ഞാൻ ഇന്നിവിടെ കിടക്കാം മോളെ…
വേണ്ട മുത്തശ്ശി.. മുത്തശ്ശി താഴെ പോയി കിടന്നോളു… മുത്തശീടെ കൊച്ചു മോളു അവിവേകം ഒന്നും കാണിക്കില്ല… അതിനു പേടിക്കണ്ട.. എനിക്ക് ഒറ്റക് കിടക്കണം മുത്തശി…
എന്നാൽ എന്റെ കുട്ടി കിടന്നോളു… ബെഡിൽ കിടന്ന അവളുടെ അരികിൽ മുത്തശ്ശി ഇരുന്നു.. അവളുടെ തല എടുത്തു മടിയിലേക്കു വെച്ചു മുടിയിഴകളിൽ മെല്ലെ തലോടി കൊണ്ടിരുന്നു…
മുത്തശീ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…
എന്താ എന്റെ കുട്ടിക്ക് അറിയേണ്ടത്….
എന്റെ അച്ഛൻ വിശ്വനാഥൻ തന്നെയാണോ?? അറച്ചു അറച്ചു ആണ് അവൾ അത് ചോദിച്ചത്
എന്താ മോളെ ഈ ചോദിക്കണത്…
എനിക്കൊരിക്കലും തോന്നിയിട്ടില്ല.. മുത്തശീ…അതു പറയുമ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഒരിക്കൽ പോലും എന്നോട് സ്നേഹായിട്ടു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല ആ അച്ഛൻ എന്നു പറയുന്ന മനുഷ്യൻ …
പക്ഷെ നിധിയെ എടുക്കുന്നതും കളിപ്പിക്കുന്നതും.. അവളുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു കൊടുക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്…
അവളുടെ ഇഷ്ടങ്ങളും സന്തോഷവും ഒക്കെ ആയിരുന്നു എന്റെ സന്തോഷവും… അത് കൊണ്ട് തന്നെ എനിക്കതിൽ പരിഭവവും ഇല്ലായിരുന്നു.. എങ്കിലും പലപ്പോളും അമ്മയോടെങ്കിലും ചോദിക്കണം എന്നു തോന്നീട്ടുണ്ട് ഈ ചോദ്യം… പക്ഷെ ഇത് വരെ അമ്മയോട് പോലും ചോദിച്ചിട്ടില്ല…
പക്ഷെ ഇപ്പൊ… ചോദിക്കാതെ ഇരിക്കാൻ ആവുന്നില്ല മുത്തശീ…
എന്നെങ്കിലും ഒരിക്കൽ മോളിതു ചോദിക്കും എന്നെനിക് അറിയരുന്നു…
എന്നായാലും നീ അറിയണം… ഞാൻ പറയാം..
മടിയിൽ കിടന്ന പല്ലവിയുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ജാനകി മുത്തശ്ശി.. ഓർമകളിലേക്ക് ഊളിയിട്ടു…
മുത്തശ്ശി പറയാൻ പോകുന്ന കഥയ്ക്ക് കാതോർത്തു.. പല്ലവി ആ മടിയിൽ കിടന്നു…
നിന്റെ മാധവൻ മുത്തശ്ശന് എന്റെ ചേച്ചിയിൽ ഉണ്ടായ മകനാണ് വിശ്വനാഥൻ..
വിശ്വന്റെ ചെറുപ്പത്തിലേ അവൻറെ അമ്മ മരിച്ചു…
പിന്നെ കുഞ്ഞിനെ വളർത്താൻ പുറത്തുന്നു ഒരു സ്ത്രീ വരണ്ട എന്നു അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാൻ ആ മനുഷ്യന്റെ മുന്നിൽ തല കുനിക്കേണ്ടി വന്നതു… അന്നത്തെ കാലം അല്ലേ.. എന്റെ സ്വപ്നങ്ങൾക്കോ ആഗ്രഹങ്ങൾക്കോ വില ഉണ്ടായിരുന്നില്ല കാർന്നോന്മാർ പറയുന്നത് അനുസരിക്കുക മാത്രം…
പിന്നീട് ഈ ജാനകി മുത്തശ്ശിയിൽ വിശ്വ നാഥന് ഒരു അനുജനും അനിയത്തിയും ഉണ്ടായി… എന്റെ ദേവനാരായണനും… സാവിത്രിയും… വിശ്വന് ചെറുപ്പത്തിലേ രണ്ടു പേരെയും ഇഷ്ടം അല്ലായിരുന്നു..
