“സർ, ഏതായിരുന്നു ആ സ്ഥലം?”
“സേലം…. എന്റെ സാറയുടെ ഭാഗ്യമാകാം ശിവ ശെൽവം ആ ഹോസ്പിറ്റലിൽ തന്നെയുണ്ടായിരുന്നത്. കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അവന്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ സാറ മരണപ്പെട്ടു എന്ന ഒരു വാർത്ത പരത്തിയത്.”
“സർ അങ്ങനെയൊരു വാർത്തയുണ്ടാക്കാൻ കാരണമെന്താണ്?”
നൈനാൻ സാറയുടെ അടുത്ത് വന്നിരുന്നു.
“എന്റെ മകളെ അവർ കൊല്ലുമെന്ന് എനിക്കുറപ്പായിരുന്നു. മോളെ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അവിടെ സാറയെ തിരക്കി ആളുകൾ വരാൻ സാധ്യതയുണ്ടെന്നും അത് അവളുടെ ജീവന് അപകടമാണെന്നും പറഞ്ഞു. അവൾ മരണപ്പെട്ടെന്ന വാർത്തയിൽ ശത്രുക്കളെ വഴി തിരിച്ച് വിടാമെന്നും. മാത്രമല്ല രണ്ട് പേരെ കൊന്ന കൊലപാതക കുറ്റം വേറെയും .”
സിസ്റ്റത്തിൽ വീണ്ടും ബീപ് സൗണ്ട്. സാറ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തുന്നു.
സ്ക്രീനിൽ ഒരു കറുത്ത കാർ, അലോഷിയുടേത് തന്നെ. ഞാൻ ഒന്നും മനസിലാവാത്ത പോലെ ഇരുന്നു.
” എന്നിട്ട് സർ ബാക്കി പറയൂ.”
സിസ്റ്റത്തിലെ സ്ക്രീനിൽ നിന്നും അദ്ദേഹം കണ്ണെടുക്കാതെ തുടർന്നു.
” ഡോക്ടർ തന്നെ സാറയുടെ മരണം സ്ഥിതീകരിച്ച് എഴുതിത്തന്നു. ആരുമറിയാതെ ഒരു അജ്ഞാത മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചു. പക്ഷേ അപമാനം അവിടെയായിരുന്നു. ആ പെൺകുട്ടി ഗർഭിണിയായിരുന്നു. മരണപ്പെട്ടത് സാറ അല്ലാ എന്നത് ഞാൻ സോഫിയയോടു പോലും മറച്ചുവെക്കാൻ നിർബന്ധിതയായി. സാറ ആരുമറിയാതെ ശിവ ശെൽവത്തിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ടു.
സാറയെ ഞാൻ കാണുന്നത് പിന്നീട് ഏഴ് ദിവസം കഴിഞ്ഞാണ് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞ് ഞാൻ ബോധ്യപ്പെടുത്തി. പക്ഷേ അവൾക്ക് മമ്മിയെ കാണണമെന്ന് വാശി കൂടി കൂടി വന്നു. ഒടുവിൽ എനിക്ക് സോഫിയയോടും അന്നയോടും കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു.
ഒടുവിൽ രഹസ്യമായി ഞങ്ങൾ ഇവിടെ സാറയെ എത്തിച്ചു. “
” തോമസിന്റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടായില്ലെ?”
” ഉം…. സാറയുടെ സംസ്ക്കാരത്തിന് വന്നിരുന്നു അദ്ദേഹം.അന്നെന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞത് അന്നയുടെ മരണത്തെ വിളിച്ചു വരുത്തരുതെന്നാണ്. പിന്നീട് എനിക്ക് ഭയമായി. സോഫിയ ജോലി രാജിവെച്ചത് തന്നെ ഭയന്നിട്ടാ”
” ഇപ്പോഴിതെല്ലാം തുറന്നു പറഞ്ഞതിനു പിന്നിലുള്ള ലക്ഷ്യമെന്താണ് സാർ.”
“തോമസ് ഐസക് കൊല്ലപ്പെട്ടു. എനിക്കെന്റെ മകളെ സമൂഹത്തിനു മുന്നിൽ എത്തിക്കണം. മരണപ്പെട്ടവളായല്ല ജീവിച്ചിരിക്കുന്നവളായി.വേദയ്ക്കതിനു കഴിയും”
“ഡാഡി Acp യുടെ കാർ …..”
സ്ക്രീനിൽ ACP യുടെ കാർ ഗേറ്റിനു ഫ്രണ്ടിൽ തന്നെയുണ്ട് തുടർന്ന് സോഫിയ പോയി ഗേറ്റു തുറക്കുന്നതും കാറകത്ത് കടന്നതും കണ്ടു.
സാറ നൈനാൻ കോശിയുടെ മുഖത്ത് നോക്കി.നൈനാൻ മുറിയിൽ നിന്നിറങ്ങി മുറി പുറത്തു നിന്നും ലോക്ക് ചെയ്തിറങ്ങിപ്പോയി.
എന്റെ ഫോൺ ശബ്ദിച്ചു
അരവിയായിരുന്നു.
” വേദ Acp രേണുകാ മേനോൻ നിന്നെ അന്വേഷിച്ച് വന്നിരുന്നു.”.
“എന്തിന്?”
“കുര്യച്ചനും മരണപ്പെട്ടു.
തോമസ് ഐസക്കിനെ കൊല ചെയ്തത് നീയാണെന്ന് കുര്യച്ചന്റെ മരണ മൊഴി. “
“ങ്ങേ….?! ഞാനോ? “
” നിന്റെ കൂടെ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ആൻസി എന്ന യുവതി അര മണിക്കൂർ മുന്നേ അറസ്റ്റ് ചെയ്യപ്പെട്ടു. മാറി നിൽക്കുന്നതാണ് സേഫ്. നീയിപ്പോ എവിടെയാ? “
ആരോ സ്റ്റെപ്പുകൾ കയറി വരുന്ന ശബ്ദം ഞാൻ സാറയെ നോക്കി തിരിച്ചറിയാനാവാത്ത ഒരു ഭാവം മാത്രം.
ചതിക്കപ്പെടുകയാണെന്ന തിരിച്ചറിവു തന്നെയാവാം ഫോൺ സ്വിച്ചോഫാക്കാൻ എന്നെ പ്രേരിപ്പിച്ചത്.കാലടി ശബ്ദം വാതിലിനടുത്തെത്തി. കീ രണ്ടുവട്ടം തിരിഞ്ഞു.
ആക്രമിക്കാൻ തയ്യാറായി ഞാൻ നിന്നു.
വാതിൽക്കലോളമെത്തിയ കാലടി ശബ്ദം നിന്നു. ഹാൻഡിൽ തിരിയുന്നു…… നെഞ്ചിടിപ്പു കൂടി സാറയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. രണ്ട് മിനിട്ടിനു ശേഷം കാലടി ശബ്ദം അകന്നുപോയി. എങ്കിലും ഞങ്ങൾ പരസ്പരം ശബ്ദിച്ചില്ല. കുറച്ചു നേരം കഴിഞ്ഞതിനു ശേഷം രേണുകയുടെ കാർ ഗേറ്റു കടന്നു പോയി. ശേഷം ഞാൻ എഴുന്നേറ്റു.
