അനുപല്ലവി – 4

എന്നിട്ട് അമ്മയെന്തു പറഞ്ഞു..

ഹോ ഞാൻ എന്ത് പറയാൻ….. നിന്റെ രണ്ടു കല്യാണം കഴിഞ്ഞതാ… രണ്ടും ഡിവോഴ്സ് ആയി.. ഇനി അടുത്തതിനെ നോക്കുന്നെന്നു… എന്താ പോരെ…

ഒരു മയത്തിലൊക്കെ പോരായിരുന്നോ.. ഇത് കുറച്ചു കൂടി പോയില്ലേ..

കൂടിയോ…സാരമില്ല.. എന്റെ തലക് ഒരു കൊട്ടും തന്നു അമ്മ ചായ ഗ്ലാസ്‌ എടുത്തു ഉള്ളിലേക്കു പോയി…

ഞാൻ മൊബൈൽ എടുത്തു അജുവിന്റെ നമ്പറിലേക് ഡയല് ചെയ്തു… മറു സൈഡിൽ നിന്നും ബിസി ടോൺ കേട്ടു..

അമ്മേ ഞാൻ പറഞ്ഞില്ലേ.. അവൻ ബിസി ആണ്‌…

പറഞ്ഞു തീരുന്നേനു മുന്നേ അവൻറെ കാൾ എന്റെ ഫോണിലേക്കു വന്നു…

എന്താണ് ഉണ്ണിയേട്ടാ ഫുൾ ടൈം ബിസി ആണല്ലോ….
ഡാ.. ഡാ.. ഞാൻ അങ്ങോട്ടു ചോദിക്കുന്നെന് മുന്നേ നീ എന്നോട് ചോദിക്കുന്നോ.. ഞാൻ എത്ര നേരായി വിളിക്കുന്നു നിന്റെ ഫോൺ ബിസി ആരുന്നല്ലോ…

അത് ഒരു ഫ്രണ്ടിന്റെ അർജന്റ് കാൾ ആയിരുന്നു..

ഓഹ് ഒരു അർജന്റ് വല്ല നിധിയും കിട്ടുന്ന കാൾ ആണൊ..

ഹാ “നിധി”… കിട്ടും.. അവൻ ചിരിയോടെ പറയുന്ന കേട്ടു..

അപ്പോളേക്കും ഫോൺ അമ്മ വാങ്ങിയിരുന്നു…

ഇവിടെ ഒരു അമ്മയും ചേട്ടനും ജീവിച്ചിരിക്കുന്ന കാര്യം വല്ലോം മോനറിയാവോ…

ആ പത്രത്തിൽ കണ്ടാരുന്നു… അവൻ ഇളിച്ചോണ്ട് പറയുന്നത് മൊബൈലിന്റെ ലൗഡ് സ്‌പീക്കറിൽ കൂടെ കേട്ടു…

നീ എല്ലാ ദിവസോം പത്രം നോക്കുന്നുണ്ടാവും ചരമ കോളത്തിൽ ഞങ്ങടെ വർത്തയുണ്ടോന്ന് അല്ലേ…

അതെ താത്രി കുട്ടീ വേണ്ടാത്തത് പറയണ്ടാട്ടോ… ഞാൻ ഈ ആഴ്ച വരും അങ്ങോട്ട്‌…

അവൻ പിന്നെയും എന്തൊക്കെയോ കോളേജ് വിശേഷങ്ങൾ പറഞ്ഞു….അമ്മ ഇവിടുത്തെ വിശേഷങ്ങളും എന്റെ കാലു മുറിഞ്ഞതും ജോയിൻ ചെയ്യാൻ പോയതും എല്ലാം… പറഞ്ഞു.. ഏകദേശം അര മണിക്കൂറോളം കഴിഞ്ഞാണ് ഫോൺ വെച്ചത്…

ഉണ്ണീ നമ്മൾ വന്നിട്ടിത് വരെ പറശ്ശിനി കടവ് പോയില്ലല്ലോ ഒന്ന് പോയിട്ടു വന്നാലോ..

ഞാൻ റെഡി അമ്മ റെഡി ആയിക്കോ…

സന്ധ്യ ആയിരുന്നു അമ്പലത്തിലേക് എത്താൻ വണ്ടി പാർക് ചെയ്തു.. പുറത്തേക്കിറങ്ങി അമ്പലത്തിനു പുറത്തുള്ള ചന്തകൾക്കു നടുവിലൂടെ ഉള്ളിലേക്കു നടന്നു…പണ്ട് അച്ഛന്റെ കൂടെ വരുമ്പോൾ ഓരോ കളിപ്പാട്ടങ്ങൾ വാങ്ങി തന്നിരുന്നതോർത്തു മുന്നോട്ടു നടന്നു..

