: ലെച്ചു… ഒരു സന്തോഷവും ഇല്ലെടി, എവിടെ തിരിഞ്ഞാലും ആ പെണ്ണാണ്. എത്ര ഒഴിഞ്ഞുമാറി നടക്കാൻ ശ്രമിച്ചാലും ഒടുക്കം അവളുടെ മുന്നിൽ തന്നെ പോയി വീഴുന്നു. അവൾക്കാണെങ്കിൽ എന്നെ കുരങ്ങുകളിപ്പിക്കുന്നത് എന്തോ പ്രത്യേക സുഖമാണ്
: ശ്രീ… നീ ടെൻഷൻ ആവല്ലേ. അങ്ങനെ ഒരു പെണ്ണിന്റെ മുന്നിൽ ചുമ്മാ തോറ്റുകൊടുക്കാനൊന്നും എന്റെ അനിയൻ എന്തായാലും പോണ്ട. അവൾ എന്തെങ്കിലും ചെയ്യട്ടെ. നീ കണ്ടില്ലെന്ന് നടിച്ചാൽ മതി. നിന്റെ സന്തോഷങ്ങൾ കണ്ടെത്തി അതിന്റെ പുറകെ പോകാൻ പഠിക്ക്. അല്ലാതെ ഒരു പെണ്ണിന്റെ കോപ്രായങ്ങൾ കണ്ട് നീയെന്തിനാടാ വിഷമിക്കുന്നേ. ഒരു ശത്രുവായിട്ട് പോലും അവളെ മനസ്സിൽ സൂക്ഷിക്കാതിരുന്നാൽ മതി. അങ്ങനെയായാൽ പിന്നെ പ്രശനമില്ലല്ലോ.
: ലെച്ചു ഞാൻ പറഞ്ഞില്ലേ.. എത്രയൊക്കെ അവോയ്ഡ് ചെയ്യാൻ നോക്കിയാലും അവൾ പിന്തുടർന്ന് എന്നെ തകർക്കുകയാണ്. എത്ര സന്തോഷത്തോടെ പോയിരുന്നതാ ഞാൻ കോളേജിൽ, ഇപ്പൊ എനിക്ക് ഒരു മൂടും ഇല്ലാതായി.
: അങ്ങനൊന്നും ഇല്ല. ഇനി ഒട്ടും പറ്റുന്നില്ലെങ്കിൽ ആദർശം ഒക്കെ വെടിഞ്ഞ് പഴയ പോക്കിരികുട്ടനായി നോക്ക്… പക്ഷെ എനിക്ക് തോന്നുന്നത് നിന്റെ ഇതേ അവസ്ഥയായിരിക്കും ഇപ്പൊ അവൾക്കും. അവളുടെ മനസ്സിൽ മുഴുവൻ ഇപ്പൊ നീയായിരിക്കും.
: ആയിരിക്കും പക്ഷെ അത് എന്നെ എങ്ങനെ അവളുടെ പാവയാക്കാം എന്നായിരിക്കും ചിന്തിക്കുന്നത്. ഇതിലും നല്ലത് ഏതെങ്കിലും കൊച്ചമ്മമാരുടെ അടിമയാവുന്നതാ. അതാവുമ്പോ ശാരീരിക പീഡനം സഹിച്ചാൽ മതിയല്ലോ.. ഇവൾ എന്തോ ഒരു തരം സൈക്കോ പീഡനമാണ് എന്നോട് ചെയ്യുന്നേ…ഏതെങ്കിലും ആണായിരുന്നെങ്കിൽ പണ്ടേ അവന്റെ കൈ ഞാൻ തല്ലിയൊടിച്ചിട്ടുണ്ടാവും. ഇത് ഒന്നും ചെയ്യാനും പറ്റുന്നില്ല… വല്ലാത്തൊരു അവസ്ഥയായിപ്പോയി
: ശ്രീ അറ്റകൈക്ക് അവളെ കേറി പ്രേമിച്ചാലോ…
: എന്റെ ലച്ചൂ…. ഞാൻ എന്ത് പറഞ്ഞാലും കൌണ്ടർ അടിക്കുന്ന അവളോടാണോ പോയി
ഇഷ്ടമാണെന്ന് പറയേണ്ടത്. കണക്കായിപ്പോയി, പക്ഷെ അവൾ മൈക്ക് വച്ച് എന്നെ നാണംകെടുത്തും. മാത്രമല്ല ഇഷ്ടമൊക്കെ മനസ്സിൽ നിന്നും വരേണ്ടതല്ലേ
: മനസ്സിൽ നിന്നാ വരേണ്ടത്…. നീ ഇപ്പൊ അവളോടുള്ള ശത്രുതയൊക്കെ മാറ്റിവച്ച് തുഷാരയെ ഒരു പെണ്ണായി കണ്ടുനോക്കിയേ..
: അവൾ സുന്ദരിയാണ്, ഇഷ്ടംപോലെ പിള്ളേര് പുറകെ നടന്നിട്ടും ആരോടും ഒന്ന് ചിരിക്കുകപോലും ചെയ്തിട്ടില്ല, അറിവും ഉണ്ട്, കാര്യങ്ങൾ നടത്താനുള്ള ചുറുചുറുക്കും ഉണ്ട്, എടീന്ന് വിളിച്ചാൽ പോടാന്ന് പറയാനുള്ള തന്റേടവും ഉണ്ട്. പക്ഷെ…
: ഇത്രയൊക്കെ നീ അവളെ മനസിലാക്കിയിട്ടുണ്ടെങ്കിൽ നിന്റെ ഉള്ളിലും എവിടെയോ തുഷാരയോടുള്ള പ്രണയമുണ്ട്…ഒരുനാൾ അത് പുറത്തുവരും..
: ഒലക്ക… എടി ഇതൊക്കെ അവളുടെ നാടകം ആണ്. ഈ കാശുള്ള വീട്ടിലെ പിള്ളേർക്കൊക്കെ ഓരോ വൃത്തികെട്ട ഹോബി കാണില്ലേ, അതുപോലെ എന്തോ ആണ്… മതി ഇനിയും പറഞ്ഞാൽ ചിലപ്പോ എനിക്ക് പ്രാന്താവും. കിടക്കാം വന്നേ ….
……….
കണ്ണടച്ചു കിടന്നാൽ തുഷാരയെന്ന വടയെക്ഷിയുടെ രൂപമാണ് മനസ്സിൽ. ഒരു ആത്മാവ് നമുക്ക് ചുറ്റും കറങ്ങിനടന്നാൽ എങ്ങനുണ്ടാവും, അതേ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. ഒരു സന്തോഷവും ഇല്ല, കോളേജിൽ പോവാനുള്ള മൂടോക്കെ പോയി. ഇടയ്ക്കിടെ ലീവാക്കി വീട്ടിൽ തന്നെ ഇരുന്നു. അമ്മയുടെ മടിയിൽ തലവച്ച് എത്രനേരം കിടന്നെന്ന് അറിയില്ല. ഇന്ദ്ര ചന്ദ്രനെ ഭയപ്പെടാതെ നടന്ന ചെക്കനാ, ഇപ്പൊ ഒരു പെണ്ണുകാരണം എല്ലാം ചോർന്നുതുടങ്ങി. പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു.
ആകെ ഒരു ഉന്മേഷമില്ലാത്ത അവസ്ഥ. കോളേജിൽ പോക്കൊക്കെ താളംതെറ്റി. ഗ്രൗണ്ടിൽ വല്ലപ്പോഴും പോയാൽ ആയി. കിച്ചാപ്പി എന്നും വീട്ടിൽ വരും അവനോട് മനസുതുറക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്. അവസാനം കിച്ചാപ്പി എന്നെയും കൂട്ടി ഓരോ കാര്യങ്ങളിൽ മുഴുകിത്തുടങ്ങിയതിൽ പിന്നെ മനസിന് എന്തോ വലിയ ആശ്വാസം കിട്ടിയപോലുണ്ട്. അതിനിടയിൽ കൂട്ടുകാരെല്ലാം ചേർന്ന് നല്ലൊരു യാത്രപോയി വന്നപ്പോഴേക്കും മനസൊക്കെ ഒന്ന് ഫ്രഷായി. സ്ഥിരമായി കോളേജിൽ പോകാൻ തുടങ്ങിയെങ്കിലും അടങ്ങി ഒതുങ്ങി പഠിപ്പിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ബുജിയായി ഞാൻ മാറിത്തുടങ്ങിയെന്ന സത്യം ഞാൻ പതുക്കെ തിരിച്ചറിഞ്ഞു. കോളേജിൽ ഉണ്ടായിരുന്ന കൂട്ടുകെട്ടൊക്കെ താളംതെറ്റി. ആരോടും അധികം കൂട്ടുകൂടാതെ ഒതുങ്ങി ജീവിക്കുന്ന എന്റെ നല്ല കൂട്ടുകാരിയായി പ്രിൻസി ടീച്ചർ മാത്രമാണ് ഇപ്പോൾ ഉള്ളത്. തുഷാര പലതവണ എന്നെ കാണാൻ ശ്രമിച്ചെങ്കിലും അവൾക്ക് മുഖംകൊടുക്കാതെ, അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ ജീവിക്കാൻ ഞാൻ പഠിച്ചു.
