“സാറായ്ക്കറിയാമോ കാറിലുണ്ടായിരുന്നത് ആരാണെന്ന്?”
“കാറിൽ ആരാണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്ന് നൽകുന്ന ആളാണെന്ന് പറഞ്ഞു. അവൻ യാത്ര പറയാനായി ഗ്ലാസ് താഴ്ത്തിയപ്പോൾ ആളെയും ഞാൻ കണ്ടു. അത് തോമസ് ഐസക്കായിരുന്നു. അവരെ ഇടയ്ക്ക് ടിവിയിൽ ഒരഭിമുഖം കണ്ട പരിചയം ഉണ്ടായിരുന്നു.”
സിസ്റ്റത്തിൽ നിന്നും ഒരു ബീപ് ശബ്ദം. അവൾ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തി. സൈഡ് സ്ക്രീനിൽ വീടിന്റെ മുൻവശം കണ്ടു.അവൾ മേശപ്പുറത്തു നിന്നും ഫോണെടുത്ത് ആരെയോ വിളിച്ചു.
” മമ്മീ ഗേറ്റിനു പുറത്ത് ഒരു കാറുണ്ട് ഒന്ന് നോക്കൂ “
ഫോൺ മേശപ്പുറത്ത് വെച്ചവൾ നിർത്തി എഴുന്നേറ്റ് വീണ്ടും ബെഡിൽ വന്നിരുന്നു.എന്റെ കണ്ണുകളപ്പോഴും സിസ്റ്റത്തിൽ തന്നെയായിരുന്നു. സാറ തുടർന്നും പറഞ്ഞു തുടങ്ങി
“അജുവിന്റെ നിർബന്ധത്തിന് വഴങ്ങി അവൻ മരിക്കുന്നതിന്റെ തലേ ദിവസം ഈ മെഡിസിൻ എന്റെ ശരീരത്തിലും ഇൻജക്ട് ചെയ്തു. എനിക്കന്ന് ഷട്ടിൽ ബാറ്റ്മിന്റൽ ഉണ്ടായിരുന്നു.അതിനടുത്ത ദിവസമാണ് അജു മരണപ്പെട്ടത്. മയക്കുമരുന്നിന്റെ അമിതമായി ഉപയോഗിക്കുന്നതിന്റെ തെളിവ് അവന്റെ ശരീരത്തിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയപ്പോൾ എനിക്കുറപ്പായിരുന്നു അജു ഉത്തേജകമെന്ന പേരിൽ കുത്തിവെച്ചത് മയക്കുമരുന്നാണെന്ന്. ഞാനുടനെ എന്റെ ഡാഡിയോട് കാര്യം പറഞ്ഞതിന് ശേഷം ബ്ലഡ് ടെസ്റ്റ് ചെയ്തു. എന്റെ ശരീരത്തിലും അതിന്റെ അംശങ്ങൾ കണ്ടതോടെ പ്രതികളെ പിടികൂടണമെന്ന് ഡാഡി ഉറപ്പിച്ചു.
അന്ന് സ്ക്കൂൾ ഗേറ്റിനരികിൽ നിർത്തിയിട്ട കാറിന്റെ നമ്പർ ഞാൻ മൊബൈൽ ഫോട്ടോയിൽ നിന്നും എടുത്ത് കൊടുത്തതിന്റെ തൊട്ടടുത്ത ദിവസം ഡാഡിയെ കാണാതായി. അന്നു വൈകീട്ട് ആ കാർ ഞങ്ങളുടെ വീട്ടിലെത്തി അതിൽ നിന്നും ഇറങ്ങിയത് ഇന്നലെ രാത്രി ഹോസ്പിറ്റൽ വെച്ച് മരണപ്പെട്ട തോമസ് ഐസകായിരുന്നു. മമ്മി ഹോസ്പിറ്റലിലും അന്ന വയലിൻ ക്ലാസിലും പോയിരിക്കുന്ന സമയം അവരെന്നെ ബോധം കെടുത്തി കാറിൽ കൊണ്ടുപോയി. “
ഡോർ തുറന്ന് സോഫിയ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി കടന്നു വന്നു. ഞാനവയിൽ നിന്നൊരെണ്ണമെടുത്ത് കൈയിൽ വെച്ചു. സോഫി ചെയർ നീക്കിയിട്ട് സാറയ്ക്കഭിമുഖമായിരുന്നു പറഞ്ഞു.