ഉണ്ണീ ഇവിടിരുത്തിയിട്ടോ നിനക്ക് ആദ്യായി ചോറ് തന്നത്. അമ്പലത്തിന്റെ ശ്രീകോവിലിനു പുറത്തു കെട്ടിയിരുന്ന ചുറ്റും അഴികളിട്ട ചെറിയ ഇടം ചൂണ്ടി അമ്മ പറഞ്ഞു…

അച്ഛന്റെ മടിയിൽ ഒറ്റ മുണ്ട് മാത്രം ഉടുത്തു താൻ ഇരുന്നിട്ടുണ്ടാവണം… അച്ഛനെ ഓർമ വന്നു.. അവിടേക്കു നടന്നു അഴികളിൽ പിടിച്ചു ഉള്ളിലേക്കു നോക്കി.. ഒരു കുട്ടിക്ക് ചോറ് കൊടുക്കുന്നുണ്ടായിരുന്നു…
അവൻ അവൻറെ അച്ഛന്റെ മടിയിൽ ഇരുന്നു നിഷ്കളങ്കമായി ചിരിക്കുന്നു… ചുണ്ടിൽ പറ്റിയ പായസം ഞൊട്ടി നുണയുന്നുണ്ട്…

അതിന്റെ വലതു ഭാഗത്തായി വഴിപാട് കൌണ്ടർ ഉണ്ട്‌… പേരും നാളും ഒന്നും പറയേണ്ട…മനസ്സിൽ ആഗ്രഹിച്ച വഴിപാട് അവിടെ കഴിപ്പിചാൽ മതി..

കണ്ണൂർ കാർക് എന്തിനും ഏതിനും മുത്തപ്പൻ ആണ്‌… ഉള്ളറിഞ്ഞു വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം എന്നു അമ്മ എപ്പോളും പറയും…അമ്മ അവിടേക്കു കയറി എന്തൊക്കെയോ നേർച്ചകൾ കഴിക്കുന്ന കണ്ടു… അവിടെ തന്നെയാണ് പ്രസാദവും… വരുന്നവർക്കെല്ലാം ചായയും പയറു പുഴുങ്ങിയതും തേങ്ങ പൂളും കിട്ടും… അതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. ജാതി മത വർഗ ഭേദമന്യേ ആയിരങ്ങളാണ് ആ സന്നിധിയിലേക് എത്തുന്നത്.. എത്തുന്നവർക്കെല്ലാം പ്രസാദം വിതരണം ചെയ്യും.. അത് കിട്ടാതെ ആരും മടങ്ങി പോകേണ്ടി വരാറില്ല..

നേരേ അമ്പലത്തിനു മുന്നിലൂടെ ഒഴുകുന്ന പറശ്ശിനി പുഴയിലേക്കു നടന്നു.. ചെരുപ്പു അഴിച്ചു വെച്ചു പടികൾ ഇറങ്ങി ചെന്നു… കാലും മുഖവും കഴുകി..

അമ്പലത്തിനുള്ളിലേക് നടന്നു..

സന്ധ്യ ആയിരുന്നതിനാൽ അമ്പലത്തിനു ചുറ്റും ദീപങ്ങൾ തെളിഞ്ഞു… ദീപ പ്രഭയിൽ അവിടം വിളങ്ങി… നട തുറന്നപ്പോൾ മുത്തപ്പനെ കണ്ടു വണങ്ങി… മുടി വെച്ചിറങ്ങിയ തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നിൽ കൈ കൂപ്പി നിന്നപ്പോളും മനസ്സിൽ വന്നതു പല്ലവിയുടെ മുഖം ആണ്‌… അവളെ വേറെ ആർക്കും കൊടുക്കാതെ തന്റെ സ്വന്തം ആകണേ എന്നു മാത്രം ആയിരുന്നു പ്രാർത്ഥന… അവിടെ നിൽകുമ്പോൾ മനസ്സിനുള്ളിൽ വല്ലാത്തൊരു ശാന്തത വന്നു നിറയുന്നതറിഞ്ഞു…

അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ.. പിന്നിൽ നിന്നും ഡോക്ടർ മോനെ എന്നൊരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..

