ഒരു നേരം ഭക്ഷണം കഴിച്ചില്ല എന്നു വെച്ചു ആരും ചാവുക ഒന്നുമില്ല… എന്റെ തീരുമാനം മാറ്റാം എന്നും ആരും വിചാരിക്കണ്ട ഭീഷണിയുടെ സ്വരത്തിൽ ആണ് അയാൾ പറഞ്ഞത്…
പടി കയറാൻ ഒരുങ്ങിയ പല്ലവി തിരിച്ചു അച്ഛനടുത്തേക് വന്നു… അച്ഛനു എന്റെ ശവം പുഴുങ്ങി തിന്നാൽ മതിയാവുമെങ്കിൽ അത് ചെയ്… അച്ഛന് ഞാനിപ്പോ ദത്തനെ കല്യാണം കഴിച്ചാൽ പോരെ… എനിക്ക് സമ്മതം ആണ്… പകരം ഒറ്റ വാക്ക് മാത്രം എനിക്ക് വേണം.. എന്റെ നിധിക്കെങ്കിലും അവൾക് ആഗ്രഹമുള്ള ജീവിതം കിട്ടണം…
വിശ്വനാഥന്റെ മുഖത്തു ഒരു വിജയ ചിരി നിറഞ്ഞു… നിന്റെ കാര്യം കഴിഞ്ഞിട്ടല്ലേ നിധിയുടെ കാര്യം… അവൾക്കും ഞാൻ നല്ലൊരു ആലോചന കൊണ്ട് വരും…
പല്ലവി മറുപടി ഒന്നും പറയാതെ പടികൾ കയറി മുകളിലേക്കു പോയി…
പല്ലവിയുടെ കല്യാണത്തിന് ഇനി ദിവസങ്ങളെ ഉള്ളു.. എല്ലായിടത്തും വിളി തുടങ്ങണം… കിടക്കാൻ നേരത്താണ് ഭാര്യയോടായി വിശ്വനാഥൻ പറഞ്ഞത്….
അവൾക്കിഷ്ടം അല്ലാതെ എന്തിനാ ആ കല്യാണം നടത്തുന്നത്… പല്ലവിയുടെ അമ്മ ലക്ഷ്മി മടിച്ചു മടിച്ചാണ് ചോദിച്ചത്…
ഹ ഹ.. നീയുദ്ദേശിക്കുന്ന പോലെ തന്നെ സ്വത്തിനു വേണ്ടി തന്നെയാ…
അതിനു നമ്മൾ പല്ലവിക്കല്ലേ സ്വത്തു കൊടുകേണ്ടത്…
അത് നിന്റെ ചേട്ടൻ അല്ലെങ്കിൽ എന്റെ അളിയന്റെ ചിന്ത.. നിന്നെ ആരാന്റെ വിഴുപ്പോടെ കെട്ടിയപ്പോളും മേലേടത്തെ സ്വത്തു തന്നെയായിരുന്നു എന്റെ ഉള്ളിൽ.. എന്നിട്ടു കിട്ടിയതോ നക്കാപ്പിച്ച പോലെ രണ്ടു ഏക്കർ.. മേലേടത്തെ കുടുംബ സ്വത്തിന്റെ ഓഹരി അത്രേ ഉള്ളു എന്നു… ബാക്കി മുഴുവൻ പ്രതാപൻ…നിന്റെ ആങ്ങള അധ്വാനിച്ചു ഉണ്ടാക്കിയത് ആണെന്ന്… എന്തായാലും ദത്തൻ മോൻ മിടുക്കനാ.. സ്വത്തു മുഴുവൻ പ്രതാപന്റെ കയ്യീന്ന് അവൻ എഴുതി വാങ്ങി…ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ അവൻ അത് മുഴുവൻ നിന്റെ മകളുടെ പേരിൽ എഴുതി വെക്കും… നോക്കിക്കോ… ഇല്ലെങ്കിൽ വെപ്പിക്കും ഈ വിശ്വനാഥൻ… അയാളുടെ മിഴികളിലെ അപകട കരമായ തിളക്കം ലക്ഷ്മി കണ്ടു
അതിനു അവൾക് നിങ്ങളെ പോലെ സ്വത്തിനു ആർത്തി ഇല്ലല്ലോ… പേടിച്ചാണെങ്കിലും യശോദ പറഞ്ഞു..