പക്ഷെ എന്റെ ദേവന് വിശ്വൻ എന്നു വെച്ചാൽ ജീവനായിരുന്നു.. അതിലേറെ സാവിത്രിയും…
വിശ്വന് ചെറുപ്പം തൊട്ടേ പണം എന്ന ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളു.. അതിനു വേണ്ടി എന്ത് നെറികേടും അവൻ ചെയ്യും എന്നു പലപ്പോളും തോന്നിയിട്ടുണ്ട്… പക്ഷെ ദേവൻ അങ്ങനെ അല്ലായിരുന്നു.. അവൻ എന്നും നാട്ടുകാരുടെ കൂടെ ആയിരുന്നു… ഈ നാട്ടിൽ അന്ന് ഏതാവശ്യത്തിനും നാട്ടുകാരുടെ കൂടെ ഇറങ്ങിയിരുന്ന രണ്ടു പേരായിരുന്നു ദേവനും അവൻറെ കൂട്ടുകാരൻ കൃഷ്ണനും…
“കൃഷ്ണൻ “പല്ലവി സംശയത്തോടെ ചോദിച്ചു…
ഹ്മ്മ് നിന്റെ വല്യച്ഛൻ.. ന്റെ സാവിത്രിയുടെ… മുത്തശ്ശി പൂർത്തി ആകാൻ ആവാതെ ഒന്ന് വിതുമ്പി..
കൃഷ്ണൻ ഇവിടെ പല പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട് ദേവന്റെ കൂടെ.. പക്ഷെ നിന്റെ മുത്തശ്ശനും വിശ്വനും കൃഷ്ണനെയും ഇഷ്ടം അല്ലായിരുന്നു… കൃഷ്ണന് സാവിത്രിയെ ഇഷ്ടം ആണെന്ന് ആദ്യം പറഞ്ഞതും ദേവനോട് ആയിരുന്നു… വിശ്വൻ ശക്തിയായി എതിർത്തു.. പക്ഷെ ദേവൻ അവരുടെ കൂടെ നിന്നു ആ വിവാഹം നടത്തി കൊടുത്തു… ഇവിടെ തന്നെ വീടെടുത്തു ഇവിടെ തന്നെ അവർ ജീവിച്ചതും ദേവന്റെ ബലത്തിൽ ആയിരുന്നു… ദേവനും കൃഷ്ണനും തമ്മിലുള്ള ബന്ധം അത്ര ശക്തം ആയിരുന്നു…ആ സമയത്തു ഇടതു പക്ഷ പ്രസ്ഥാനങ്ങളോട് രണ്ടു പേരും അടുത്തു.. പിന്നെ ഈ നാട്ടുകാർക്കു അവർ സഖാവ് ദേവനും…സഖാവ് കൃഷ്ണനും ആയിരുന്നു.. ദേവന് കൊടുത്ത സ്വത്തു അവനു ഇവിടെ ഒരു സ്കൂൾ വരാൻ വേണ്ടി ദാനമായി നൽകി… അതോടെ.. വിശ്വന് ദേവനെ കണ്ണിൽ കണ്ടു കൂടാതെ ആയി…അവനെ വീട്ടിൽ നിന്നും ഇറക്കി വിടുക പോലും ചെയ്തു… എന്നിട്ടും ദേവന് വിശ്വനോട് ഒരു പകയും ഉണ്ടായിരുന്നില്ല..