ആ ഉമ്മാ എന്താ ഇവിടെ…

അമ്മ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു… അമ്മേ ഇതു റസിയ യുടെ ഉമ്മയാണ്…ആ കുട്ടി പ്രെഗ്നന്റ് ആണ്‌ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു…

അമ്മക്ക് മനസ്സിലായി എന്നെ കാണാൻ വന്ന പേഷ്യന്റിന്റെ ഉമ്മ ആണെന്ന്..

ഉമ്മയെന്താ ഇവിടെ..
മോനെ ഒരു നേർച്ച ഉണ്ടെനു.. ഒരു പയിൻകുറ്റി വെള്ളാട്ടം… ഓള് ഈയിടക്ക് വേദന കൊണ്ട് കരഞ്ഞപ്പോൾ നേർന്നത..

മുത്തപ്പന് ജാതിയും മതവും ഒന്നുമില്ലല്ലോ.. ഇവിടെ എല്ലാ മതസ്ഥരും വന്നു പ്രാര്ഥിക്കാറുണ്ട്… ഞാൻ അതാണ് ഓർത്തത്‌…

ഞാൻ അമ്മയെ ആ ഉമ്മാക് പരിചയ പെടുത്തി കൊടുത്തു…

അമ്മ ഭാഗ്യം ചെയ്തതാ കേട്ടോ.. ഇത് പോലെയൊരു മോനെ കിട്ടാൻ… എന്നെ ഉമ്മ ചേർത്തു നിർത്തിയാണ് അമ്മയോട് പറഞ്ഞത്.. പറഞ്ഞു കഴിഞ്ഞപ്പോൾ അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.. അവരുടെ മകനെ ഓർത്തിട്ടാവണം.. അമ്മയും അവരുടെ കണ്ണ് നിറയുന്നത് കണ്ടു… ഒന്നും പറയാതെ അവരുടെ കൈകൾ ചേർത്തു പിടിച്ചു.. അവരുടെ ഏതോ വിഷമത്തിനെ ആശ്വസിപ്പിക്കുന്ന പോലെ…അല്ലെങ്കിലും ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക് പെട്ടെന്ന് മനസ്സിലാവും…

ഞാൻ പോട്ടെ മോനെ… ഇരുട്ടാക്കുന്നേനു മുന്നേ വീട്ടിൽ എത്തണം..

ഞാൻ കൊണ്ടാക്കണോ ഉമ്മ..

വേണ്ട മോനെ.. ഈടെ അടുത്താ നടക്കാൻ ഉള്ള ദൂരെ ഉള്ളു..

റസിയ യോട് ബ്രീത്തിങ് എക്സെർസൈസ് ചെയ്യാൻ ഓര്മിപ്പിക്കണം കേട്ടോ ഉമ്മ..

പറയാം.. മോനെ… അതും പറഞ്ഞു ആ ഉമ്മ മുൻപോട്ടു നടന്നു…

ആ ഉമ്മ ഉള്ളിലേക്കു പോകുന്നതും നോക്കി ഞങ്ങൾ വണ്ടിയുടെ അടുത്തേക് നടന്നു…

തിരിച്ചു വരുമ്പോളാണ് വണ്ടിയിൽ ഇരുന്നു.. ആ ഉമ്മയുടെയും മരിച്ചു പോയ ആ ഉമ്മയുടെ മകന്റെയും റസിയ യുടെ വയറ്റിൽ വളരുന്ന ആ ഉമ്മയുടെ മകന്റെ കുഞ്ഞിന്റെയും കാര്യം അമ്മയോട് പറഞ്ഞത്..

അത് കേട്ടതും…അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു… പിന്നീട് വീട് എത്തുന്നത് വരെ ഒന്നും സംസാരിച്ചില്ല..

അമ്മ എന്തോ ഓർത്തിരിക്കുന്നതു പോലെ തോന്നി… പണ്ട് അച്ഛന്റെ കൂടെ സഞ്ചരിച്ച വഴികളിലൂടെ ഉള്ള യാത്ര… അമ്മയുടെ ഓർമകൾക്ക് നനവ് ഏറിയിരിക്കണം…

അമ്മയ്ക്ക്.. മുത്തശ്ശിയെ കാണണ്ടേ അമ്മേ… രാത്രി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ആണ്‌ ചോദിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *