില്ല.ബോധം വീണാൽ ഒരു ഡോസ് കൊടുക്കാം. എടുത്ത് വണ്ടിയിൽ കയറ്റാം “
അവർ രണ്ടു പേരും എനിക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
രണ്ടു ദിവസമായി ഞാൻ പട്ടിണിയെങ്കിൽ ഇവരുടെ കൈവശം ഞാനെത്തിയിട്ട് രണ്ട് ദിവസം. അലോഷിയിതുവരെ എന്നെ അന്വേഷിച്ച് തുടങ്ങിയില്ലെ?
രണ്ടു പേരും ചേർന്ന് എന്നെ പൊക്കിയെടുക്കുന്നു. എതിർക്കാൻ ശക്തിയില്ലായിരുന്നു. ഞാൻ മയക്കം നടിച്ച് കിടന്നു. വാതിലുകൾ തുറന്നടയുന്ന ശബ്ദം. എവിടെയോ ചെന്നിടിച്ചു ദേഹം .ഒരു ചെറിയ കണ്ടയ്നറിനകത്താണ് ഞാനിപ്പോൾ ഉള്ളത്.
കണ്ടെയ്നർ ചെറുതായി ഇളകുന്നുണ്ട്. ചെറിയ ശബ്ദവും കേൾക്കാം. ഒരു ഇറക്കമാണെന്നു തോന്നുന്നു അടുത്തേക്ക് ഉരുണ്ടു വന്നു മുഖത്തു തട്ടിയ ഒന്നു രണ്ട് മിനറൽ വാട്ടർ ബോട്ടിലുകൾ ഞാൻ കൈയെത്തി തടഞ്ഞു.
പൊട്ടിക്കാത്ത മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ഞാൻ കുറച്ചു വെള്ളം കുടിച്ചു. തെല്ലൊരാശ്വാസം തോന്നി.

എത്ര ദൂരം യാത്ര ചെയ്തെന്നറിയില്ല വണ്ടി അതിവേഗത്തിൽ പോയ്ക്കോണ്ടിരിക്കുകയാണ്. വെളിച്ചം മങ്ങി മങ്ങി വരുന്നുണ്ട്. വൈകുന്നേരം ആയതിന്റെ മങ്ങലാണോ. മനസിലാവുന്നില്ല.
വണ്ടി നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഒരു പട്ടിയുടെ കുരയും കൂടി കൂടി വന്നു.
തുടർന്ന് അവർ പുറത്തിറങ്ങി നടന്നു പോകുന്ന ശബ്ദം കേട്ടു .പക്ഷേ പിന്നിലെ വാതിൽ തുറക്കാൻ ആരും വന്നില്ല.പുറത്തു കടക്കാൻ പഴുതു നോക്കുമ്പോഴാണ് ആരോ ഡോർ തുറന്നത്. തൊട്ടു മുന്നിൽ അവിനാഷും കൂടെയുള്ളവനും. രക്ഷപ്പെടാൻ പറ്റുമോയെന്നറിയണം എങ്കിലേ ആക്രമിച്ചിട്ട് കാര്യമുള്ളൂ. ഞാൻ കൂടുതൽ ക്ഷീണമഭിനയിച്ചു .അവിനാഷ് കൂടെയുള്ളവനെ കണ്ണുകൾ കൊണ്ടാഗ്യം കാണിച്ചു.
അയാൾ എന്നെ ചുമലിലേക്കിട്ടു നടന്നു.രണ്ടാൾ പൊക്കത്തിൽ കെട്ടിയുയർത്തിയ കൂറ്റൻ മതിൽക്കെട്ടിനകത്തെ ഇരുനില മാളികയിലേക്കാണ് കൊണ്ടുപോവുന്നത്.പട്ടി നിർത്താതെ കുരയ്ക്കുന്നുണ്ട്.
ഗേറ്റിനരികെ അകത്തായി ഒരു മെലിഞ്ഞ സെക്യൂരിറ്റി ഇരുന്നു ശ്രദ്ധിക്കുന്നു. രക്ഷപ്പെടൽ റിസ്ക്കാണ്. മരിക്കും മുന്നേ അവിനാഷിനെ കൊല്ലണം.
കോളിംഗ് ബെല്ലടിക്കുന്നു ഒരു തടിമാടൻ വന്നു വാതിൽ തുറന്നു എന്നെ സെറ്റിയിലിരുത്തി…..

Leave a Reply

Your email address will not be published. Required fields are marked *