“ഡാഡി വന്നു “
” ആ കാർ? “
“ACP രേണുകാ മേഡത്തിന്റെയാ “
സാറ തുടർന്നു.
“ബോധം വരുമ്പോൾ ഞാൻ ഒരു ഇരുട്ടുമുറിയിലെ തറയിലായിരുന്നു. അസഹനീയമായ തണുപ്പും. കൈകാലുകൾ അനക്കാൻ വയ്യായിരുന്നു.
ഞാനല്ലാതെ ആ മുറിയിൽ ആരോ ഉണ്ടെന്നു ബോധ്യമായി അത് ഡാഡിയായിരുന്നു. എന്നെ പോലെ ഡാഡിയുടേയും കൈകാലുകൾ കെട്ടിയിട്ടിരുന്നു. ബോധം മറഞ്ഞിരിക്കുന്ന ഡാഡിക്കരികിലേക്ക് തറയിൽ വീണു കിടക്കുന്ന കരിയിലകൾക്കു മീതേക്കൂടി ഞാനിഴഞ്ഞു ചെന്നു.തണുപ്പ് കൂടി കൂടി വന്നു. പതിയെ കാഴ്ച്ചയിലേക്ക് വന്നു. മേലെ തുറന്ന് കിടക്കുന്ന ഒരു ജയിൽ മതിലു പോലെ തോന്നിയ പഴയ വീട്. നേരം പുലർന്നപ്പോഴേക്കും പപ്പ ഉണർന്നു. എന്റെ തലയിൽ കുത്തിയ സ്റ്റീൽ ക്ലിപ്പിന്റെ സഹായത്തോടെ ഞങ്ങൾ പരസ്പരം തിരിഞ്ഞിരുന്നു കൈയിലെ കെട്ടുകളഴിച്ചു.കാലിൽ കൂടി ചോരയൊലിക്കുന്നത് കണ്ടാണ് നോക്കിയത് തറയിൽ പലയിടത്തും അട്ടകൾ . അറച്ചിട്ട് ഉറക്കെ ശബ്ദിക്കാൻ കഴിയാതെ ഞാനിരുന്നപ്പോൾ ഡാഡിയുടെ കണ്ണിനു താഴെ ഒരട്ട തടിച്ചു വീർത്തു തൂങ്ങിക്കിടക്കുന്നത് കണ്ടത്. പറിച്ചെറിയാൻ തുനിഞ്ഞപ്പോൾ ഡാഡി വിലക്കി.
‘അത് സ്വയം വീണു പോവു’
മെന്ന്.
ദേഹത്ത് പലയിടത്തു നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു അട്ടകൾ കാരണം. രക്തം വാർന്ന് മരിക്കാൻ ഇത് തന്നെ ധാരാളം എന്നുറപ്പായിരുന്നു. ഡാഡിക്ക് നേരെ നിൽക്കാൻ പോലും വയ്യായിരുന്നു. സൂര്യരശ്മികൾ ചെറുതായി കടന്നു വരുന്ന ആ മുറിയുടെ വാതിൽ ഞങ്ങൾ കുറേ നേരത്തെ പരിശ്രമം കൊണ്ടു തുറന്നു.
കാട്ടിനു നടുവിലുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടിനകത്തായിരുന്നു ആ മുറി. അതിന്റെ പുറത്ത് ചത്തു കിടക്കുന്ന ഒരു കാട്ടുപോത്തിന്റെ മുക്കാലും ഏതോ ജീവികൾ തിന്നു തീർത്തിരുന്നു. മാംസം കത്തുന്ന ഗന്ധം മൂക്കിലടിച്ചപ്പോൾ ഞാൻ ചുറ്റുപാടുകൾ നോക്കി തെല്ല് മാറി മുട്ടോളമെത്തുന്ന ഷൂ ധരിച്ച് ഒരാൾ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അയാൾക്കു മുമ്പിൽ കത്തിയമരുന്ന ഒരു മനുഷ്യ ശരീരം…..”