ഹ ഹ… എനിക്ക് സ്വത്തിനു ആർത്തി തന്നെയാ… അവൾക് ആ സ്വത്തു കിട്ടിയാൽ അതെനിക് എഴുതി തരും… അതിനുള്ള വഴിയും എന്റെ കയ്യിൽ ഉണ്ട്…
യശോദ ഭീതിയോടെ അയാളെ നോക്കി.
പടികൾ കയറി മുകളിലേക്കു പോയ പല്ലവി..അവളുടെ ബാഗിലുണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു.. പിന്നെ കിടക്കയിലേക് ചെന്നു കമിഴ്ന്നു കിടന്നു..
അപ്പോളാണ് ഓർത്തത് നിധിയെ വിളിച്ചില്ല എന്നു.. അവൾ മൊബൈൽ എടുത്തു നിധിയുടെ നമ്പർ ഡയല് ചെയ്തു…
നിധി മോളെ.. നിനക്ക് സുഖമാണോ…
അതെ ചേച്ചി.. എന്താ ചേച്ചീടെ ശബ്ദം വല്ലതിരിക്കുന്നെ..
ഒന്നുമില്ല മോളെ
എന്താ ഇന്നും അച്ഛൻ വഴക്കുണ്ടാക്കിയോ..
രാവിലെ മുതൽ നടന്ന കാര്യങ്ങൾ അവൾ നിധിയോടു പറഞ്ഞു.. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ തേങ്ങൽ കേട്ടത് മറു സൈഡിൽ നിന്നാണ്…
മോളെ.. നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.. പക്ഷെ ആരോടേലും പറഞ്ഞില്ലേൽ.. ഞാൻ ഹൃദയം പൊട്ടി ചാവും അതാ…
ചേച്ചിക്ക് വിശക്കുന്നില്ലേ ചേച്ചി… നിധി ചോദിച്ചു.
അത് സാരമില്ല മോളെ അച്ഛൻ പറഞ്ഞ പോലെ ഒരു ദിവസം കഴിചില്ലെന്നു വെച്ചു ആരും ചാവില്ലല്ലോ…
ഞാൻ നാളെ വരട്ടെ ചേച്ചി അങ്ങോട്ട്
വേണ്ട മോളെ.. മോളു വന്നു ആ ദത്തന്റെ മുൻപിൽ ഒന്നും പെടേണ്ട…
അയാളെ പേടിച്ചു നമുക്ക് ജീവിക്കാൻ പറ്റുമോ ചേച്ചി…
എന്നെ തോല്പിക്കാൻ അയാൾ നിന്നെയെ ഉപദ്രവിക്കാൻ ശ്രമിക്കു മോളെ..
നീ മംഗലാപുരത്തു ആയതു ആണ് എന്റെ ആകെയുള്ള സമാധാനം..
പടികൾ കയറി ആരോ വരുന്ന ശബ്ദം കേട്ടു..
മോളെ അമ്മയോ മുത്തശ്ശിയോ ആരോ വരുന്നുണ്ട്… ഞാൻ നാളെ വിളിക്കാം…
മോളിതു കഴിക്കു.. അരി വറുത്തു തേങ്ങയും ശർക്കരയും ചേർത്തു കുഴച്ചെടുത്ത ഉണ്ട പല്ലവിക് നേരേ നീട്ടി മുത്തശ്ശി പറഞ്ഞു…
വേണ്ട മുത്തശ്ശി… ഇന്നെനിക് വയറു നിറഞ്ഞു… ഇനി ഒന്നും ഉള്ളിലേക്കു പോവില്ല.. എന്തോ ഓർത്തെന്നവണ്ണം ഉള്ളിൽ വന്ന ഗദ്ഗദം അവൾ കീഴ്ചുണ്ട് കടിച്ചൊതുക്കി…
